കോവളം: പതിനാറുകാരിയായ ആന്ധ്ര സ്വദേശിനി സ്പാകളിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന കേസിലെ ഒന്നാംപ്രതിയും ആന്ധ്രയിലെ പാലസമുദ്രം സ്വദേശിയുമായ നാഗലക്ഷ്മിയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കസ്റ്റഡിയിൽ വാങ്ങി. തെളിവെടുപ്പിനായി നാഗലക്ഷ്മിയെ കോവളത്തെ വൈക്കോൽകുളത്തിനടുത്തുള്ള ആയുർകേരള, ഡ്രീംസ് എന്നീ സ്പാകളിൽ വെള്ളിയാഴ്ച കൊണ്ടുവരും. നാഗലക്ഷ്മിയും ഇവരുടെ രണ്ടാംഭർത്താവും തെലങ്കാന സ്വദേശിയുമായ ജെല്ലാഗോപിയും ചേർന്നായിരുന്നു കോവളം, ചൊവ്വാര-ചപ്പാത്ത്, തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിലെ വീടിനോട് ചേർന്നുള്ള സ്പാ എന്നിവിടങ്ങളിലെത്തിച്ചത്.

To advertise here,

കോവളത്തെ സ്പാകളിൽവെച്ച് നിഷാന്തും സജിത്ത്കുമാറും പീഡിപ്പിച്ചിരുന്നെന്ന് എസ്.ഐ.ടി.ക്ക് മുൻപാകെ കുട്ടി മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് ഈ രണ്ടു പ്രതികൾക്കെതിരേ മനുഷ്യക്കടത്ത്, കുട്ടിയെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നത് എന്നിവയ്ക്കുപുറമേ പോക്സോ കേസും ചുമത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനും അസി. കമ്മിഷണറുമായ എസ്. ചന്ദ്രകുമാർ പറഞ്ഞു. ഇവരുടെ സ്പാകളിൽവെച്ച് കുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയിലുള്ള തമിഴ്നാട് സ്വദേശിയെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.

നാഗലക്ഷ്മിയെ കസ്റ്റഡിയിലെടുക്കാൻ വണ്ടല്ലൂർ പോലീസെത്തുന്നു

തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിലെ ഗുഡുവാഞ്ചേരിയിലെ വീടിനോടുചേർന്നുളള സ്പായിൽവെച്ചും കുട്ടി പീഡനത്തിനിരയായ സംഭവത്തിൽ നാഗലക്ഷ്മിയെ കസ്റ്റഡിയിൽവാങ്ങുന്നതിന് വണ്ടല്ലൂർ പോലീസ് തിങ്കളാഴ്ചയെത്തും.

നാഗലക്ഷ്മിയുടെ പരിചയക്കാരിയായ അർഷിത എന്ന യുവതിയുമായുള്ള പരിചയത്തെത്തുടർന്നായിരുന്നു രണ്ടാംഭർത്താവായ ജെല്ലാഗോപിയും ചേർന്ന് ഗുഡുവാഞ്ചേരിയിലെ സ്പായിൽ കുട്ടിയെ എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട എസ്.ഐ.ടി.യുടെ കസ്റ്റഡിയിലുണ്ടായിരുന്ന ജെല്ലാ ഗോപിയെ ഗുഡുവാഞ്ചേരിയിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നെന്ന് വണ്ടല്ലൂർ എസ്.എച്ച്.ഒ. ടി.പി. ഗൗതമി പറഞ്ഞു. ചെങ്കൽപ്പേട്ട് പോക്സോ കോടതിയുടെ അനുമതിയോടെ ഗുഡുവാഞ്ചേരിയിലെ സ്പാ ഉടമയെ അറസ്റ്റുചെയ്യുമെന്നും അവർ പറഞ്ഞു.