കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ പെൺകുട്ടിയുടെ ഭർത്താവിൻ്റെ അറസ്റ്റ് വിലക്കി കേരള ഹൈക്കോടതി. മധ്യപ്രദേശ് സ്വദേശിയായ ഫർമാൻ ഖാൻ്റെ  അറസ്റ്റാണ് കോടതി ഒരുമാസത്തേക്ക് തടഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നാരോപിച്ച് ഇയാൾക്കെതിരെ ചുമത്തിയ പോക്സോ കേസിൽ  ജാമ്യഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

To advertise here,

വിവാഹം കഴിച്ച പെൺകുട്ടിക്ക് പ്രായപൂർത്തിയായതാണെന്നും മധ്യപ്രദേശിൽനിന്ന് പെൺകുട്ടിയുടെ കുടുംബം വ്യാജരേഖകൾ നിർമിച്ച് തന്നെ പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഫർമാൻ കോടതിയിൽ വാദിച്ചത്. ഈ ഹർജി പരിഗണിച്ച കോടതി, കേസ് മധ്യപ്രദേശിലായതിനാൽ അവിടുത്തെ ഹൈക്കോടതിയിൽനിന്ന് കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു.

മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയിൽനിന്ന് ഒരു മാസത്തിനകം മുൻകൂർ ജാമ്യം തേടണമെന്ന നിർദേശത്തോടെയാണ് അറസ്റ്റ് താൽക്കാലികമായി തടഞ്ഞിരിക്കുന്നത്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് പിതാവ് മധ്യപ്രദേശ് പോലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഫർമാൻ ഖാനും വൈറൽ താരമായ യുവതിയും കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്യുകയായിരുന്നു. സിനിമയിൽ അഭിനയിക്കുന്ന തങ്ങൾ, പ്രണയത്തിലായെന്നും മാർച്ച് 11-ന് കേരളത്തിൽവെച്ച് വിവാഹിതരായെന്നും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്.