തലയോലപ്പറമ്പ് : കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ഉമ്മാംകുന്ന് മേപ്പത്തുകുന്നേല്‍ ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നവീകരിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. ആ നിമിഷത്തിന് സാക്ഷിയാകാന്‍ വെള്ളിയാഴ്ച രാത്രിയും ഇടതോരാതെ പെയ്ത മഴയില്‍ ജനം മേപ്പത്തുകുന്നേല്‍ വീട്ടിലേക്ക് എത്തി. ബിന്ദുവിന്റെ സ്വപ്നമായിരുന്ന പണിതീര്‍ന്ന വീടിന്റെ താക്കോല്‍ മന്ത്രിമാരായ ആര്‍. ബിന്ദു, വി.എന്‍. വാസവന്‍ എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന് കൈമാറിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. ചികിത്സയെ തുടര്‍ന്ന് എറണാകുളത്ത് ബന്ധുവീട്ടില്‍ വിശ്രമിക്കുന്ന ബിന്ദുവിന്റെ മകള്‍ നവമി ചടങ്ങില്‍ പങ്കെടുത്തില്ല.

To advertise here,

അമ്മയെന്ന പദത്തിനും സ്ഥാനത്തിനും പകരം െവയ്ക്കാന്‍ മറ്റൊന്നുമില്ലെങ്കിലും ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ എന്നുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബിന്ദുവിന്റെ വീട് നിര്‍മാണം ആരംഭിക്കുന്ന സമയത്ത് നേതൃത്വം നല്‍കിയ എന്‍എസ്എസ് സംസ്ഥാന കോഡിനേറ്റര്‍ ഡോ.എ. അന്‍സാറിന്റെ വേര്‍പാട് വേദനയോടെ സ്മരിക്കുന്നുവെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായി. സി.കെ. ആശ എംഎല്‍എ, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ.പി.കെ. ഹരികുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

ജില്ലാ പഞ്ചായത്തംഗം ടി. ശരത്, തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിന്‍സന്റ്, വാര്‍ഡ് അംഗം ഡൊമിനിക് ചെറിയാന്‍, എംജി യൂണിവേഴ്‌സിറ്റി എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. ശിവദാസ്, കേരള യൂണിവേഴ്‌സിറ്റി എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.എ. ഷാജി, ഭവന നവീകരണ കോഡിനേറ്റര്‍ ഡോ.സി.എം. കുസുമന്‍, എംജി യൂണിവേഴ്‌സിറ്റി ജില്ലാ കോഡിനേറ്റര്‍ ഡോ. വില്‍സണ്‍ സി.തോമസ് എന്നിവര്‍ പങ്കെടുത്തു.

ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമാണ് 12.50 ലക്ഷം രൂപ വിനിയോഗിച്ച് വീട് നവീകരിച്ചത്. അടുക്കളയുടെഭാഗം പൂര്‍ണമായും പൊളിച്ചുമാറ്റി ശൗചാലയം ഉള്‍പ്പെടുന്ന ഒരുമുറിയും, അടുക്കളയും വര്‍ക്ക് ഏരിയയും പുതുതായിപണിത് നിലവിലുള്ള വീടിനോടുകൂട്ടിച്ചേര്‍ത്ത് കോണ്‍ക്രീറ്റ് ചെയ്തതാണ് പുതിയ വീട്. വീട്ടിലേക്കുള്ള വഴിയിലെ നടകളും നവീകരിച്ച് ചുറ്റുമതിലും നിര്‍മിച്ചിട്ടുണ്ട്.