ഗുരുവായൂര്‍: ഏകാദശി തൊഴാന്‍ തിങ്കളാഴ്ച ഗുരുവായൂരിലേക്ക് ഭക്തരുടെ വലിയ ഒഴുക്കായിരിക്കും. ദശമി ദിവസമായ ഞായറാഴ്ച വെളുപ്പിന് തുറന്ന ക്ഷേത്രനട ഇനി ദ്വാദശി ദിവസമായ ചൊവ്വാഴ്ച രാവിലെ എട്ടിനേ അടയ്ക്കൂ. ഏകാദശിക്ക് രാത്രി മുഴുവന്‍ ശ്രീലകവാതില്‍ തുറന്നുകിടക്കും. എന്നാല്‍, ഏകാദശിക്ക് ഉദയാസ്തമയപൂജയുള്ളതിനാല്‍ ദര്‍ശനം ഇടവിട്ടു മാത്രമേ ലഭിക്കൂ. പൊതുവരിയിലുള്ളവര്‍ക്ക് പരമാവധി ദര്‍ശനസൗകര്യം നല്‍കുന്ന രീതിയിലാണ് ക്ഷേത്രത്തിനകത്തെ ക്രമീകരണങ്ങള്‍.

To advertise here,

രാവിലെ അഞ്ചുമുതല്‍ വൈകീട്ട് അഞ്ചുവരെ പ്രത്യേക ദര്‍ശനമോ വിഐപി ദര്‍ശനമോ ഉണ്ടാകില്ല. നെയ്വിളക്ക് ശീട്ടാക്കിയുള്ള ദര്‍ശനവും അനുവദിക്കില്ല. പ്രസാദഊട്ട് രാവിലെ ഒന്‍പതിന് ആരംഭിക്കും. 40,000 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കും.

ഗോതമ്പുചോറ്, രസകാളന്‍, നേന്ത്രക്കായ-കൂര്‍ക്ക-കാവത്ത്-ചേന എന്നിവ കൊണ്ടുള്ള പുഴുക്ക്, വടുകപ്പുളി അച്ചാര്‍, ഗോതമ്പുപായസം എന്നിവയാണ് ഏകാദശിയുടെ വിഭവങ്ങള്‍. ഉച്ചയ്ക്ക് രണ്ടിനുശേഷം പ്രസാദഊട്ടിന്റെ വരി അവസാനിപ്പിക്കും.

അതിനുശേഷം വരുന്നവര്‍ക്ക് ബുഫെ രീതിയില്‍ ഭക്ഷണം നല്‍കും. രാത്രി 12 മുതല്‍ ദ്വാദശിപ്പണം സമര്‍പ്പിക്കാനുള്ള പ്രത്യേക വരി ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ എട്ടുവരെ ദ്വാദശിപ്പണം സമര്‍പ്പിക്കാം. ക്ഷേത്രത്തില്‍ രാവിലെ തിരുവല്ല രാധാകൃഷ്ണന്റെ മേളത്തോടെ വിശേഷാല്‍ കാഴ്ചശ്ശീവേലിയുണ്ടാകും. കൊമ്പന്‍ ഇന്ദ്രസെന്‍ കോലമേറ്റും. ശീവേലിക്കുശേഷം പഞ്ചവാദ്യത്തോടെ ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. രാത്രി വിളക്കിന് വിശേഷ സ്വര്‍ണക്കോലം എഴുന്നള്ളിക്കും.