ആദരച്ചടങ്ങ് സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കുള്ള സമർപ്പണമായി

To advertise here,

കാഞ്ഞങ്ങാട് : 'ഈ സ്കൂളിലെ കുട്ടികളെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം വലിയ വിഷമമാണുണ്ടാകുന്നത്. അജാനൂർ ഗ്രാമപ്പഞ്ചായത്തംഗമായിരുന്നത് മുതൽ ഇവിടത്തെ കുട്ടികളുമായി ബന്ധമുണ്ട്. നിഷ്കളങ്കമായ ആ കുഞ്ഞുമനസ്സുകളെ കാണുമ്പോൾ അവരുടെ രക്ഷിതാക്കളെ ഓർക്കും' -വാക്കുകളിടറുന്നുണ്ടായിരുന്നു ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ.യ്ക്ക്. ഇങ്ങനെയൊരു സ്കൂൾ ഉണ്ടാക്കാൻ ഈശ്വരൻ തോന്നിച്ചതാണെന്ന് ഡോ. എം.ആർ.നമ്പ്യാർ. റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റിന്റെ ദേശീയ പുരസ്കാരം നേടിയ അസ്ഥിരോഗവിദഗ്ധൻ ഡോ. എം.ആർ.നമ്പ്യാർക്കുള്ള ആദരച്ചടങ്ങ് ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കുള്ള സമർപ്പണമായി മാറി. ഈ സ്കൂളിലായിരുന്നു ചടങ്ങ്. അരനൂറ്റാണ്ടിലേക്കെത്തുന്ന ഡോക്ടർ സേവനത്തെയും റോട്ടറി സേവനത്തെയും മുൻ നിർത്തിയാണ് കാഞ്ഞങ്ങാട് റോട്ടറി മുൻകൈയെടുത്തുള്ള നാടിന്റെ ആദരം.

മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്കൂൾ. കാഞ്ഞങ്ങാട് റോട്ടറിയാണ് ഇത്തരമൊരു സ്കൂൾ സ്ഥാപിച്ചത്. റോട്ടറിയുടെ ആദ്യകാല പ്രവർത്തകനും ജില്ലയിലെ ആദ്യ അസ്ഥിരോഗ വിദഗ്ധനുമായ എം.ആർ.നമ്പ്യാർ മുൻകൈയെടുത്താണ് സ്പെഷ്യൽ സ്കൂൾ സ്ഥാപിച്ചത്.

‘അന്ന് ജില്ലയുടെ പലഭാഗത്തുനിന്നും ശാരീരിക വൈകല്യമുള്ള കുട്ടികൾ ചികിത്സ തേടിയെത്താറുണ്ട്. അവരിൽ പലർക്കും മാനസിക വൈകല്യമുള്ളതായി മനസ്സിലായി. എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളും എറെയുണ്ടായിരുന്നു. ഓരോ ദിവസവും മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു സ്കൂൾ തുടങ്ങിയാലോ എന്ന ആശയമുദിച്ചത്.’ -ഡോ. എം.ആർ.നമ്പ്യാർ പറഞ്ഞു. വിദ്യാഭ്യാസപ്രവർത്തകനും വ്യവസായിയുമായ എം.ബി.മൂസയെക്കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. അങ്ങനെ സ്ഥലംകിട്ടി. അന്നത്തെ റോട്ടറി പ്രവർത്തകർ ഒരുമിച്ചുനിന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.

എം.ആർ.നമ്പ്യാരെ ഗോവിന്ദൻ പള്ളിക്കാപ്പിൽ ആദരിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എം.വി.മോഹൻദാസ് മേനോൻ പ്രശസ്തിപത്രം സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ. എ.മനോജ്കുമാർ അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ വി.വി.രമേശൻ വിശിഷ്ടാതിഥിയായിരുന്നു. ആനന്ദാശ്രമത്തിലെ സ്വാമി മുക്താനന്ദ ആദരഭാഷണം നടത്തി. സംഘാടകസമിതി ചെയർമാനും മുൻ അസി. ഗവർണറുമായ എം.കെ.വിനോദ്കുമാർ, അജാനൂർ ഗ്രാമപ്പഞ്ചായത്തംഗം സജി കെ.കുന്നുമ്മൽ, ബി.ജെ.പി സംസ്ഥാനസമിതിയംഗം എ.വേലായുധൻ, ബ്രിഗേഡിയർ ഐ.എൻ.റൈ, റോട്ടറി റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ബി.മുകുന്ദ് പ്രഭു, റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോഡിനേറ്റർമാരായ ബി.യതീഷ് പ്രഭു, സി.സുനിൽകുമാർ, അസി. ഗവർണർമാരായ കെ.സത്യനാഥ് ഷേണായ്, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പ്രതിനിധി കെ.കെ.സെവിച്ചൻ, സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ബീനാ സുകു, റോട്ടറി ക്ലബ് സെക്രട്ടറി ഡോ. രാജശ്രീ സുരേഷ്, ക്ലബ് പബ്ലിക് ഇമേജ് ചെയർമാൻ ഡോ. കെ.യു.രാഘവേന്ദ്ര പ്രസാദ് എന്നിവർ സംസാരിച്ചു.