നിലവിലെ വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് മുൻ സർക്കാരിന്റെ വീഴ്ചകളും കാരണമാണെന്ന് വകുപ്പുമന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. അധികം വൈകാതെ പ്രശ്‌നത്തിന് താൽക്കാലിക പരിഹാരമെങ്കിലും കണ്ടെത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
നിലവിലുള്ള ജലവൈദ്യുത പദ്ധതികളിൽ പമ്പ്ഡ് സ്റ്റോറേജ് സംവിധാനം കൊണ്ടുവരാനുള്ള സാധ്യത എന്താണ്?
ജലവൈദ്യുത പദ്ധതികളിൽ പുതുതായി നടപ്പാക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് പമ്പ്ഡ് സ്റ്റോറേജ്. വൈദ്യുതി ഉത്പാദിപ്പിച്ചശേഷം ഒഴുകിപ്പോകുന്ന വെള്ളം വീണ്ടും അതേ പദ്ധതിയുടെ ഡാമിലേക്ക് പമ്പ് ചെയ്ത്, പിന്നീട് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ, ഇത് നടപ്പാക്കാൻ സമയമെടുക്കും. ഇടുക്കിയിൽ ഈ പദ്ധതി കൊണ്ടുവരുന്നതിനെക്കുറിച്ച് ഒരു യോഗത്തിൽ ചർച്ച ചെയ്തപ്പോൾ പത്തുവർഷം വരെ വേണ്ടിവരുമെന്നാണ് പറഞ്ഞത്. പിന്നീടുള്ള യോഗത്തിൽ അഞ്ചുവർഷമെന്ന് പറഞ്ഞു. ഫലത്തിൽ ഏഴുവർഷം വരെയെങ്കിലും താമസമുണ്ടാകാം.
കക്കയത്ത് ഇതിന്റെ ഇൻവെസ്റ്റിഗേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ചില പത്രങ്ങളിൽ വന്നതുപോലെ ഉപേക്ഷിച്ച പദ്ധതിയല്ല അത്. ഇതിലുണ്ടാകുന്ന കാലതാമസം ആരെങ്കിലും മനഃപൂർവം വരുത്തുന്നതല്ല. നടപടിക്രമങ്ങൾ അങ്ങനെയാണ്. വനം, പരിസ്ഥിതി വകുപ്പുകളുടെ അനുമതി വേണം. അതൊന്നും എളുപ്പത്തിൽ പൂർത്തിയാകുന്നതല്ല.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുന്നത് രാത്രികാല വൈദ്യുതി ആവശ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട്? നിരക്കിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ ?
ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായും രാത്രിയിലാണ് ചാർജ് ചെയ്യുന്നത്. പകൽ വാഹനങ്ങൾ ഉപയോഗിക്കും. രാത്രിയിൽ ഉറങ്ങുന്ന സമയത്ത് വാഹനം ചാർജ് ചെയ്യുകയും എ.സി. ഉപയോഗിക്കുകയും ചെയ്യുന്നു. ഇങ്ങനെ രണ്ടുരീതിയിൽ രാത്രിയിലെ വൈദ്യുതി ഉപയോഗം കൂടുകയാണ്. ഇത് എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് ആലോചിക്കുകയും പരിശോധിക്കുകയും വേണം.
വൈദ്യുതി പ്രതിസന്ധിയിൽ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുമ്പോളും യുഡിഎഫ് സർക്കാരിന്റെ ഉത്തരവാദിത്വം കുറയുന്നില്ലല്ലോ? ട്രോളുകളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണല്ലോ ?
ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പരിഹാസങ്ങളല്ല അത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള, ദുഷ്ടലാക്കോടെയുള്ള പ്രചരണങ്ങളാണ് കാണുന്നത്. അത് ജനങ്ങൾക്ക് നന്നായിട്ട് അറിയാം. മുഖ്യമന്ത്രിയും ഞാനും കെ.എസ്.ഇ.ബി. ചെയർമാനും കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. മാധ്യമങ്ങൾ അത് ജനങ്ങളിലെത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമായ ചില ചാനലുകളും പത്രങ്ങളും മാത്രമാണ് കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നത്.
വൈദ്യുതി പ്രതിസന്ധിയിൽ ഈ സർക്കാരിന് ഉത്തരവാദിത്വമില്ല എന്നല്ല പറയുന്നത്. എന്നാൽ, വൈദ്യുതി പോലുള്ള ഒരു വകുപ്പിൽ മൂന്നുമാസം എന്നത് അത്ഭുതങ്ങൾ സൃഷ്ടിക്കേണ്ട കാലമല്ലെന്ന് ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്.
പെട്ടെന്നുണ്ടായ പ്രതിസന്ധികളുണ്ട്. അവ തരണം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശവും സഹകരണവും തേടിക്കൊണ്ട്, വകുപ്പുകളെ ഏകോപിപ്പിച്ച്, ഉദ്യോഗസ്ഥരുടെയും ബോർഡ് അംഗങ്ങളുടെയും സഹകരണത്തോടെ പ്രവർത്തിക്കുകയാണ്. മന്ത്രി എന്ന നിലയിൽ എന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിന്റെ ഭാഗമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ പരിശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ പത്തുവർഷത്തെ കാര്യങ്ങളാണ് ഞങ്ങൾ പരിശോധിച്ചത്. പുതിയ പദ്ധതികൾ ഉണ്ടായിട്ടില്ല. പത്തുവർഷംകൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ മൂന്നുമാസംകൊണ്ട് ഉണ്ടാക്കേണ്ടതാണെന്ന് പറയാനാകില്ല. ഉണ്ടായിരുന്ന ഒരു ദീർഘകാല വൈദ്യുതി കരാർകൂടി റദ്ദാക്കുകയാണ് ചെയ്തത്.
ദീർഘകാല കരാർ റദ്ദാക്കിയത് തികഞ്ഞ തെറ്റാണ്, ബുദ്ധിമോശമാണ്. യൂണിറ്റിന് നാലുരൂപ 29 പൈസയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്നു. ഇപ്പോൾ പത്തുരൂപ കൊടുത്താലും കിട്ടാനില്ല. 25 വർഷത്തേക്കുള്ള കരാറായിരുന്നു അത്. കരാർ റദ്ദാക്കാൻ കണ്ടെത്തിയ ന്യായങ്ങൾ തെറ്റായിരുന്നു. റദ്ദാക്കിയവർതന്നെ പിന്നീട് തീരുമാനം പുനഃപരിശോധിച്ചു. അതിലൂടെ റദ്ദാക്കിയത് തെറ്റാണെന്ന് അവർതന്നെ സമ്മതിച്ചിരിക്കുകയാണ്.
എന്നാൽ, അപ്പോഴേക്കും കമ്പനികൾക്ക് കൂടുതൽ വിലയ്ക്ക് വൈദ്യുതി വിൽക്കാനുള്ള അവസരം ലഭിച്ചു. പഴയ കരാറിലേക്ക് തിരിച്ചുവരുന്നതിനുപകരം അവർ കേസിനും അപ്പീലിനും പോയി. മുൻ സർക്കാരിന് പിന്നീട് ബോധോദയമുണ്ടായെങ്കിലും കമ്പനികൾ അതിനായി കാത്തുനിന്നില്ല. നമുക്ക് ലഭിച്ച സുവർണാവസരമാണ് നഷ്ടപ്പെടുത്തിയത്.
രണ്ട് മുൻ വൈദ്യുതി മന്ത്രിമാർ പേരുവെച്ച് ലേഖനങ്ങൾ എഴുതാൻ നിർബന്ധിതരായി. അവർ പ്രതിക്കൂട്ടിലായതുകൊണ്ടാണ് അത്. മാതൃഭൂമി ദിനപത്രത്തിൽ കൃഷ്ണൻകുട്ടി എഴുതിയ ലേഖനവും ദേശാഭിമാനിയിൽ എ.കെ. ബാലൻ എഴുതിയ ലേഖനവും എന്റെ കൈവശമുണ്ട്. ഇരുവരും വ്യക്തിപരമായി എന്നോട് വളരെ സൗഹൃദമുള്ളവരാണ്. വ്യക്തിപരമായി എന്നെ വിമർശിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. പക്ഷേ, രാഷ്ട്രീയമായി അവർ നിർബന്ധിതരാണ്. എന്നിട്ടും അവരുടെ വിശദീകരണങ്ങൾ വിജയിക്കുന്നില്ല. അവർ എന്തുചെയ്തു എന്ന ചോദ്യമാണ് ജനങ്ങളുടെ മുന്നിലുള്ളത്.
ആര്യാടൻ മുഹമ്മദ് കൊണ്ടുവന്ന കരാറാണ് റദ്ദാക്കിയത്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയോ ആ നേട്ടത്തിന് പേരുദോഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായോ ആണ് അത് ചെയ്തത്. ഇപ്പോൾ അത് അവർക്കുതന്നെ തിരിച്ചടിയായിരിക്കുകയാണ്. കരാർ റദ്ദാക്കുന്നതിന് പറഞ്ഞ ന്യായീകരണങ്ങളൊന്നും നിലനിൽക്കുന്നതല്ല.
കരാർ റദ്ദാക്കിയതിന്റെ നാൾവഴി വ്യക്തമാക്കുന്ന നൂറിലേറെ പേജുകളുള്ള രേഖകൾ എന്റെ കൈവശമുണ്ട്. 2023 മേയ് പത്തിനാണ് നാലുരൂപ 29 പൈസയുടെ കരാർ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. ബോധോദയം വന്നിട്ട് അത് തിരുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടത് 2023 ഒക്ടോബർ പത്തിനാണ്, കൃത്യം അഞ്ചുമാസം കഴിഞ്ഞിട്ട്.
അതിനോടകം ഒരുപാട് വെള്ളം ഒഴുകിപ്പോയി. ഒരുപാട് വൈദ്യുതി മറ്റു സംസ്ഥാനങ്ങൾക്ക് നൽകി. പിന്നീട് ഹിയറിങ്ങും മറ്റു നടപടികളും പൂർത്തിയാകാൻ വീണ്ടും സമയമെടുത്തു. അപ്പോഴേക്കും കമ്പനികൾ മറ്റു സ്ഥലങ്ങളിൽ വൈദ്യുതി വിറ്റ് കൂടുതൽ പണം സമ്പാദിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അതുകൊണ്ട് തീരുമാനം തിരുത്തുന്നതിനെ അവർ എതിർത്തു. വൈദ്യുതി നൽകില്ലെന്ന് അവർ പറഞ്ഞു. തങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി കമ്പനികൾ അപ്പീൽ പോയി. തുടർന്ന് സർക്കാർതന്നെ സുപ്രീംകോടതിയെ സമീപിച്ചു. ചെയ്ത തെറ്റ് അവർക്കുതന്നെ ബോധ്യപ്പെട്ടു. എന്നാൽ, ആ തെറ്റിന്റെ പാപഭാരം ഇപ്പോൾ ജനങ്ങളാണ് അനുഭവിക്കുന്നത്. നാലുരൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നത് ചെറിയ കാര്യമല്ല. ഉദ്യോഗസ്ഥരോടും ഞാൻ സംസാരിച്ചു. ആ കരാർ റദ്ദാക്കിയതിൽ വൈദ്യുതി വകുപ്പിനുള്ളിൽ തന്നെ വലിയ പ്രതിഷേധമുണ്ട്.
കരാർ നഷ്ടപ്പെട്ടത് ഇപ്പോഴത്തെ വൈദ്യുതി ക്ഷാമത്തെ എങ്ങനെയാണ് ബാധിച്ചത്?
ഏപ്രിൽ മാസങ്ങളിൽ കേരളത്തിന്റെ വൈദ്യുതി ആവശ്യം കൂടിയപ്പോൾ ഏകദേശം 530 മെഗാവാട്ട് വൈദ്യുതി സ്വാപ്പ് സംവിധാനത്തിൽ കടം വാങ്ങി. നാലുരൂപ 29 പൈസയ്ക്ക് ലഭിക്കേണ്ട 465 മെഗാവാട്ട് ഉണ്ടായിരുന്നെങ്കിൽ ഇത്രയും വൈദ്യുതി കടം വാങ്ങേണ്ടിവരുമായിരുന്നില്ല. അന്ന് വാങ്ങിയ വൈദ്യുതി ഇപ്പോൾ തിരികെ നൽകിക്കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് 465 മെഗാവാട്ട് നഷ്ടപ്പെട്ടു. മറുഭാഗത്ത് 530 മെഗാവാട്ട് തിരിച്ചുനൽകാനുള്ള ബാധ്യതയും വന്നു. രണ്ടും ചേർന്നാൽ ഏകദേശം 1,000 മെഗാവാട്ടായി. ആ തീരുമാനത്തിലെ പാളിച്ചയാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. അത് തിരുത്താനും പ്രതിസന്ധി മറികടക്കാനുമാണ് ഈ സർക്കാർ ശ്രമിക്കുന്നത്.
കേരളത്തിന്റെ ആഭ്യന്തര വൈദ്യുതി ഉത്പാദനം എത്രത്തോളം വർധിപ്പിക്കേണ്ടതുണ്ട്?
കേരളം ഇപ്പോഴും ആവശ്യത്തിന്റെ 25 ശതമാനം വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ആന്ധ്ര അവരുടെ ആവശ്യത്തിന്റെ 86 ശതമാനം ഉത്പാദിപ്പിക്കുന്നു. ഇത്രയും പുഴകളും നദികളും മഴയും ലഭിക്കുന്ന കേരളത്തിൽ ആവശ്യത്തിന്റെ നാലിലൊന്ന് മാത്രമേ ഉത്പാദിപ്പിക്കാനാകുന്നുള്ളൂ. പ്രബുദ്ധ കേരളത്തിൽ അത്രയേ സാധിക്കുന്നുള്ളൂ എന്നത് ആലോചിക്കേണ്ടതാണ്. അതുകൊണ്ട് ഏതെല്ലാം മാർഗങ്ങളിലൂടെ ഉത്പാദനം വർധിപ്പിക്കാനാകുമെന്ന് പരിശോധിക്കുകയാണ്.
ഉപഭോഗം ഇനി നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ, ദുരുപയോഗം നിയന്ത്രിക്കണം. വീട്ടാവശ്യത്തിനും മറ്റു ആവശ്യങ്ങൾക്കും വൈദ്യുതി ഉപയോഗിക്കണം. അനാവശ്യമായ ഉപയോഗമാണ് ഒഴിവാക്കേണ്ടത്.
വൈദ്യുതി പാഴാക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങളോട് എന്താണ് അഭ്യർഥിക്കാനുള്ളത്? സ്വന്തം ജീവിതത്തിൽ എന്തെല്ലാം ശ്രദ്ധിക്കുന്നുണ്ട്?
ആവശ്യമില്ലാത്ത ബൾബുകളും ആഡംബര ലൈറ്റുകളും ഒഴിവാക്കണം. എന്റെ വീട്ടിലായാലും മന്ത്രിയുടെ വസതിയിലായാലും ചെന്നാൽ ആദ്യം ശ്രദ്ധിക്കുന്നത് ആവശ്യമില്ലാത്ത ലൈറ്റുകൾ കത്തുന്നുണ്ടോ എന്നാണ്. ഇപ്പോൾ എന്റെ സ്റ്റാഫ് അംഗങ്ങളും അത് പഠിച്ചു. ഏതൊക്കെ ലൈറ്റുകൾ മാത്രം ഇട്ടാൽ മതിയെന്ന് അവർക്കറിയാം.
ഈ കാര്യത്തിൽ എല്ലാവരുടെയും പ്രത്യേക ശ്രദ്ധ അഭ്യർഥിക്കുകയാണ്. ഞാൻ കുറച്ചുസമയം കഴിഞ്ഞാൽ എ.സി. ഓഫ് ചെയ്യും. മുഴുവൻ സമയവും എ.സി. ഉപയോഗിക്കുന്നതല്ല നല്ലതെന്നാണ് എന്റെ അഭിപ്രായം. അതൊക്കെ ഓരോരുത്തരുടെയും സൗകര്യമാണ്.
എന്നാൽ, 25 ഡിഗ്രി സെൽഷ്യസിൽ താഴെ താപനില ക്രമീകരിക്കേണ്ട ആവശ്യമുണ്ടോ എന്ന് ആലോചിക്കണം. ചില മുറികളിൽ ചെല്ലുമ്പോൾ 17 ഡിഗ്രിയിലാണ് എ.സി. ഇട്ടിരിക്കുന്നത്. ഞാൻ 26 ഡിഗ്രിയാണ് തിരഞ്ഞെടുക്കുന്നത്.
വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ എത്ര സമയം വേണ്ടിവരും? സർക്കാരിന്റെ മുഴുവൻ കാലാവധിയും വേണ്ടിവരുമോ?
സർക്കാരിന്റെ മുഴുവൻ കാലാവധിയും വേണ്ട. ഇപ്പോഴത്തെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം ഉടൻ ഉണ്ടാക്കും. ഒരു വർഷംകൊണ്ട് ശാശ്വത പരിഹാരം ഉണ്ടാക്കും.
നിരന്തരമായ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളും നേരിടുമ്പോൾ വൈദ്യുതി വകുപ്പ് ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ?
ഒരിക്കലും തോന്നിയിട്ടില്ല. ഇത് പ്രയാസമുള്ള വകുപ്പാണെന്ന് എ.കെ ആന്റണി ഉൾപ്പടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രയാസങ്ങൾ തരണം ചെയ്യുകയാണ് വേണ്ടത്. എനിക്ക് എല്ലാവരുടെയും സഹകരണമുണ്ട്. രാഷ്ട്രീയമായി ചില കാര്യങ്ങൾ പറയാൻ ചിലർ നിർബന്ധിതരാണ്. എന്നാൽ, വ്യക്തിപരമായി സംസാരിക്കുമ്പോൾ അവർ വളരെ മയത്തോടെയാണ് സംസാരിക്കുന്നത്. വകുപ്പും കെ.എസ്.ഇ.ബിയും നന്നായി സഹകരിക്കുന്നുണ്ട്. ജനങ്ങളും പരമാവധി സഹകരിക്കുന്നുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ടുപോകുകയാണ്.
വൈദ്യുതി നിയന്ത്രണം സാധാരണക്കാരുടെ ഉറക്കത്തെയും ജോലിയെയും ബാധിക്കുന്നതിനെ എങ്ങനെ കാണുന്നു?
അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കാം. രാത്രിയിൽ കുട്ടികൾ കരയുന്നതും പ്രായമായ അച്ഛനമ്മമാർക്ക് ഉറങ്ങാൻ കഴിയാത്തതും ജോലിക്ക് പോകേണ്ടവരുടെ പ്രയാസവുമെല്ലാം അറിയാം. പുലർച്ചെ മൂന്നുമണിക്ക് റബർ ടാപ്പിങ്ങിന് പോകുന്നവരുണ്ട്. കഴിഞ്ഞ ദിവസം ഒരാൾ എന്നെ വിളിച്ചു. മൂന്നുമണിക്ക് ജോലിക്ക് പോകണമെങ്കിൽ രാത്രി എട്ടോ ഒമ്പതോ മണിക്ക് ഉറങ്ങണം. ആയിരം റബർ മരങ്ങൾ ടാപ്പ് ചെയ്യുന്ന ആളാണ്. ഞാൻ റബർ ടാപ്പിങ് ചെയ്തിട്ടുള്ള ആളായതുകൊണ്ട് ആ പ്രയാസം എനിക്ക് മനസ്സിലാകും.
വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മാറ്റിത്തരണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. പക്ഷേ, നമ്മുടെ കൈവശം വൈദ്യുതിയുണ്ടെങ്കിൽ കൊടുക്കാതിരിക്കുമോ എന്നതും മനസ്സിലാക്കണം.
പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണെന്ന ആരോപണത്തോട് എന്താണ് പ്രതികരണം?
അത് വിവരക്കേടാണ്. അതിന് മറുപടി പറയേണ്ട കാര്യംപോലുമില്ല. സർക്കാർ പരമാവധി ശ്രമിക്കുകയാണ്. എല്ലാവരും യോജിച്ച് ഏറ്റവും വേഗത്തിൽ ഈ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക സഹായവും നിർദേശവും ഈ കാര്യത്തിൽ ലഭിക്കുന്നുണ്ട്.
Content Highlights: The current electricity crisis in Kerala is partly attributed to the failures of the previous government, and efforts are underway to find temporary solutions, with hopes for resolution soon says minister sunny joseph. The implementation of pumped storage systems in hydroelectric projects is being explored, but it may take several years due to procedural delays and the need for environmental approvals.
Published: 16 Sept 2026, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented