ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് കേസില്‍ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.
105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.
ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതല്‍ 2016 വരെയുടെ കാലയളവില്‍ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തില്‍വെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.
കോടതി വിധി വന്നശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കളത്തിപ്പടി ക്രിസ്റ്റീന്‍ സെന്ററില്‍ കുര്‍ബാന അര്‍പ്പിച്ചപ്പോള്‍
2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയത്. ജൂണ്‍ 27-ന് അവര്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. പിറ്റേദിവസം തന്നെ പോലീസ് പരാതിയില്‍ കേസെടുത്തു. വൈക്കം ഡിവൈ.എസ്.പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി.
സംഭവം വിവാദമായതോടെ കുറുവിലങ്ങാട് മഠത്തിലെ പീഡനം ദേശീയതലത്തിലടക്കം ചര്‍ച്ചയായി. കന്യാസ്ത്രീയെ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ സന്ദര്‍ശിക്കാനെത്തി. ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്കി. ഇതിനിടെ, കേസിന്റെ അന്വേഷണവും ഒരുവഴിക്ക് നടക്കുന്നുണ്ടായിരുന്നു.
പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാല്‍ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നല്കി. കേസില്‍നിന്ന് പിന്മാറാന് രൂപത അധികാരികള്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി. അന്വേഷണസംഘം ഡല്‍ഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡല്‍ഹിയില്‍നിന്ന് ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ ആരോപണമുന്നയിച്ച ബന്ധുവില്‍നിന്നും മൊഴിയെടുത്തി.
2018 ഓഗസ്റ്റ് പത്താം തീയതിയാണ് അന്വേഷണസംഘം ജലന്ധറില്‍ എത്തുന്നത്. തുടര്‍ന്ന് 13-ാം തീയതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്തു. ഇതിനുപിന്നാലെ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ വീണ്ടും പോലീസിനെ സമീപിച്ചു.
സെപ്റ്റംബര്‍ 12-ാം തീയതി ഐ.ജി.യുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് ബിഷപ്പിന് നോട്ടീസ് നല്കി. പിന്നാലെ ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയുടെ ചുമതലകള്‍ കൈമാറി. കൊച്ചിയിലെത്തി ചോദ്യംചെയ്യലിന് ഹാജരായി. മൂന്നുദിവസമാണ് അന്വേഷണസംഘം ബിഷപ്പ് ഫ്രാങ്കോയെ തുടര്‍ച്ചയായി ചോദ്യംചെയ്തത്. ഒടുവില്‍ മൂന്നാംദിവസം, 2018 സെപ്റ്റംബര്‍ 21-ന് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പാലാ കോടതിയില്‍ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാന്‍ഡ് ചെയ്തു. 5968-ാം നമ്പര്‍ തടവുകാരനായി ഫ്രാങ്കോയെ പാലാ ജയിലിലടച്ചു. ബിഷപ്പിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ ഫ്രാങ്കോ എല്ലാം നിഷേധിക്കുകയാണ് ചെയ്തത്. 5968-ാം നമ്പര്‍ തടവുകാരനായാണ് ഫ്രാങ്കോയെ പാലാ ജയിലിലടച്ചിരുന്നത്. രണ്ടാഴ്ചയിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം 2018 ഒക്ടോബര്‍ 15-ന് ഹൈക്കോടതി ഫ്രാങ്കോയ്ക്ക് ജാമ്യവും അനുവദിച്ചു. ഇതിനിടെ, ബിഷപ്പിനെതിരേ മൊഴി നല്കിയ വൈദികനെ പഞ്ചാബിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരേ പലതവണ പരാതിപ്പെട്ടതായും ബിഷപ്പില്‍നിന്ന് മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീ പറഞ്ഞതായും ഈ വൈദികന് മൊഴി നല്‍കിയിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പിന്നീട് വിചാരണ ആരംഭിച്ചെങ്കിലും ഒരാഴ്ച മുമ്പാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കേസില്‍ ആകെ 83 സാക്ഷികളാണുള്ളത്. ഇതില്‍ 39 വേരെ വിചാരണയ്ക്കിടെ വിസ്തരിച്ചിരുന്നു. കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. ഫ്രാങ്കോയുടെ മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ് അടക്കുള്ളവ നിര്‍ണായക തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
Content Highlights: Bishop Franco Mulakkal acquitted in nun rape case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..