കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ പുരുഷന്മാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 20 കോടി രൂപ ചെലവിൽ നിർമിച്ച പിതൃമന്ദിരം തിങ്കളാഴ്ച തുറക്കും. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എം.എ. യൂസഫലി പങ്കെടുക്കും.

To advertise here,

നാല്പതിനായിരത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിൽ നാലു നിലകളുള്ള മന്ദിരം 250 അന്തേവാസികൾക്കു തണലാകും. ഡോർമിറ്ററി, ലൈബ്രറി, ഡൈനിങ് ഹാൾ, നഴ്‌സിങ് റൂം, പരിചരണമുറി എന്നിവയടക്കം അത്യാധുനിക സൗകര്യങ്ങളുണ്ട്. 450 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഇൻഡോർ ഓഡിറ്റോറിയം, രോഗികളെ കൊണ്ടുപോകാൻ രണ്ട് സ്ട്രെച്ചർ ലിഫ്റ്റുകൾ എന്നിവ പ്രത്യേകതയാണ്. മന്ദിരത്തിന്റെ ആദ്യനിലയിലാണ് പ്രാർത്ഥനാമുറികളും വിശാലമായ ഹാളും ഓഫീസ് മുറിയും.

കിടപ്പുരോഗികൾക്ക് ക്രമീകരിക്കാൻ സാധിക്കുന്ന അഡ്‌ജസ്റ്റബിൾ ബെഡ് ഉൾപ്പെടെയാണ് 250 കിടക്കകൾ ഒരുക്കിയിരിക്കുന്നത്. മുഴുവൻസമയ പരിചരണത്തിനായി നഴ്സിങ് സൗകര്യവുമുണ്ട്. വീൽച്ചെയറുകളും പാലിയേറ്റീവ് സൗകര്യങ്ങളും കൂടാതെ ഫാർമസിയും ലബോറട്ടറിയും ഇവിടെയുണ്ട്. ഡൈനിങ് ഹാളിൽ ഒരേസമയം 150 പേർക്ക് ഭക്ഷണം കഴിക്കാം.

2016-ൽ ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ അന്തേവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കിയ എം.എ. യൂസഫലി, അവിടത്തെ അമ്മമാർക്കായി മന്ദിരം നിർമിച്ചുനൽകുമെന്നു പറഞ്ഞിരുന്നു. 18 കോടി ചെലവിൽ സ്നേഹമന്ദിരമൊരുക്കി 2022 നവംബറിൽ കൈമാറി. പുരുഷന്മാർക്കായി പ്രത്യേക മന്ദിരം നിർമിക്കുമെന്ന് അന്നു വാഗ്‌ദാനംചെയ്തിരുന്നു. കെട്ടിടങ്ങൾക്കു പുറമേ അന്തേവാസികളുടെ ക്ഷേമത്തിനായി യൂസഫലി ഇതുവരെ 11.75 കോടി രൂപയുടെ സഹായം നൽകിയിട്ടുണ്ടെന്നും ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി പുനലൂർ സോമരാജൻ പറഞ്ഞു.