കോട്ടയം: കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വര്‍ഷം. അയിത്തത്തെ കുടഞ്ഞെറിയണമെന്ന് പഠിപ്പിച്ച വൈക്കം സത്യാഗ്രഹമാണ് ചപ്പാത്തിയെന്ന പുത്തന്‍ പലഹാരത്തെ കേരളത്തിന് സമ്മാനിച്ചത്. സത്യാഗ്രഹത്തിന് പിന്തുണയുമായി വന്ന സിഖുകാരാണ് ചപ്പാത്തി തയ്യാറാക്കുകയും കേരളത്തിലുള്ളവര്‍ക്ക് നല്‍കുകയും ചെയ്തത്.

To advertise here,

ചപ്പാത്തി വരവിന്റെ നൂറ്റാണ്ടിനെ ആഘോഷമാക്കുകയാണ് മാവേലിക്കരയിലെ ഒരുകൂട്ടം സഹൃദയര്‍. കഥാകൃത്ത് കെ.കെ. സുധാകരന്‍ പ്രസിഡന്റും റെജി പാറപ്പുറം സെക്രട്ടറിയുമായ 'കഥ' സാഹിത്യസംഘടനയാണ് ആഘോഷത്തിന് അടുപ്പുകൂട്ടുന്നത്. ഞായറാഴ്ച മാവേലിക്കര രാജാ രവിവര്‍മ കോേളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ 'ചപ്പാത്തി' ആഘോഷിക്കും.

''വൈക്കം സത്യാഗ്രഹ ഓര്‍മ്മയില്‍ വേദിയില്‍ ചപ്പാത്തിയും സിഖുകാരുടെ പ്രിയ ദാലും തൈര് സാലഡും വിളമ്പും. എന്‍.സി.സി. ഉദ്യോഗസ്ഥനായ ലുധിയാനയില്‍നിന്നുള്ള രാജ വീരേന്ദ്ര സിങ് മുഖ്യാതിഥിയാകും'' - റെജി പാറപ്പുറത്ത് പറയുന്നു.

സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാരകളില്‍ കാലോചിത പരിഷ്‌ക്കാരങ്ങള്‍ക്കായി പ്രക്ഷോഭത്തിനിറങ്ങിത്തിരിച്ച അകാലി സംഘങ്ങളിലൊന്നാണ് വൈക്കത്തെത്തിയത്. അന്ന് പട്യാല സംസ്ഥാനത്തെ മന്ത്രിയായിരുന്ന മലയാളിയായ സര്‍ദാര്‍ കെ.എം. പണിക്കര്‍ വഴിയാണ് പട്യാല രാജാവും സിഖ് നേതാക്കളും വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് അറിഞ്ഞത്.

സമരത്തിലുള്ളവര്‍ക്ക് ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നറിഞ്ഞ രാജാവ് മൂന്ന് കപ്പല്‍ ഗോതമ്പ് കൊച്ചിയിലേക്ക് കയറ്റിവിട്ടു. ഒപ്പം സിഖ് സമുദായത്തിന്റെ നേതൃത്വം വഹിക്കുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ഒരു സംഘത്തെയും. 

1924 ഏപ്രില്‍ 29-ന് അമൃത്സറില്‍നിന്നുള്ള സര്‍ദാര്‍ ലാല്‍ സിങ്ങിന്റെയും ബാബാ കൃപാല്‍ സിങ്ങിന്റെയും നേതൃത്വത്തില്‍ കേരളത്തില്‍ എത്തിയ അകാലികള്‍ തുറന്ന സൗജന്യ ഭോജനശാലയില്‍ തയ്യാറാക്കിയ ചപ്പാത്തി മലയാളികള്‍ക്ക് ഇഷ്ടമായി. പക്ഷേ, കടുകെണ്ണ പലര്‍ക്കും അരുചിയായി. പകരം വെളിച്ചെണ്ണ പുരട്ടി ചുട്ടു.

അധികം കഴിയുംമുമ്പ് അകാലി ഭക്ഷണശാലയുടെ സഹായം സത്യാഗ്രഹികള്‍ സ്വീകരിക്കുന്നത് യുക്തമല്ലെന്ന് മഹാത്മാഗാന്ധി നിര്‍ദേശിച്ചു. ആഹാരം കഴിക്കുന്നതിന് വകയുള്ള മലയാളി, സിഖുകാരുടെ സൗജന്യഭക്ഷണം കഴിക്കുന്നത് ഭിക്ഷയെന്നായിരുന്നു ഗാന്ധിജിയുടെ നയം. ഗുരുദ്വാര കമ്മിറ്റിയുടെ ഉത്തരവില്ലാതെ ഭക്ഷണശാല പൂട്ടില്ലെന്നായി അകാലികള്‍.

കമ്മിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും ഭക്ഷണശാല നിര്‍ത്തുന്നതിനോടു യോജിപ്പാണെന്ന് കെ.എം. പണിക്കരുടെ അറിയിപ്പ് വന്നതോടെ മനസ്സില്ലാ മനസ്സോടെ അകാലികള്‍ പഞ്ചാബിലേക്കുതന്നെ മടങ്ങി. എന്നാല്‍, ചപ്പാത്തിയും അതിന്റെ നിര്‍മാണരീതിയും രുചിയും കേരളം കൈവിട്ടില്ല.