തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരുകളുടെ കാലത്ത് 144 പോലീസുദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്ന വാദം പൊളിയുന്നു. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ 144 എന്ന കണക്ക് സാധൂകരിക്കുന്ന വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ല.

To advertise here,

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ 47 പോലീസുദ്യോഗസ്ഥരെമാത്രമാണ് പിരിച്ചുവിട്ടതെന്നാണ് വിവരാവകാശനിയമപ്രകാരം പോലീസ് ആസ്ഥാനത്തുനിന്നുള്ള മറുപടി. ഒന്നാം സർക്കാരിന്റെ കാലത്ത് നൂറോളംപേരെ പിരിച്ചുവിടാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

പിരിച്ചുവിടപ്പെട്ട പോലീസുദ്യോഗസ്ഥരുടെ കണക്ക് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ ഇത് തെറ്റാണെന്നും പിരിച്ചുവിടപ്പെട്ടവരുടെ പട്ടിക പുറത്തുവിടണമെന്നും കോൺഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ഇതേ ആവശ്യമുന്നയിച്ച് ആഭ്യന്തരവകുപ്പിലും പോലീസ് ആസ്ഥാനത്തും വിവരാവകാശ അപേക്ഷകൾ ലഭിച്ചെങ്കിലും വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന മറുപടിയാണുണ്ടായത്. പിന്നീടാണ് ഈ സർക്കാരിന്റെ കാലത്ത് 46 പോലീസുകാരെ പിരിച്ചുവിട്ടെന്ന മറുപടി നൽകിയത്. അതിനുശേഷം ഒരാളെക്കൂടി പിരിച്ചുവിട്ടതോടെ 47 ആയി.

ഗുണ്ടാബന്ധമുള്ളവരും ക്രിമിനൽ കേസുകളിൽ പ്രതിയായവരും ഉൾപ്പെടെയുള്ളവരാണ് നാലരവർഷത്തിനിടെ പിരിച്ചുവിടപ്പെട്ടവരുടെ പട്ടികയിലുള്ളത്. ഡ്രൈവർമാർ മുതൽ ഇൻസ്പെക്ടർ റാങ്കിലുള്ളവർവരെ ഇക്കൂട്ടത്തിൽപ്പെടും.

ഷാഫി പറമ്പിൽ എംഎൽഎയെ മർദിച്ചെന്ന ആരോപണമുയർന്ന പോലീസുദ്യോഗസ്ഥനായ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ നേരത്തേ നോട്ടീസ് നൽകിയിരുന്നെങ്കിലും അതുണ്ടായില്ലെന്നാണ് വിവരാവകാശ രേഖയിൽനിന്ന് വ്യക്തമാകുന്നത്.

സസ്പെൻഡുചെയ്തും വാർഷിക വേതനവർധന രണ്ടുവർഷത്തേക്ക് തടഞ്ഞും അച്ചടക്ക നടപടി അവസാനിപ്പിക്കുകയായിരുന്നു.