മാന്നനൂര്‍: ഭാരതപ്പുഴയില്‍ അനധികൃതമായി മീന്പിടിച്ചവര്ക്കെതിരേ നടപടിയെടുത്ത് ഫിഷറീസ് വകുപ്പ്. മാന്നനൂര്‍ ഉരുക്കുതടയണ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ നാലുപേരില്‍നിന്ന് 8,000 രൂപ പിഴയീടാക്കി.
ഇവരില്‍നിന്ന് ഒന്നിലധികം കൊളുത്തുകളുള്ള സ്പൈഡര്‍ ഹുക്കുകളും പിടികൂടി. ഫിഷറീസ് വകുപ്പിന് ലഭിച്ച പരാതിയെത്തുടര്‍ന്നായിരുന്നു മാന്നനൂര്‍ ഉരുക്കുതടയണ പ്രദേശത്ത് പരിശോധന നടത്തിയത്. ഒന്നിലധികം കൊളുത്തുകളുള്ള സ്പൈഡര്‍ ഹുക്കുകള്‍ ഉപയോഗിച്ച് പുഴയില്‍ മീന്‍പിടിച്ചവരുടെ പേരിലാണ് നടപടിയെടുത്തത്.
ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിലുള്ള തടയണപ്രദേശങ്ങളിലും പുഴയിലും ഒരു ചൂണ്ടയില്‍ത്തന്നെ ഒന്നിലധികം കൊളുത്തുകളുള്ള സ്പൈഡര്‍ കൊളുത്തുകള്‍ ഉപയോഗിച്ച് മീന്‍പിടിക്കുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പിന് പലയിടങ്ങളില്‍നിന്നായി പരാതി ലഭിച്ചിരുന്നു. ആഴ്ചകള്ക്കുമുന്പ്, പുഴയില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ പുഴയില്‍ തിരയുന്നതിനിടെ പൊട്ടിയ സ്പൈഡര്‍ കൊളുത്ത് ഉദ്യോഗസ്ഥന്റെ കാലില്‍ തറച്ച് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ഉരുക്കുതടയണയുടെ പൈങ്കുളം ഭാഗത്ത് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഇത്തരം ചൂണ്ടകള്‍ ഉപയോഗിക്കുന്നവരില്‍നിന്ന് 10,000 രൂപവരെ പിഴ ചുമത്തുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒറ്റക്കൊളുത്ത് ഉപയോഗിച്ച് മീന്‍പിടിക്കുന്നതിന് തടസ്സമില്ലെന്നും അറിയിച്ചു.
ആലത്തൂര്‍ മത്സ്യഭവന് ഫിഷറീസ് ഓഫീസര്‍ അരുണ്‍ ബേബി, അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍ കെ. വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃത മീന്‍പിടിത്തം തടയുന്നതിനായി പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Four individuals fined ₹8,000 for illegal fishing with spider hooks in Mannarkkad
Published: 08 Aug 2025, 07:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented