തിരുവനന്തപുരം: ജീവനക്കാരിയുമായി അശ്ലീലസംഭാഷണം നടത്തിതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിനെതിരേ ഉയർന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വനംവകുപ്പിലാണ് ഉദ്യോഗസ്ഥരുടെ ഏറ്റമുട്ടലിനെത്തുടര്‍ന്ന് അശ്ലീലസംഭാഷണ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവങ്ങളുടെ തുടര്‍ച്ചയായി ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. രഞ്ജിത്ത് കുമാറിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

To advertise here,

വനിതാ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ നടപടിക്ക് ശുപാര്‍ശ നല്‍കിയത്. രഞ്ജിത് കുമാര്‍ ജീവനക്കാരിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. ജീവനക്കാരിക്കെതിരെ ജാത്യാധിക്ഷേപ പരാതി ഉയരുകയും ആരോപണം വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കള്ളക്കേസ് ചമച്ചുവെന്ന ആരോപണവുമായി ജീവനക്കാരി വനിതാകമ്മിഷനെ സമീപിച്ചത്.

അന്വേഷണത്തിനും ഹിയറിങ്ങിനും ശേഷമാണ് വനിതാ കമ്മിഷന്‍ ഡി.എഫ്.ഒയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഡി.എഫ്.ഒ. അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ ശുപാര്‍ശ. എന്നാല്‍, ഇത് നടപ്പാകാതെ വന്നതോടെ ജീവനക്കാരിയും മാതാവും വനംമന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തത്.

സസ്‌പെന്‍ഷന് പിന്നാലെയാണ് അശ്ലീലശബ്ദരേഖാവിവാദം ഉടലെടുക്കുന്നത്. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടില്ലെന്നാണ് ജീവനക്കാരിയുടെ വിശദീകരണം. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്നും അവര്‍ പറയുന്നു. താന്‍ ഇത്തരത്തിലൊരു സംഭാഷണവും റെക്കോര്‍ഡ് ചെയ്തിട്ടില്ല. മന്ത്രിയുടെ ഓഫീസിലെ ആരും തന്നോട് അങ്ങനെ സംസാരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ തുണയ്ക്കുന്ന ലോബി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതായും അവര്‍ തനിക്കെതിരെ നടത്തുന്ന പ്രചാരണമായിരിക്കാം അശ്ലീലസംഭാഷണ ശബ്ദരേഖയുമായി ബന്ധപ്പെട്ടുള്ളതെന്നും ജീവനക്കാരി സംശയിക്കുന്നു. മന്ത്രിയുടെ ഓഫീസിനെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കമാവാം ഇതെന്നും അവര്‍ ആരോപിക്കുന്നു. 

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ വനിതാ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാരി. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കുമെന്നും അവര്‍ പറയുന്നു. താന്‍ സര്‍വീസില്‍ കയറിയതുമുതല്‍ തനിക്കെതിരെ ഉദ്യോഗസ്ഥരില്‍ ഒരുവിഭാഗത്തിന്റെ നീക്കം നടക്കുന്നതായും അവര്‍ ആരോപിക്കുന്നു. അതേസമയം, സംഭവങ്ങളില്‍ മന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.