കോഴിക്കോട്: വിവാഹം എന്ന സ്വപ്നവുമായി എത്തിയ പുരുഷന്മാരുടെ തിരക്കുകണ്ട് കാരന്തൂർ ഹര ഹര മഹാദേവ ക്ഷേത്ര ഭാരവാഹികൾ വധുക്കളെ കണ്ടെത്താനിറങ്ങുന്നു. സ്ത്രീകൾക്കുമാത്രമായി പ്രത്യേക വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്താനൊരുങ്ങുകയാണ് ഭാരവാഹികൾ.

To advertise here,

ഞായറാഴ്ച പുരുഷന്മാർക്കായി നടത്തിയ രണ്ടാമത്തെ ക്യാമ്പിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. 2000-ത്തോളം പുരുഷന്മാരാണ് പ്രതീക്ഷയോടെ ഫോം പൂരിപ്പിച്ചുനൽകിയത്. ക്ഷേത്രഭാരവാഹികൾ ഒരുക്കിവെച്ച 1500 ഫോമുകൾ ഇത്തവണയും തികഞ്ഞില്ല.

അപേക്ഷകൾമാത്രം കുന്നുകൂടാൻ തുടങ്ങിയതോടെ, ഞായറാഴ്ച രാവിലെ ആറിന് തുടങ്ങിയ ക്യാമ്പ് പത്തുമണി ആയപ്പോഴേക്കും നിർത്തിവെക്കേണ്ടിവന്നു. ആദ്യ ക്യാമ്പിനുശേഷം ക്ഷേത്രത്തിൽ തുടർന്നിരുന്ന അപേക്ഷാ വിതരണവും ഇതോടെ താത്കാലികമായി അവസാനിപ്പിച്ചു.

14,000 അപേക്ഷകളാണ് ഇതുവരെ ക്ഷേത്രത്തിൽ ലഭിച്ചത്. ഇതിൽ ഭൂരിഭാഗവും പുരുഷന്മാരുടേത്. പെൺകുട്ടികളുടെ അപേക്ഷകൾ ഏകദേശം 10 ശതമാനംമാത്രം.

ക്ഷേത്രം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി, നവംബർ ഒന്നിനാണ് ആദ്യ സൗജന്യ വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തിയത്. വധുക്കൾക്കായുള്ള പ്രത്യേക ക്യാമ്പിലൂടെ കൂടുതൽ സ്ത്രീ അപേക്ഷകരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. തീയതി പിന്നീട് അറിയിക്കും.