
ന്യൂഡൽഹി: പുറംലോകവുമായി ബന്ധമില്ലാത്ത 60 മണിക്കൂർ. മണ്ണിടിച്ചിലിന്റെ ഭീകരതകൾ കൺമുമ്പിൽ, വാഹനത്തിന് നേരെ ഇടിഞ്ഞുവീഴുന്ന കൂറ്റൻ പാറകൾ, ദുസ്സഹമായ യാത്ര. ഹിമാചലിൽ കുടുങ്ങിക്കിടന്ന മലയാളി ഡോക്ടർമാരെ സർക്കാർ സുരക്ഷിതമായി ഡൽഹിയിൽ എത്തിച്ചു. അഞ്ചുദിവസമാണ് 27 പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘം ഗ്രാംഫു ഗ്രാമത്തിൽ കഴിഞ്ഞത്.
ജനവാസം ഏറ്റവും കുറഞ്ഞ രാജ്യത്തെ പ്രദേശങ്ങളിൽ ഒന്നായ സ്പിറ്റി താഴ്വരക്ക് സമീപത്ത് കുടുങ്ങിയ ഡോക്ടർമാരാണ് ഡൽഹിയിൽ മടങ്ങിയെത്തിയത്. സ്പിറ്റിയിൽ നിന്ന് ഡൽഹിയിലേക്ക് സംഘം മടങ്ങുന്നതിനിടയിലാണ് അതിശക്തമായ മഴ തുടങ്ങിയത്. ആദ്യം ചെറിയ തോതിൽ തുടങ്ങിയ മഴ പിന്നീട് തീവ്രതയോടെ പെയ്തിറങ്ങുകയായിരുന്നുവെന്ന് ഡോക്ടർമാരുടെ സംഘം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മഴയിൽ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും കല്ലുകളും നീക്കി മുന്നോട്ട് പോയ സംഘത്തിന് ആ യാത്ര അധിക ദൂരം മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല. മണ്ണിടിച്ചിൽ ശക്തമായതോടേ കൂറ്റൻ പാറക്കല്ലുകൾ മല മുകളിൽ നിന്ന് താഴേക്ക് ഇരച്ചിറങ്ങി. അത് വരെ സഞ്ചരിച്ചിരുന്ന വാഹനത്തിൽ തുടർന്നുള്ള യാത്ര അസാധ്യമായിരുന്നുവെന്ന് ഡോക്ടർമാരുടെ സംഘം പറഞ്ഞു. ഇതിനിടെ ടൂർ ഓപ്പറേറ്റർ ഏർപ്പാടാക്കിയ വാഹനത്തിൽ സംഘത്തിലെ പെൺകുട്ടികളെ സുരക്ഷിത സ്ഥലത്തിലേക്ക് മാറ്റി. എന്നാൽ പത്ത് ആൺകുട്ടികൾ അവിടെ കുടുങ്ങി. മൊബൈൽ നെറ്റ് വർക്കും, വൈദ്യുതിയും മുടങ്ങിയതോടെ പുറംലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഒടുവിൽ സമീപത്തെ പോലീസ് എയ്ഡ് പോസ്റ്റിൽ എത്തി. സുരക്ഷിതമാണെന്ന സന്ദേശം നാട്ടിൽ എത്തിച്ചത് പോലീസ് എയ്ഡ് പോസ്റ്റിൽ നിന്നായിരുന്നു. വെറും 2000 രൂപമാത്രമായിരുന്നു പത്ത് ഡോക്ടർമാരുടെ കൈയിൽ ഉണ്ടായിരുന്നത്. എത്ര ദിവസം ഈ പണം കൊണ്ട് ജീവിക്കേണ്ടി വരുമെന്ന ആശങ്ക ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
കൊടും തണുപ്പത്ത് ബ്രെഡും, മാഗിയും കഴിച്ചാണ് പിടിച്ച് നിന്നത്. കേരളത്തിലെ മഴയും, വെള്ളപ്പൊക്കവും ഒക്കെ കണ്ടിട്ടുള്ള തങ്ങൾ ജീവിതത്തിൽ ആദ്യമായാണ് ഭീകരമായ മണ്ണിടിച്ചിൽ കാണുന്നത് എന്ന് സംഘാംഗങ്ങൾ പറഞ്ഞു.
ഖീർഗംഗയിൽ കുടുങ്ങിയ സംഘം നാളെ ഡൽഹിയിൽ എത്തും
ഖീർഗംഗയിൽ കുടുങ്ങിയ തൃശൂർ മെഡിക്കൽ കോളേജിലെ 18 മലയാളി ഡോക്ടർമാർ ഡൽഹിയിലേക്കുള്ള യാത്രയിൽ ആണ്. ഇവർ ഇന്നലെയാണ് മലയിറങ്ങിയത്. നാളെ പുലർച്ചെ ഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ഹൗസ് കേന്ദ്രീകരിച്ചുള്ള രക്ഷാദൗത്യം.
പുരോഗതി വിലയിരുത്തി ആരോഗ്യമന്ത്രി വീണാ ജോർജ്
കേരളത്തിൽ നിന്നുള്ള ഡോക്ടർമാർ ഹിമാചൽ പ്രദേശിൽ കുടുങ്ങിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ രക്ഷാദൗത്യം ഏകോപിപ്പിക്കാൻ രണ്ട് മുതിർന്ന ഡോക്ടർമാരെ സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ഡൽഹിക്ക് അയച്ചിരുന്നു. എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, തൃശൂർ മെഡിക്കൽ കോളേജ് ലെയ്‌സൻ ഓഫീസർ ഡോ. രവീന്ദ്രൻ എന്നിവരെയാണ് ആരോഗ്യ മന്ത്രി ഡൽഹിയിലേക്ക് അയച്ചിരുന്നത്. സംഘത്തിലെ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ സാധ്യമായത് എല്ലാം ചെയ്യാൻ ഇവർക്ക് മന്ത്രി നിർദേശം നൽകുകയും ചെയ്തിരുന്നു.
ഓരോ മണിക്കൂറിലും രക്ഷാദൗത്യത്തിന്റെ പുരോഗതി മന്ത്രി നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. സംഘത്തിന്റെ കണ്ടെത്തുന്നതിന് ഹിമാചൽ പ്രദേശ് പോലീസിന്റേതിന് പുറമെ, സൈന്യത്തിന്റെ സഹായവും സംസ്ഥാന സർക്കാർ തേടിയിരുന്നു. ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി കെ വി തോമസ്, നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ജെ ഷാജിമോൻ എന്നിവരും ദൗത്യത്തിൽ സജീവ പങ്കാളികൾ ആയി.
Content Highlights: himachal rains kerala doctors safely reached in delhi
Published: 14 Jul 2023, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented