കൊച്ചി: കോതമംഗലം സംഘര്‍ഷത്തില്‍ എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരേ ചോദ്യങ്ങളുമായി ഹൈക്കോടതി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍നിന്ന് കൊണ്ടുപോയതും പ്രതിഷേധം സംഘടിപ്പിച്ചതും വീട്ടുകാരുടെ സമ്മതമില്ലാതെയല്ലേയെന്ന് കോടതി ചോദിച്ചു. കള്ളക്കേസെടുത്ത് പോലീസ് പീഡിപ്പിക്കുന്നുവെന്ന ഷിയാസിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്.
കോതമംഗലത്ത് വയോധികയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ പോലീസെടുത്ത കേസുകള്‍ തന്നെ പീഡിപ്പിക്കുന്നതിന് വേണ്ടിയാണെന്ന ആരോപണമുന്നയിച്ച് ഷിയാസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇതിനിടെയാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷിയാസിനെതിരേ കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഷിയാസ് നല്‍കിയ ഹര്‍ജിയെ സംബന്ധിച്ചും കോടതി വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചു. തന്നെ പോലീസ് ഉപദ്രവിക്കുന്നു എന്നുപറഞ്ഞ് ഹര്‍ജി നല്‍കുന്നതിനേക്കാള്‍ നല്ലത് ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയല്ലേ എന്നും കോടതി ചോദിച്ചു.
അതേസമയം, മനഃപൂര്‍വം ജയിലിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പോലീസ് പെരുമാറുന്നതെന്നും ജനരോഷം ശക്തമായപ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍ എന്ന നിലയ്ക്കാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്നും ഷിയാസിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ജനകീയ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ വൈരാഗ്യബുദ്ധിയോടെയുള്ള പെരുമാറ്റമാണ് പോലീസില്‍നിന്നുണ്ടാകുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ നടന്ന പ്രതിഷേധത്തിന്റെ പേരിലും ഒന്നാം പ്രതിയാക്കി കേസെടുത്തത് പോലീസിന്റെ ഗൂഢാലോചനയ്ക്കും പീഡനത്തിനും തെളിവാണെന്ന് ഷിയാസിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഒരേസംഭവത്തില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം നാല് കേസെടുത്ത പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അറസ്റ്റടക്കമുള്ള നടപടി ഉണ്ടാകരുതെന്ന് നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോതമംഗലത്ത് വയോധികയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ച എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. ഷിയാസിന്റെ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് കോടതി മാറ്റിയിട്ടുണ്ട്.
Content Highlights: High Court criticizes Ernakulam DCC President Mohammad Shias in Kothamangalam conflict
Published: 12 Mar 2024, 11:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented