പയ്യോളി(കോഴിക്കോട്): ഗുണനിലവാരമില്ലാത്തതും പൂപ്പല്‍ബാധിച്ചതുമായ ഭക്ഷ്യവസ്തുക്കളില്‍നിന്ന് പുതിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചു. പയ്യോളി ഐപിസി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഷിറിന്‍ ഫുഡ്‌സ് എന്ന സ്ഥാപനമാണ് അടപ്പിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ പി.ജി. ഉന്മേഷ്, കൊയിലാണ്ടി ഓഫീസര്‍ ഡോ. വിജി വില്‍സണ്‍, ഉദ്യോഗസ്ഥനായ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടു. 3000 കിലോഗ്രാം ബ്രഡ് ക്രംസ്, 500 കിലോവരുന്ന ചപ്പാത്തി, ബണ്‍, ബ്രെഡ്, റസ്‌ക് എന്നിവയാണ് പിടിച്ചത്. കാലിത്തീറ്റനിര്‍മിക്കാനെന്നുപറഞ്ഞ് വ്യാപാരികളില്‍നിന്ന് കാലാവധികഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് അവ പൊടിച്ച് ഫാസ്റ്റ്ഫുഡ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് വിതരണംചെയ്യുകയാണ് സ്ഥാപനമെന്ന് ഓഫീസര്‍ പി.ജി. ഉന്മേഷ് പറഞ്ഞു.

To advertise here,

കട്ലറ്റ്, എണ്ണക്കടികള്‍ എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കുക. മാസത്തില്‍ ലക്ഷങ്ങളുടെ വില്‍പ്പന ഇവിടെ നടക്കുന്നുണ്ട്. ബെംഗളൂരുവില്‍നിന്നുപോലും ഇങ്ങനെ പഴകിയവസ്തുക്കള്‍ ശേഖരിക്കുന്നുണ്ട്. തിരിച്ച് നല്ല ഉത്പന്നങ്ങളായി കൈമാറുന്നു. ബേക്കറി യൂണിറ്റിനാണ് സ്ഥാപനത്തിന് നഗരസഭയുടെ ലൈസന്‍സുള്ളത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരു സ്ഥാപനത്തില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാന്‍ നിയമമില്ല. ഗുണമുള്ള ഭക്ഷ്യവസ്തുവാണോയെന്ന് പരിശോധിക്കാനുള്ള ഉപകരണമില്ല. പഴകിയ ഭക്ഷ്യവസ്തുക്കളിലെ ഉത്പന്നം പശുവിനുനല്‍കിയാല്‍ അത് പാലിനെ ബാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചാല്‍ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കും.