പന്തീരാങ്കാവ് (കോഴിക്കോട്): തിരഞ്ഞെടുപ്പ് കമ്മിഷൻ വിതരണം ചെയ്തിട്ടുള്ള ഇലക്ഷൻ ഐഡി കാർഡുകൾ പ്ലാസ്റ്റിക്ക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപമുള്ള പറമ്പിന്റെ ചുറ്റുമതിൽ തകർന്ന വീണപ്പോഴാണ് കവറിലാക്കി ഉപേക്ഷിച്ച ഐഡി കാർഡുകൾ കണ്ടെത്തിയത്. 925 കാർഡുകളാണ് നനഞ്ഞ് നശിച്ച നിലയിൽ കണ്ടെത്തിയത്.

To advertise here,

പന്തീരാങ്കാവ് വില്ലേജ് പരിധിയിലുള്ള പഴയ 131-ാം ബൂത്തിലെ കാർഡുകളാണ് കൂടുതലുള്ളത്. സമീപത്തെ ചില ബൂത്തുകളിലെ ഏതാനും കാർഡുകളും കൂട്ടത്തിലുണ്ട്. മുൻ ബൂത്ത് ലെവൽ ഓഫീസറായി പ്രവർത്തിച്ചിരുന്ന ഇ. വിശ്വനാഥൻ്റെ വീടിന്റെ പിൻവശത്തുളള പറമ്പിന്റെ മതിൽ തകർന്നപ്പോഴാണ് കാർഡുകൾ കണ്ടെത്തിയത്.

2015 വരെയുള്ള കാലയളവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിതരണം ചെയ്ത കാർഡുകളാണെന്നും പുതിയ കാർഡ് നൽകിയപ്പോൾ തിരിച്ചെടുത്തതാവാമെന്നും ആണ് പരിശോധന നടത്തിയ പന്തീരാങ്കാവ് പോലീസിന്റെയും പന്തീരാങ്കാവ് വില്ലേജ് ഓഫീസ് അധികൃതരുടെയും നിഗമനം.

കളക്ടറേറ്റിൽ തിരിച്ചെത്തിക്കേണ്ട പഴയ കാർഡുകൾ ഉപേക്ഷിച്ചതാവാനാണ് സാധ്യതയെന്ന് വില്ലേജ് ഓഫീസർ കെ.എസ്. അനിത്ത് പറഞ്ഞു. കണ്ടെത്തിയ കാർഡുകൾ നടപടികൾ പൂർത്തിയാക്കി ഇലക്ഷൻ വിഭാഗത്തിന് കൈമാറിയെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. സംഭവമറിഞ്ഞതോടെ പന്തീരാങ്കാവ് പോലീസ് സബ് ഇൻസ്പെക്ടർ അർജുൻ അജിത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.