ആലപ്പുഴ: മുസ്‌ലിം ലീഗ് ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറിൽനിന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരൻ പിന്മാറി. ലീ​ഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിൽനിന്നാണ് അദ്ദേഹം പിന്മാറിയത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് സെമിനാറിന്റെ ഉദ്​ഘാടകൻ.

To advertise here,

മുസ്‌ലിം ലീ​ഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ ജി.സുധാകരൻ പങ്കെടുക്കുന്നതിനെക്കുറിച്ച് വലിയതോതിൽ ചർച്ചകൾ ഉയർന്നതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്നാണ് ജി.സുധാകരൻ അറിയിച്ചിരിക്കുന്നത്. ജി.സുധാകരനോട് ചോദിച്ച ശേഷമാണ് പോസ്റ്ററിൽ പേരുവെച്ചതെന്നാണ് വിവരം. സെമിനാറിൽ പങ്കെടുക്കാൻ സുധാകരൻ എത്തുമെന്നാണ് സംഘാടകർ ഉൾപ്പെടെ കരുതിയിരുന്നത്.

ജി.സുധാകരൻ പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ് ഇവിടെയുണ്ടെന്ന് സെമിനാർ ഉദ്ഘാടനംചെയ്യവേ രമേശ് ചെന്നിത്തല പറഞ്ഞു. മുസ്‌ലിം ലീ​ഗിനെ പിണറായി വിജയൻ മതേതരത്വം പഠിപ്പിക്കേണ്ട. മതേതരത്വം സംരക്ഷിക്കുന്നതിൽ ലീ​ഗ് എന്നും മുന്നിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞദിവസമാണ് സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം അവസാനിച്ചത്. ഉദ്ഘാടന സമ്മേളനത്തിലേക്കും പൊതുസമ്മേളനത്തിലേക്കും പാർട്ടി ജില്ലാ കമ്മിറ്റി ഔ​ദ്യോ​ഗികമായി ക്ഷണിച്ചിരുന്നെങ്കിലും സുധാകരൻ പങ്കെടുത്തിരുന്നില്ല. അതിന് കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് എന്തുപറഞ്ഞാലും വാർത്തയാവും എന്നതിനാൽ പ്രതികരിക്കാനില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 

ആലപ്പുഴയിൽ മുസ്‌ലിം ലീ​ഗ് സംഘടിപ്പിച്ച രണ്ടാമത്തെ ചടങ്ങിൽനിന്നാണ് ജി.സുധാകരൻ ഇപ്പോൾ പിന്മാറിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുമുൻപ് ചന്ദ്രിക സംഘടിപ്പിച്ച ഒരു ചടങ്ങിൽനിന്നും സുധാകരൻ പിന്മാറിയിരുന്നു.