അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളുമായി (ADAS) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് V2V ആശയവിനിമയ സംവിധാനം. ചില പ്രീമിയം എസ്യുവികളില് ഇതിനകം സമാനമായ സാങ്കേതികവിദ്യയുണ്ട്.

റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ട് രാജ്യത്ത് വൻ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാഹനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്ന (V2V) സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറെടുക്കുന്നത്. 2026-ന്റെ അവസാനത്തോടെ പദ്ധതി നടപ്പാക്കും. ഇതോടെ നെറ്റ്‌വർക്ക് ഇല്ലാതെതന്നെ വാഹനങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
സംസ്ഥാന ഗതാഗത മന്ത്രിമാരുടെ വാർഷിക യോഗത്തിനുശേഷം കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. യോഗത്തിൽ വിഷയം ചർച്ച ചെയ്തുവെന്നും പദ്ധതി ഉടൻതന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് പിന്നിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന മറ്റുവാഹനങ്ങൾ ഇടിക്കുന്നതും മൂടൽമഞ്ഞും പോലുള്ള സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളും തടയാൻ ഈ സംവിധാനം ഫലപ്രദമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മറ്റൊരു വാഹനം അപകടകരമായ രീതിയിൽ തൊട്ടടുത്തെത്തുമ്പോൾ വാഹനങ്ങൾ പരസ്പരം സിഗ്‌നലുകൾ കൈമാറുകയും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും.
റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം സെക്രട്ടറി വി ഉമാശങ്കർ മാധ്യമങ്ങളോട് സംസാരിക്കവെ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി. ഈ സംരംഭം റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമാണ് ഇത്തരം സാങ്കേതികവിദ്യ നിലവിൽ ഉപയോഗിക്കുന്നത്. ഈ പദ്ധതിക്ക് ഏകദേശം 5,000 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
V2V പ്രവർത്തിക്കുന്നത് എങ്ങനെ?
വാഹനങ്ങളിൽ ഘടിപ്പിക്കുന്ന സിം കാർഡ് പോലുള്ള ഒരു ഉപകരണം വഴിയായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഏത് ദിശയിൽ നിന്നായാലും മറ്റൊരു വാഹനം വളരെ അടുത്തെത്തുമ്പോൾ വാഹനങ്ങൾക്ക് തത്സമയ മുന്നറിയിപ്പുകൾ ലഭിക്കും. മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിൽ ദൃശ്യപരത പൂജ്യത്തോളമെത്തുമ്പോൾ ഈ സംവിധാനം വളരെ ഉപയോഗപ്രദമാകും. അപകടം ഒഴിവാക്കാൻ വാഹനങ്ങൾ തമ്മിൽ പാലിക്കേണ്ട സുരക്ഷിതമായ അകലത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഇത് നൽകും. റോഡരികിലോ സമീപത്ത് എവിടെയെങ്കിലുമോ നിശ്ചലമായി കിടക്കുന്ന വാഹനങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും. വാഹനത്തിന്റെ എല്ലാ ഭാഗത്തുനിന്നും സിഗ്‌നലുകൾ നൽകുന്ന ഈ സംവിധാനം 360-ഡിഗ്രി ആശയവിനിമയം ഉറപ്പാക്കും.
5000 കോടി രൂപയുടെ പദ്ധതി
പദ്ധതിയുടെ ഏകദേശ ചെലവ് 5000 കോടി രൂപയാണ്. ഉപഭോക്താക്കൾക്ക് ഈ സംവിധാനത്തിന് പണം നൽകേണ്ടിവരും. എന്നാൽ ഓരോ വാഹന ഉടമയ്ക്കും എത്ര ചെലവ് വരുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2026-ന്റെ അവസാനത്തോടെ പദ്ധതി വിജ്ഞാപനം ചെയ്യാൻ ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നു. അതിനുശേഷം എല്ലാ വാഹനങ്ങളിലും ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നത് ആരംഭിക്കും. തുടക്കത്തിൽ, ഉപകരണങ്ങൾ പുതിയ വാഹനങ്ങളിൽ മാത്രമായിരിക്കും ഘടിപ്പിക്കുന്നത്.
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുമായി (ADAS) ചേർന്ന് പ്രവർത്തിക്കുന്നതാണ് V2V ആശയവിനിമയ സംവിധാനം. ചില പ്രീമിയം എസ്‌യുവികളിൽ ഇതിനകം സമാനമായ സാങ്കേതികവിദ്യയുണ്ട്. എന്നാൽ അത് സെൻസറുകളിൽ പ്രവർത്തിക്കുന്നതാണ്. പദ്ധതി നടപ്പാക്കിയതിനുസേഷം അത്തരം വാഹനങ്ങൾ പുതിയ സംവിധാനവുമായി സംയോജിപ്പിക്കും. ഇന്ത്യയിൽ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിലും മൊത്തത്തിലുള്ള ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിലും V2V സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: India is set to implement Vehicle-to-Vehicle (V2V) communication by end of 2026. This network-free tech will boost road safety, prevent accidents, and reduce fatalities.
Published: 09 Jan 2026, 10:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented