മലപ്പുറം: അമ്പലപ്പുഴ തിരഞ്ഞെടുപ്പിലെ തന്റെ ഉജ്ജ്വല വിജയത്തിന് നന്ദി രേഖപ്പെടുത്താനായി മുതിർന്ന രാഷ്ട്രീയ നേതാവ് ജി. സുധാകരൻ പാണക്കാട് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചു. തങ്ങൾ കുടുംബത്തിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമ്പലപ്പുഴയിലെ 195 ബൂത്തുകളിൽ 72 ബൂത്തുകൾ മുസ്ലിം ഭൂരിപക്ഷ മേഖലകളായിരുന്നുവെന്നും, അവിടെ 60 മുതൽ 95 ശതമാനം വരെ വോട്ടുകൾ തനിക്ക് ലഭിച്ചുവെന്നും സുധാകരൻ വ്യക്തമാക്കി. മിക്കവാറും എല്ലാ ബൂത്തുകളിലും തനിക്ക് ഭൂരിപക്ഷം ലഭിക്കാനുണ്ടായ പ്രധാന കാരണം പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ പലതവണ പ്രാദേശിക നേതാക്കളെ വിളിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതാണ് വലിയ ഭൂരിപക്ഷത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

മുസ്ലിം ജനവിഭാഗം നൂറുശതമാനം മതനിരപേക്ഷത പുലർത്തുന്നവരാണെന്നും, തനിക്കെതിരെ മത്സരിച്ചത് ഒരു മുസ്ലിം നാമധാരി ആയിരുന്നിട്ടും തനിക്ക് 28,000-ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷം നൽകാൻ ആ വിഭാഗം തയ്യാറായെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫും കോൺഗ്രസും മുസ്ലിം ലീഗും നൽകിയ പിന്തുണ തനിക്ക് വലിയൊരു രക്ഷാകവചമായി മാറി. കേരളത്തിൽ ഏറ്റവും കുറഞ്ഞ ചിലവിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നായിരുന്നു ഇതെന്ന് സുധാകരൻ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ചിലവിന്റെ 80 ശതമാനവും വഹിച്ചത് കോൺഗ്രസ് ആണെന്നും, പോസ്റ്റർ ഒട്ടിക്കാൻ പോലും ആരെയും പ്രത്യേകം ഏൽപ്പിക്കേണ്ടി വരാത്ത വിധം പ്രവർത്തകർ സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടെ തന്റെ സന്ദർശനം വ്യക്തിപരമായ ഒന്നാണെന്നും കണ്ണൂരിലെ രാഷ്ട്രീയ മാറ്റങ്ങളുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.