കൊല്ലം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നതു തടയാൻ കൂടുതൽ ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. സെന്റർ ഫോർ ഡിവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി(സി-ഡിറ്റ്)യുടെയും കെ-ഫോണിന്റെയും സാങ്കേതികസഹായത്തോടെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.

To advertise here,

തദ്ദേശ സ്ഥാപനങ്ങൾ മാലിന്യം തള്ളുന്നയിടങ്ങൾ കണ്ടെത്തി അവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന നിർദേശം നേരത്തേ നൽകിയിരുന്നതാണ്. എന്നാൽ, ഇതിനുള്ള പണം കണ്ടെത്തുക, നിരീക്ഷണ സംവിധാനമൊരുക്കുക, മാലിന്യം തള്ളുന്നവരിൽനിന്നു പിഴയീടാക്കുക, മാലിന്യം മാറ്റുക തുടങ്ങിയ കടമ്പകളുള്ളതിനാൽ പല തദ്ദേശസ്ഥാപനങ്ങളും ഇതിൽനിന്നു പിൻവാങ്ങുകയായിരുന്നു. ഇതോടെയാണ് കൂടുതലായി മാലിന്യം തള്ളുന്നയിടങ്ങൾ കണ്ടെത്തി, അവിടെ ക്യാമറകൾ സ്ഥാപിക്കുന്നത്.

ക്യാമറകൾ സി-ഡിറ്റാണ് സ്ഥാപിക്കുന്നത്. ക്യാമറകളുടെ പ്രവർത്തനത്തിനു വേണ്ട ഇന്റർനെറ്റ് സൗകര്യം കെ-ഫോൺ നൽകും. നേരത്തേ സ്ഥാപിച്ച ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ വഴി മാലിന്യം തള്ളുന്നവരെ പിടികൂടാൻകഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സ്ഥലങ്ങളിൽ ക്യാമറകൾ വെക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളിൽ നേരത്തേ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽനിന്നുള്ള വിവരങ്ങൾ ക്ലീൻ കേരള മിഷന്റെ നേതൃത്വത്തിൽ വിലയിരുത്തുന്നുണ്ട്. മാലിന്യം തള്ളുന്നതു കണ്ടെത്താൻ തദ്ദേശസ്വയംഭരണവകുപ്പ് ഏർപ്പെടുത്തിയ വാട്സാപ്പ് നമ്പരിൽ ലഭിക്കുന്ന പരാതികളിലും നടപടി സ്വീകരിക്കുന്നുണ്ട്. ജലാശയങ്ങളിലും പൊതുവിടങ്ങളിലും മാലിന്യം കൂടിക്കിടക്കുന്നുണ്ടെങ്കിൽ അതിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യാനും സൗകര്യമുണ്ട്.

ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതികസഹായത്തോടെയായിരുന്നു പദ്ധതി നടപ്പാക്കിയത്. ജലാശയങ്ങളിലുൾപ്പെടെ മാലിന്യം തള്ളുന്നവരെ കണ്ടെത്താനും അവർക്കു പിഴചുമത്താനും വാഹനങ്ങൾ പിടിച്ചെടുക്കാനും ഡി.ജി.പി.യും നിർദേശം നൽകിയിട്ടുണ്ട്.