കോഴിക്കോട്: എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഇസ്ലാം മതം സ്വീകരിച്ചതായി മാതൃഭൂമി ഡോട് കോമിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. മാതൃഭൂമി ഡോട്ട് കോമിന്റെ ലോഗോ ഉപയോഗിച്ചുകൊണ്ടുള്ള വ്യാജ പോസ്റ്ററിലാണ് ആലങ്കോട് ലീലാകൃഷ്ണനേക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരമൊരു വാര്‍ത്തയോ പോസ്റ്ററോ മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇത് തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതാണ്.

To advertise here,

തന്നേക്കുറിച്ച് മാതൃഭൂമിയുടെ പേരിൽ ഇത്തരമൊരു വ്യാജവാർത്ത പ്രചരിക്കുന്നതിൽ ദുഃഖമുണ്ടെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പ്രതികരിച്ചു. 'ആലങ്കോട് ലീലാകൃഷ്ണന്‍ ഇസ്ലാം മതം സ്വീകരിച്ചു എന്ന വാര്‍ത്ത മാതൃഭൂമി ഓണ്‍ലൈനിന്റെ എംബ്ലം ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചതായി കാണുന്നു. എനിക്കും ചിലര്‍ അത് അയച്ചുതന്നിരുന്നു. എന്റെ അറിവില്‍ ഞാന്‍ ഇതുവരെ മതം മാറിയിട്ടില്ല, ജനിച്ച മതത്തില്‍ത്തന്നെയാണ്. ജീവിതകാലം മുഴുവന്‍ മതേതരജീവിതം നയിച്ച ഒരാളെന്ന നിലയില്‍ ചില വിഷയങ്ങളില്‍ സ്വതന്ത്രമായ ചില അഭിപ്രായങ്ങള്‍ പറയാറുണ്ട്. അതില്‍ ചിലതിനെ വളച്ചൊടിച്ച്, തെറ്റായി വ്യാഖ്യാനിച്ച്, കള്ളമായി പ്രചരിപ്പിക്കല്‍ കുറച്ചുകാലമായി നടക്കുന്നതും അറിഞ്ഞിരുന്നു. അതിന്റെയൊക്കെ പേരില്‍ ഒരാള്‍ മതംമാറി, ഇസ്ലാമില്‍ ചേര്‍ന്നു എന്ന് കപടമായി വാര്‍ത്തയുണ്ടാക്കി പ്രചരിപ്പിക്കുന്നതില്‍ വളരെ പ്രയാസമുണ്ട്. വിശേഷിച്ചും എനിക്ക് ജന്മബന്ധമുള്ള മാതൃഭൂമിയുടെ പേരില്‍ ഇങ്ങനെയൊരു വാര്‍ത്തയായി പ്രചരിച്ചുകാണുന്നതില്‍ അതീവ ഖേദവും ദുഃഖവുമുണ്ട്', അദ്ദേഹം പറഞ്ഞു.