placeholder
കൊച്ചിയിൽ ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിച്ച സ്പീക് ഫോർ ഇന്ത്യ. കേരള എഡിഷൻ എട്ടാം ഗ്രാൻഡ് ഫൈനലിൽ ഒന്നാം സ്ഥാനം നേടിയ അനഘ പി. (സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കുസാറ്റ്. കൊച്ചി ), രണ്ടാം സ്ഥാനം നേടിയ ഉത്തര കെ.ആർ. (മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം) എന്നിവർ മുഖ്യാതിഥി സ്പീക്കർ എ.എൻ. ഷംസീറിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ. ഇടത്തുനിന്ന് അനിൽ സി.ജെ. (ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് ആൻഡ് സി.എസ്.ആർ. ഹെഡ്), കുര്യാക്കോസ് കോണിൽ (ഫെഡറൽ ബാങ്ക്. സീനിയർ വൈസ് പ്രസിഡൻ്റ് ആൻഡ് സോണൽ ഹെഡ്. എറണാകുളം), റോഷ്‌നി മുരളീധരൻ (പ്രോഗ്രാം ഹെഡ്. ക്ലബ്ബ് എഫ്.എം. തൃശ്ശൂർ).,എം.എസ്. ദേവിക (മാതൃഭൂമി ഡയറക്ടർ-ഓപ്പറേഷൻസ്), എൻ.ആർ. അനിൽകുമാർ (കേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി), എം.ജി. സർവകലാശാല മുൻ വി.സി. ബാബു സ്റ്റെബാസ്റ്റ്യൻ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ശാലിനി വാരിയർ (ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ), എഴുത്തുകാരി മിനി പി.സി., സെയ്‌ൻ്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ്, കെ.ആർ. പ്രമോദ് (സീനിയർ ജനറൽ മാനേജർ, പബ്ലിക് റിലേഷൻസ്, മാതൃഭൂമി).

കൊച്ചി: ആശയങ്ങളുടെ വാക്പോരുമായി കലാലയ യുവത്വം ജ്വലിച്ച വേദിയിൽ വിജയ നക്ഷത്രമായി അനഘ. വാദവും പ്രതിവാദവും ആവേശപൂർവം മാറ്റുരച്ച ഫെഡറൽ ബാങ്ക് സ്പീക്‌ ഫോർ ഇന്ത്യ കേരള എഡിഷന്റെ ഗ്രാൻഡ് ഫൈനലിൽ കളമശ്ശേരി കുസാറ്റിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് വിദ്യാർഥി പി. അനഘ വിജയിയായി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ഉത്തര രാജിയാണ് ഫസ്റ്റ് റണ്ണറപ്പ്. ഗ്രാൻഡ് ഫൈനലിൽ ആവേശത്തോടെ വാക്‌ ശരങ്ങളെയ്ത എറണാകുളം ഗവ. ലോ കോളേജിലെ ബി. അമൃത, കളമശ്ശേരി നുവാൽസിലെ ആദ്യ നായർ, കൊല്ലം എസ്.എൻ. കോളേജിലെ ആനന്ദ് വിജയൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാംപസിലെ അരുൺരാജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചർ എജുക്കേഷൻ തൃശ്ശൂർ സെന്ററിലെ കെ.എസ്. ഹരിത, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ആബേൽ മാത്യൂസ് അലക്സ് എന്നിവരും സമ്മാനങ്ങൾക്ക് അർഹരായി.

അനഘയ്ക്ക് രണ്ടരലക്ഷം രൂപയുടെ കാഷ് അവാർഡും ശില്പവും സർട്ടിഫിക്കറ്റും ലഭിച്ചപ്പോൾ റണ്ണറപ്പായ ഉത്തരയ്ക്ക് ഒന്നരലക്ഷം രൂപയാണ് കാഷ് അവാർഡ് ലഭിച്ചത്. ഫൈനലിലെത്തിയ മറ്റ് ആറുപേർക്ക് 35,000 രൂപ വീതവും ലഭിച്ചു.

ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്ന് നടത്തുന്ന സ്പീക്‌ ഫോർ ഇന്ത്യ സംവാദ പരിപാടിയുടെ പല തലങ്ങളിലായി നടന്ന മത്സരങ്ങളിൽനിന്ന് ജയിച്ചുവന്ന എട്ട് പോരാളികളാണ് ഫൈനലിൽ മാറ്റുരച്ചത്.

placeholder
‘ആർത്തവ അവധി സ്ത്രീകളുടെ കരിയർ സാധ്യതകൾക്ക് വിലങ്ങുതടിയാകും’ എന്ന വിഷയത്തിലായിരുന്നു ആദ്യറൗണ്ട് മത്സരം. രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലുപേർ ‘മലയാളി പൊളിയാണ്’എന്ന വിഷയത്തിലാണ് മത്സരിച്ചത്. ഗ്രാൻഡ് ഫൈനൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ അർജുൻ അശോകൻ, അപർണ ദാസ് എന്നിവർ മുഖ്യാതിഥികളായി. സമാപന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാരിയർ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് ബ്രാഞ്ച് ബാങ്കിങ് വി. നന്ദകുമാർ, സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് സോണൽ ഹെഡ് കുര്യാക്കോസ് കോണിൽ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് സി.എസ്.ആർ. സി.ജെ. അനിൽ, മാതൃഭൂമി ഡയറക്ടർ - ഓപ്പറേഷൻസ് എം.എസ്. ദേവിക, ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദ്, എ.ജി.എം. മീഡിയ സൊലൂഷൻസ് - പ്രിന്റ് വിഷ്ണു നാഗപ്പള്ളി എന്നിവർ പങ്കെടുത്തു.

ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ, എഴുത്തുകാരിയായ പി.സി. മിനി എന്നിവരായിരുന്നു വിധികർത്താക്കൾ. മാതൃഭൂമി ക്ലബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് റോഷ്‌നി മുരളീധരൻ സംവാദത്തിൽ മോഡറേറ്ററായി.