കോഴിക്കോട്: സഹകരണസംഘങ്ങളിൽ നിക്ഷേപിക്കുന്ന എല്ലാവർക്കും നിക്ഷേപത്തിന് സർക്കാർ ഗ്യാരണ്ടി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആ ഉറപ്പ് നിേക്ഷപകർക്ക് നൽകുക എന്നതാണ് സഹകരണരംഗത്തെ സർക്കാരിന്റെ നയം. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണസംഘത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

To advertise here,

സഹകരണമേഖല കൂടുതൽ വിശ്വാസ്യത ആർജിച്ചെടുക്കണം. രണ്ടോ മൂന്നോ പേർ ശ്രമിച്ചാൽ നാട്ടുകാരുടെ പണം അടിച്ചുകൊണ്ടുപോകാം എന്ന അവസ്ഥയുണ്ടാകരുത്. കോൺഗ്രസുകാരനായാലും മറ്റേത് പാർട്ടിക്കാരനായാലും നാട്ടുകാരുടെ പണം കവർന്നെടുക്കുന്നവരുടെ സ്ഥാനം ജയിലിലാണ്. സഹകരണമേഖല നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. അത് തകർന്നാൽ സർക്കാരിനാണ് നഷ്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണമേഖലയിൽ എന്തും ചെയ്യാമെന്നു തെളിയിച്ച ആളാണ് സംഘത്തിന്റെ സ്ഥാപകൻ സി.എൻ. വിജയകൃഷ്ണനെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണമേഖലയിലെ രാജ്യത്തെ ആദ്യത്തെ വിമാനസർവീസായ കോ എയറിന് സംസ്ഥാനസർക്കാർ അനുമതി നൽകി. എയർഇന്ത്യപോലെ, ഇൻഡിഗോപോലെ, എയർലൈൻസ് വരാൻ പോവുകയാണ്. പൂർണമായ ആത്മവിശ്വാസത്തോടെയാണ് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സൊസൈറ്റിയുൾപ്പെടെ വിജയിപ്പിച്ച ടീമിന് എയർലൈൻസിന് അനുമതി നൽകുന്നത്. എന്നിട്ടു വേണം നമുക്ക് ലോകത്തോടുപറയാൻ ഇതാണ് കേരളത്തിന്റെ സഹകരണ മേഖലയെന്ന് - മുഖ്യമന്ത്രി പറഞ്ഞു.

എം.കെ. രാഘവൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാർക്കുള്ള വൈദ്യുത കസേരകളുടെ വിതരണം സഹകരണസംഘം രജിസ്ട്രാർ അനു എസ്. നായർ നിർവഹിച്ചു. വി.കെ. ഫൈസൽബാബു എം.എൽ.എ. അധ്യക്ഷനായിരുന്നു. എം.എൽ.എമാരായ കെ. ജയന്ത്, കെ. പ്രവീൺകുമാർ, ഫാത്തിമ തഹിലിയ, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻഹാജി, കൗൺസിലർ കെ.പി. അനിൽകുമാർ, എം.വി.ആർ. കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർപേഴ്‌സൺ പ്രീമ മനോജ്, വൈസ് ചെയർമാൻ കെ. ശ്രീനിവാസൻ, ജനറൽ മാനേജർ സാജു ജയിംസ്, കോഴിക്കോട് കോർപ്പറേഷൻ അർബൻ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പി. ബാലഗംഗാധരൻ എന്നിവർ സംസാരിച്ചു.