അടിമാലി: സ്ത്രീകൾ ഭൂരിഭാഗവും പ്രിയദർശിനി ബസുകളിലേക്ക് പോയി. ഇടുക്കി ജില്ലയിൽ നഷ്ടംനേരിടുന്ന സ്വകാര്യബസുകൾ താത്‌കാലികമായി സർവീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. 250-ഒാളം ബസുകളാണ് ജി-ഫോം നൽകി ഓട്ടംനിർത്തുന്നത്. നിശ്ചിത കാലയളവിൽ വാഹനം റോഡിലിറക്കില്ലെന്ന് അധികൃതരെ മുൻകൂട്ടി അറിയിക്കുന്നതാണ് ജി-ഫോം.
കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ ജൂൺ 15 മുതലാണ് ‘പ്രിയദർശിനി’ സൗജന്യയാത്ര തുടങ്ങിയത്. അന്നുമുതൽ 25 വരെ ജില്ലയിലെ 60 ശതമാനം സ്വകാര്യ സർവീസുകളും നഷ്ടത്തിലാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി പറയുന്നു. രണ്ടായിരത്തോളം സ്വകാര്യ ബസുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. ഇതിൽ 12.5 ശതമാനം സർവീസുകൾക്ക് ജി-ഫോം നൽകാനാണ് നീക്കം.
പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ, അസോസിയേഷൻ അടുത്തദിവസം അടിയന്തര യോഗം ചേരും. തുടർന്ന് ബസുകൾ ജി-ഫോം കൊടുത്ത് നിശ്ചിത കാലയളവിലേക്ക് സർവീസ് നിർത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. നികുതി 50 ശതമാനം കുറച്ചിട്ടുണ്ടെങ്കിലും സർവീസിലുണ്ടായ നഷ്ടം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് ബസുടമകൾ പറയുന്നു. ഒരുദിവസം 3000 മുതൽ 4000 രൂപ വരെ നഷ്ടത്തിലാണ്.
അപ്പോൾ ടാക്സ് പകുതിയായി നൽകുന്നതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.
എറണാകുളം- മൂന്നാർ റൂട്ടിലാണ് ഏറ്റവും പ്രശ്നം. ഇതുവഴി പത്ത് മിനിട്ട് ഇടവിട്ട് പ്രിയദർശിനി ബസുകൾ ഓടുന്നുണ്ട്.
തൊടുപുഴ- വണ്ണപ്പുറം- ചെറുതോണി, രാജാക്കാട്- നെടുങ്കണ്ടം, കുമളി- എറണാകുളം, കുമളി- കോട്ടയം, അടിമാലി- മൂന്നാർ, ചെറുതോണി- അടിമാലി റൂട്ടുകളിലും നഷ്ടം വലുതാണ്.
പ്രധാന സ്റ്റാൻഡുകളിൽനിന്ന് സ്വകാര്യബസുകൾ സർവീസ് ആരംഭിക്കുമ്പോൾ പത്തുമുതൽ 15 വരെ യാത്രക്കാരാണ് ഓരോ വാഹനത്തിനും ഉള്ളത്.
അതിർത്തി ഡിപ്പോകളിൽനിന്ന് സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകൾ തമിഴ്നാട്ടിലൂടെ സർവീസ് നടത്തുമ്പോൾ അവിടത്തെ സ്ത്രീകൾക്കും കേരള ബസുകളിൽ സൗജന്യമാണ്.
മൂന്നാർ ഡിപ്പോയിൽനിന്ന് നാലു പ്രിയദർശിനി സർവീസുകൾ തമിഴ്നാട്ടിലേക്ക് സർവീസ് നടത്തുന്നുണ്ട്.
കുമളി ഡിപ്പോയിലും ഇത് തന്നെയാണ് അവസ്ഥ. തമിഴ്നാട് കോർപ്പറേഷന്റെ സൗജന്യയാത്രാ ബസുകൾ കേരള അതിർത്തി കടന്നാൽ സ്ത്രീകൾക്ക് സൗജന്യ യാത്രയില്ലെന്നും ഉടമകൾ പറയുന്നു.
Content Highlights: Over 250 private buses in Idukki planning to stop services via G-form., Operators report 60% revenue drop since June 15 due to Priyadarshini free bus services., Daily losses estimated between ₹3000 to ₹4000 per bus.
Published: 29 Jun 2026, 07:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented