
കോഴിക്കോട്: ഈച്ചയിരുന്ന പലഹാരങ്ങൾ, ഈച്ചകളെ ആട്ടിയോടിച്ചശേഷം ഭംഗിയിൽ വിളമ്പുന്നു. കറുത്ത മലിനജലം ഒഴുകുന്ന മണൽപ്പരപ്പ്, കൈയുറയില്ലാതെയുള്ള പാചകം, ഭക്ഷ്യവസ്തുക്കൾ കഴുകിയ അതേവെള്ളത്തിൽ നനച്ചെടുത്ത് ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ, പാൻമസാല ചവച്ച് ഭക്ഷണം പാകംചെയ്യുന്നവർ, പാചകവാതകത്തിന്റെ അടുത്ത് സിഗരറ്റ് വലിച്ചുള്ള നിൽപ്പ്... കോഴിക്കോട് ബീച്ചിൽ രുചിതേടിയെത്തുന്നവരുടെ മുന്നിലേക്ക് വിളമ്പുന്ന ഭക്ഷണത്തിനു പിന്നിലെ നേർക്കാഴ്ചയാണിത്.
പരിശോധനകൾ നടന്നപ്പോൾ അൽപ്പം ‘നന്നായ’ ഫുഡ് സ്ട്രീറ്റ് വീണ്ടും പഴയപടിതന്നെ. ശനിയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടന്നിട്ടും ബീച്ചിലെ ഫുഡ് സ്ട്രീറ്റിന്റെ പിന്നാമ്പുറത്തെ അറപ്പുളവാക്കുന്ന കാഴ്ചകൾക്കു മാറ്റമില്ല.
ബീച്ചിൽ വെറും 240 മീറ്റർ നീളത്തിലുള്ള സ്ഥലത്ത് 4.06 കോടി രൂപയിൽ ഒരുക്കിയ ഭക്ഷണത്തെരുവിൽ ഉപഭോക്താക്കളോട് അതിഥിത്തൊഴിലാളികളായ പാചകക്കാരുടെയും സഹായികളുടെയും ഭരണവും മോശം പെരുമാറ്റവും വേറെ.
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിക്കൂടി പണിതുനൽകിയ കടകളോട് ചേർന്ന് ഷീറ്റും മറ്റും വലിച്ചുകെട്ടി വൃത്തികേടാക്കിയിട്ടുമുണ്ട്. ബീച്ചിലെ സായാഹ്നങ്ങൾ വലിയൊരു ആരോഗ്യദുരന്തത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
ഫുഡ് സ്ട്രീറ്റ് ആരംഭിച്ചത് ഈ നിർദേശങ്ങളോടെ
- ഒരേ മാതൃകയിലുള്ളതാണ് വണ്ടികളെല്ലാം. അതുകൊണ്ടുതന്നെ ഇവ രൂപമാറ്റം വരുത്തരുത്.
- ലൈസൻസികൾ ലൈസൻസ്, ഉന്തുവണ്ടി എന്നിവ കൈമാറ്റംചെയ്യാനോ വിൽക്കാനോ മേൽവാടകയ്ക്ക് നൽകാനോ പാടില്ല. അങ്ങനെചെയ്താൽ ലൈസൻസ് റദ്ദാക്കും.
- പുകയില ഉത്പന്നങ്ങൾ, ലഹരിവസ്തുക്കൾ എന്നിവ വിൽക്കരുത്. ലൈസൻസി ഒരുകാരണവശാലും കച്ചവടസമയത്ത് ലഹരി ഉപയോഗിക്കരുത്.
- പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വസ്തുക്കൾ, ആസിഡ് എന്നിവ വണ്ടിയിൽ സൂക്ഷിക്കരുത്.
- ഉപയോഗിച്ച എണ്ണ ദിവസവും മാറ്റേണ്ടതാണ്.
- പ്രവർത്തനത്തിന് മാനേജ്മെന്റ് കമ്മിറ്റി. ഒരു സ്ട്രീറ്റ് മാനേജർ, ആറ് ശുചീകരണത്തൊഴിലാളികൾ എന്നിവർക്ക് മേൽനോട്ടച്ചുമതല.
Content Highlights: Despite inspections, unhygienic practices persist at Kozhikode Beach's food street, including improper food handling and unsanitary conditions. The food street, developed at a cost of 4.06 crore rupees, faces issues with poor management and behavior by workers, leading to potential health risks. Guidelines for the food street include maintaining uniformity of stalls, prohibiting the sale of tobacco and intoxicants, and ensuring daily oil changes, with oversight by a management committee.
Published: 23 Nov 2026, 08:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented