ഇരിട്ടി: കാലവർഷം ശക്തിപ്രാപിക്കാനുള്ള സാധ്യതയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് ഒരുമാസത്തേക്ക് ഏർപ്പെടുത്തിയ നിരോധനം വ്യാഴാഴ്ച മുതൽ നിലവിൽവന്നു. ജൂലായ് അഞ്ചുവരെയാണ് ഭാരവാഹനങ്ങൾക്ക് കുടക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കണ്ടെയ്‌നറുകൾ, ബുള്ളറ്റ് ടാങ്കറുകൾ, മരം, മണൽ എന്നിവ കൊണ്ടുപോകുന്ന ലോറികൾ, ടോറസ് ലോറികൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ തുടങ്ങിയ വലിയ ചരക്ക് വാഹനങ്ങളുടെ ഗതാഗതമാണ് പൂർണമായും നിരോധിക്കുന്നത്. ബസ് ഉൾപ്പെടെയുള്ള യാത്രാവാഹനങ്ങൾക്ക് നിരോധനമില്ല. പച്ചക്കറികൾ അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങൾക്കും ലോറികൾക്കും നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരേ ദുരന്തനിയമപ്രകാരം കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
തലശ്ശേരി-കുടക് അന്തസ്സംസ്ഥാനപാതയുടെ ഭാഗമായ ചുരംറോഡിൽ ഉൾപ്പെടെ മണ്ണിടിച്ചിൽ ഭീഷണി ശക്തമാണ്. റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന കൂറ്റൻ മരങ്ങൾ ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. ഇത്തവണ കാലവർഷം തുടങ്ങിയശേഷം മരം വീണ് അഞ്ചുതവണ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
16 കിലോമീറ്ററോളം വരുന്ന ചുരം റോഡിൽ കൂട്ടുപുഴ സംസ്ഥാനതിർത്തി മുതൽ പെരുമ്പാടി വരെയുള്ള ഭാഗങ്ങളിലാണ് വലിയ ഭീഷണി നിലനില്ക്കുന്നത്.
Content Highlights: heavy vehicle control in makkoottam
Published: 07 Jun 2025, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented