
തൃശ്ശൂര്‍: ചായയോ കാപ്പിയോ കുടിക്കുന്നില്ലെങ്കിലും കപ്പുകളോട് പ്രത്യേക ഇഷ്ടമാണ്. എന്നാല്‍പ്പിന്നെ വിവിധ രാജ്യങ്ങളിലെ വേറിട്ട കപ്പുകളെല്ലാം ശേഖരിച്ചിട്ടുതന്നെ കാര്യം. പുതൂര്‍ക്കര ഗംഗോത്രിയിലെ സുനില്‍ഘോഷിന്റെ ഇഷ്ടത്തിന് ഭാര്യ ഷീലയും കട്ട സപ്പോര്‍ട്ട്.
അതോടെ ഇഷ്ടപ്പെട്ട, വ്യത്യസ്തത തോന്നുന്ന കപ്പുകളെല്ലാം ശേഖരിച്ച് സുനില്‍ വീട്ടില്‍ സൂക്ഷിക്കാന്‍ തുടങ്ങി. ഭാര്യ ഷീല അവയ്ക്കായി വീട്ടില്‍ പ്രത്യേക ഇടമൊരുക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യതോടെ സംഭവം കളറായി.
യുഎഇ, ശ്രീലങ്ക, ഡെന്‍മാര്‍ക്ക്, ടിബറ്റ്, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെയുള്ള കപ്പുകള്‍ വരെ ഇവരുടെ ശേഖരത്തിലുണ്ട്. 35 വര്‍ഷങ്ങള്‍ക്കുമുന്‍പ് ആരംഭിച്ച വിനോദം ഇന്ന് 1500-ലേറെ കപ്പുകളിലെത്തിനില്‍ക്കുന്നു.
ഇവയില്‍ 350-ഓളം എണ്ണം സമാനകളില്ലാത്തതാണ്. യുകെയിലേക്ക് സ്ഥലംമാറിപ്പോകവേ ജനറല്‍ മാനേജര്‍ ഫിന്‍ പീറ്റേഴ്‌സണ്‍ സമ്മാനിച്ച കപ്പുകളാണ് ആദ്യ ശേഖരം. 'തനിക്ക് കപ്പുകള്‍ ശേഖരിച്ചൂടെ?' എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് സുനിലിന് പ്രചോദനമായത്.
അഞ്ച് സെന്റീമീറ്റര്‍ മുതല്‍ ഒരടിയിലേറെ വലുപ്പമുള്ള കപ്പുകള്‍വരെ ശേഖരത്തിലുണ്ട്. അറബ് രാജ്യങ്ങളിലെ പരമ്പരാഗത കാപ്പിയായ 'ഖാവ' കുടിക്കാന്‍ ഉപയോഗിക്കുന്ന 24 കാരറ്റ് സ്വര്‍ണം പൂശിയ കപ്പും ഇതില്‍ ഉള്‍പ്പെടും. കപ്പുകളോടുള്ള പ്രണയം അറിഞ്ഞതോടെ പലരും കപ്പുകള്‍ സമ്മാനിക്കാന്‍ തുടങ്ങിയതും കപ്പുകളുടെ എണ്ണം കൂട്ടി. ഗോള്‍ഡ് പ്ലേറ്റഡ് കപ്പ് അത്തരത്തില്‍ ദുബായ് കൊട്ടാരത്തില്‍നിന്ന് ഒരു സുഹൃത്ത് സമ്മാനമായി നല്‍കിയതാണ്. വെള്ളി പൂശിയ കപ്പുകളും കൂട്ടത്തിലുണ്ട്. ''മക്കളില്‍ ആരെയാണ് കൂടുതലിഷ്ടം എന്ന് പറയാന്‍ കഴിയാത്തപോലെയാണ് കപ്പുകളുടെ കാര്യവും'' - ദമ്പതിമാര്‍ പറയുന്നു.
ഡ്രാക്കുള മുതല്‍ ഗാന്ധി വരെയുള്ള പ്രിന്റുകളുള്ള കപ്പുകള്‍, ലോകോത്തര കാര്‍ കമ്പനിയായ ഫെറാറിയുടേതുള്‍പ്പെടെ വിവിധ ബ്രാന്‍ഡുകളുടെ കപ്പുകള്‍ എന്നിങ്ങനെ കപ്പ് ലിസ്റ്റ് നീളുന്നു. വീടിന്റെ രണ്ടു നിലകളിലായി മൂന്ന് പ്രത്യേക ഷെല്‍ഫുകള്‍ കപ്പുകള്‍ സൂക്ഷിക്കാനായി തയ്യാറാക്കിയിട്ടുണ്ട്.
20 വര്‍ഷമായി പളുങ്ക് ഗ്ലാസുകളുടെ ശേഖരണവും തുടങ്ങി. ഇതിലിപ്പോള്‍ 700-ഓളം ഗ്ലാസുകളുണ്ട്. താഴെ വീണാല്‍ പൊട്ടാന്‍ സാധ്യതയുള്ള ഇവയെ ഏറെ ശ്രദ്ധയോടെയാണ് ഷീല വൃത്തിയാക്കുന്നത്. മക്കളായ നികേഷ് ഘോഷ്, ഭരത്ചന്ദ്ര ഘോഷ് എന്നിവരും മാതാപിതാക്കളുടെ ഈ ഹോബിക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.
Content Highlights: Discover a remarkable collection of over 1500 unique cups from around the world, including UAE, Sri Lanka, Denmark, and more. A 35-year passion project!
Published: 01 Dec 2025, 10:08 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented