ന്യൂസിലൻഡിൽ റോഡരികിൽ മാലിന്യം തള്ളിയ ഇന്ത്യക്കാരന് തദ്ദേശീയരുടെ അസഭ്യവർഷം. ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിലെ അൽഫ്രിസ്റ്റണിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇന്ത്യക്കാരനായ യുവാവ് പോലീസിൽ പരാതി നൽകി. വീഡിയോ പ്രചരിച്ചതിനാൽ തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് കാണിച്ചാണ് പരാതി. ഒപ്പം വീഡിയോ ചിത്രീകരിക്കുകയും തന്നെ അസഭ്യം പറയുകയും ചെയ്തയാൾ തന്റെ കാറിന് കേടുപാടുകൾ വരുത്തുകയും റിയർവ്യൂ മിറർ പൊട്ടിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

To advertise here,

വലിയ കാർഡ്‌ബോർഡ് കഷ്ണങ്ങളാണ് ഇന്ത്യക്കാരനായ യുവാവും സുഹൃത്തും റോഡരികിൽ തള്ളിയത്. റീസൈക്കിൾ ചെയ്യാൻ മാർഗമുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും അവധി ദിവസമായതിനാൽ സ്ഥാപനങ്ങൾ തുറന്നിരുന്നില്ല. തുടർന്ന് തിരികെ പോകുന്ന വഴിയിലാണ് ഇവർ റോഡരികിൽ കാടുപിടിച്ചുകിടന്ന ഒരിടത്ത് കാർഡ്‌ബോർഡ് മാലിന്യം തള്ളിയത്.

ഇതുവഴി കാറിൽ പോകുകയായിരുന്ന ന്യൂസിലൻഡ് പൗരൻ സംഭവം കണ്ട് വാഹനം നിർത്തുകയും വീഡിയോ ചിത്രീകരിച്ചുകൊണ്ട് ഇവരെ അസഭ്യം പറയുകയുമായിരുന്നു. ഇതേ തുടർന്ന് മാലിന്യങ്ങൾ ഇവർ തിരിച്ചെടുത്തു. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് വീഡിയോ കണ്ടതും ഷെയർ ചെയ്തതും. 'ഞങ്ങളുടെ രാജ്യത്തേക്ക് വന്ന് ഇവിടെ മാലിന്യങ്ങൾ തള്ളരുത്. എന്നോട് മാപ്പ് പറയേണ്ട. ഞങ്ങളുടെ രാജ്യത്തേക്ക് വരരുത്' എന്നെല്ലാമാണ് അസഭ്യത്തിനൊപ്പം ന്യൂസിലൻഡുകാരൻ പറയുന്നത്.

താൻ വീഡിയോ ചിത്രീകരിച്ചയാളോടും പോലീസിനോടും മാപ്പ് പറഞ്ഞുവെന്നും പിഴശിക്ഷ ഉണ്ടെങ്കിൽ അത് അടയ്ക്കാൻ തയ്യാറാണെന്നും പേര് വെളിപ്പെടുത്താത്ത യുവാവ് പറഞ്ഞു. വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാനായി താൻ നെറ്റ്‌സേഫിനെ സമീപിച്ചു. എന്നാൽ കമ്യൂണിറ്റി സ്റ്റാൻഡേഡ്‌സിന് എതിരല്ലാത്തതിനാൽ അതിന് സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും വീഡിയോ ഇന്ത്യയിലും വൈറലായെന്നും യുവാവ് പറഞ്ഞു. ഈ മാസം ആദ്യമാണ് സംഭവമുണ്ടായത്. യുവാവിന്റെ പരാതി ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു.