
ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവലിന്റെ ഭാഗമായി ഫോർട്ട്കൊച്ചി പരേഡ് മൈതാനത്ത് സ്ഥാപിച്ചിട്ടുള്ള പപ്പാഞ്ഞിയുടെ മുഖച്ഛായ മാറി. നേരത്തെ പപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായയുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. പ്രവർത്തകർ സമരം നടത്തിയിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്ച പപ്പാഞ്ഞിനിർമാണ ജോലികൾ നിർത്തിവെയ്ക്കുകയും ചെയ്തു. പിന്നീട് പപ്പാഞ്ഞിയുടെ മുഖം താഴെ ഇറക്കി, ജോലികൾ പൂർത്തിയാക്കി വീണ്ടും കയറ്റി. മുഖത്ത് ചെറിയ രൂപമാറ്റവും വരുത്തി.
പുതുവർഷാഘോഷം എല്ലാവരുടേതുമാണെന്നും പരാതികൾ പരിഹരിച്ച് പപ്പാഞ്ഞിയെ സ്ഥാപിക്കുമെന്നും കാർണിവൽ സംഘാടക സമിതി ഭാരവാഹികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പപ്പാഞ്ഞിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വിവാദം കൊഴുത്തതോടെ, അത് കാണാൻ ആയിരങ്ങളാണ് വെള്ളിയാഴ്ച ഫോർട്ട്കൊച്ചിയിലെത്തിയത്. പപ്പാഞ്ഞിപ്പണികൾ വെള്ളിയാഴ്ച രാത്രിയോടെ പൂർത്തിയാകും. ഫോർട്ട്കൊച്ചിയിലെ ഗ്രീനിക്‌സ് എന്ന സ്ഥാപനമാണ് ഇക്കുറിയും പപ്പാഞ്ഞി നിർമാണം ഏറ്റെടുത്തത്. മുളവുകാട് നിന്നുള്ള തൊഴിലാളികളാണ് ജോലികൾ ചെയ്യുന്നത്. ഏതാണ്ട് 15 ദിവസമായി ഇവർ തുടർച്ചയായി ജോലി ചെയ്തുവരികയാണ്. 65 അടി ഉയരത്തിലാണ് പപ്പാഞ്ഞി ഒരുങ്ങുന്നത്.
പുതുവർഷം പിറക്കുന്ന പാതിരാത്രി 12 മണിക്ക് പപ്പാഞ്ഞിക്ക് തീ കൊളുത്തും. കരിമരുന്നിനങ്ങൾ നിറച്ച പപ്പാഞ്ഞി കത്തിയമരുന്ന സവിശേഷമായ പുതുവർഷാഘോഷത്തിൽ പങ്കുകൊള്ളാൻ ലോകമെമ്പാടു നിന്നുമായി ആയിരങ്ങളാണ് ഫോർട്ട്കൊച്ചിയിലെത്താറുള്ളത്.
ഫോർട്ട്കൊച്ചിയിലേക്ക് വൻ ജനപ്രവാഹം
ഫോർട്ടുകൊച്ചി: പുതുവർഷാഘോഷത്തിന് ഒരുനാൾ മാത്രം ശേഷിക്കേ ഫോർട്ട്കൊച്ചിയിലേക്ക് വൻ ജനപ്രവാഹം. വെള്ളിയാഴ്ച രാത്രി എല്ലാ വഴികളും ഫോർട്ട്കൊച്ചിയിലേക്ക് ഒഴുകുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ വാഹനങ്ങളും ഒഴുകിയെത്തി. ജില്ലയ്ക്ക് പുറത്തുള്ളവരാണ് വെള്ളിയാഴ്ച കൂടുതലായെത്തിയത്.
ഇതര ജില്ലകളിലെ രജിസ്‌ട്രേഷനുള്ള കാറുകളായിരുന്നു കൂടുതൽ. സന്ധ്യയോടെ റോഡുകളിലൊക്കെ തിരക്കായി. ശനിയാഴ്ച നിയന്ത്രണങ്ങളുണ്ടാകുമെന്നതിനാൽ ഇതര ജില്ലക്കാർ നേരത്തേ എത്തുകയായിരുന്നു. ഫോർട്ട്കൊച്ചി വെളി മൈതാനത്തെ കൂറ്റൻ ക്രിസ്‌മസ് ട്രീ തന്നെയാണ് ഏറ്റവുമേറെ ആളുകളെ ആകർഷിക്കുന്നത്. കടപ്പുറത്തേക്കും ധാരാളം ആളുകളെത്തുന്നു.
ഫോർട്ട്കൊച്ചിയിലെ പപ്പാഞ്ഞിയെ കാണാനും ധാരാളം പേരെത്തുന്നുണ്ട്. രാത്രി ഏറെ വൈകിയും ഫോർട്ട്കൊച്ചിയിലേക്കുള്ള വാഹന ഒഴുക്ക് തുടരുകയാണ്. ഫോർട്ട്കൊച്ചിയിൽ താമസ സൗകര്യമുള്ള ഹോം സ്‌റ്റേകളും, ഹോട്ടലുകളുമൊക്കെ നേരത്തേതന്നെ ബുക്ക് ചെയ്തിരിക്കുകയാണ്. വിദേശ സഞ്ചാരികൾ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിൽ നിന്നുളള സഞ്ചാരികളും ഫോർട്ട്കൊച്ചിയിൽ മുൻകൂട്ടി മുറികൾ ബുക്ക് ചെയ്തിരിക്കുകയാണ്.
രണ്ടുവർഷത്തിന് ശേഷമെത്തുന്ന പുതുവർഷാഘോഷം വലിയരീതിയിൽ ആഘോഷിക്കാനുള്ള ഒരുക്കങ്ങളാണെവിടെയും. ശനിയാഴ്ച വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വഴികളിലെല്ലാം പരിശോധന കർശനമാക്കും.
കൂടുതൽ പോലീസിനെയും കൊച്ചിയിൽ നിയോഗിച്ചിട്ടുണ്ട്. കൊച്ചിയിലെ പുതുവർഷാഘോഷം അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധ നേടിയിട്ടുളളതിനാൽ വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ചെറുപ്പക്കാർ എല്ലാ ദിക്കിൽനിന്നും ഫോർട്ട്കൊച്ചിയിലേക്ക് എത്തും. ഇരുചക്രവാഹനങ്ങൾ കർശനമായി പരിശോധിക്കും.
ഫോർട്ട്കൊച്ചിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്ര ജനം എത്തുമെന്നാണ് കാർണിവൽ കമ്മിറ്റി പ്രതീക്ഷിക്കുന്നത്. ജനത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യാഴാഴ്ച ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചർച്ചചെയ്തിരുന്നു. അതനുസരിച്ചുള്ള ക്രമീകരണം മേഖലയിൽ ഏർപ്പെടുത്തും.

ഫോർട്ട്കൊച്ചിയിൽ സുരക്ഷ കൂട്ടി
കൊച്ചി: പുതുവത്സരാഘോഷങ്ങളുടെയും കാർണിവലിന്റെയും ഭാഗമായി ശനിയാഴ്ച ഫോർട്ട്കൊച്ചിയിൽ പോലീസ് നിയന്ത്രണം ശക്തമാക്കി. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നിയന്ത്രണങ്ങളുണ്ടാകും. സുരക്ഷയുടെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ പ്രത്യേക കൺട്രോൾ റൂം തുറക്കും.
കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ നാല് എ.സി.പി.മാരെയും 10 ഇൻസ്പെക്ടർമാരെയും പശ്ചിമകൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിക്കും. വനിതാ പോലീസിന്റെയും സേവനമുണ്ടാകും.
ആഘോഷത്തിന് എത്തുന്നവരെ നിരീക്ഷിക്കാൻ രണ്ടായിരത്തിൽ കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു. ഡ്രോൺ നിരീക്ഷണവും ഉണ്ടാകും. വിദേശികൾക്കായി പരേഡ് ഗ്രൗണ്ടിൽ പ്രത്യേക സ്ഥലം സജ്ജമാക്കി.
ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞ് ബീച്ചിൽനിന്ന് മടങ്ങാൻ രാത്രി 12-നുശേഷം ബസ് സർവീസുണ്ടാകും. റോ-റോ പുലർച്ചെ മൂന്നുവരെ സർവീസ് നടത്തും.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷം വാഹന നിയന്ത്രണവും പരിശോധനയും ഉണ്ടാകും. കണ്ണങ്ങാട്ട് പാലം, സ്വിഫ്റ്റ് ജങ്‌ഷൻ, ഇടക്കൊച്ചി പാലം, പഷ്ണിത്തോട് പാലം, എഴുപുന്ന പാലം, ഗുണ്ടപ്പറമ്പ്, ബി.ഒ.ടി. പാലം, തോപ്പുംപടി പഴയപാലം, പപ്പങ്ങാമുക്ക്, മാന്ദ്ര ജങ്‌ഷൻ, പോസ്റ്റോഫീസ് ജങ്‌ഷൻ, പരിപ്പ് ജങ്‌ഷൻ, സൗത്ത് മൂലംകുഴി, ജൂബിലി ജങ്‌ഷൻ, ഫോർട്ട്കൊച്ചി വെളി, വെസ്റ്റ് ജങ്‌ഷൻ എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. പശ്ചിമകൊച്ചിയിലെ താമസക്കാരെയും ഇരുചക്രവാഹനങ്ങളും സർവീസ് ബസുകളും അടിയന്തര വാഹനങ്ങളും മാത്രമാണ് കടത്തിവിടുക.
ഫോർട്ട്‌കൊച്ചിയിൽനിന്ന് ദ്രോണാചാര്യ വഴി വെളി ഈസ്റ്റ് ജൂബിലി റോഡിന് കിഴക്കോട്ട് മട്ടാഞ്ചേരി ഗൗതം ആശുപത്രിവരെയുള്ള റോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷം കാൽനടയാത്രക്കാരെ മാത്രമേ അനുവദിക്കൂ.
അടിയന്തരസാഹചര്യങ്ങൾ നേരിടാൻ നേവിയുടെയും കോസ്റ്റൽ പോലീസിന്റെയും സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
പുതുവത്സര രാവിൽ മെട്രോ പുലർച്ചെ ഒന്നുവരെ; ടിക്കറ്റ് ചാർജ് പകുതി മാത്രം
കൊച്ചി: പുതുവത്സര രാത്രിയിൽ കൊച്ചി മെട്രോ പുലർച്ചെ ഒരു മണി വരെ സർവീസ് നടത്തും. 31 ന് രാത്രി ഒൻപതുമുതൽ പുലർച്ചെ ഒന്നുവരെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
പുതുവത്സര രാത്രി ആലുവയിൽ നിന്നും എസ്.എൻ.ജംഗ്ഷനിൽ നിന്നും പുലർച്ചെ ഒന്നിനാണ് അവസാന ട്രെയിൻ പുറപ്പെടുക. സാധാരണ 11.30 വരെയാണ് മെട്രോ സർവ്വീസ്. 20 മിനിറ്റിന്റെ ഇടവേളയിലായിരിക്കും ഒരു മണി വരെയുള്ള ട്രെയിൻ സർവ്വീസെന്നും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

പാർക്കിങ് നിരോധനം
ഫോർട്ട്കൊച്ചി ഭാഗത്തെ എല്ലാ റോഡരികിലും പാർക്കിങ് നിരോധിക്കും. വാഹനങ്ങൾ നിർത്തിയിടാൻ ബിഷപ്പ് ഹൗസ് പാർക്കിങ് ഏരിയ, സാൻറാക്രൂസ് സ്കൂൾ ഗ്രൗണ്ട്, സെയ്ന്റ് പോൾസ് സ്കൂൾ ഗ്രൗണ്ട്, ഡെൽറ്റാ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ സൗകര്യമുണ്ട്.
Content Highlights: fort kochi new year celebration pappanji face narendra modi resemblance changed
Published: 31 Dec 2022, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented