എലപ്പുള്ളി (പാലക്കാട്): രാമശ്ശേരി പച്ചരികുളമ്പ് സ്വദേശികളായ ദേവുവും (65) സഹോദരി കല്യാണിയും (48) സര്‍ക്കാര്‍ പുറത്തിറക്കിയ അതിദരിദ്രരുടെ ലിസ്റ്റിലില്ല. എന്നാല്‍, 20 വര്‍ഷത്തോളമായി താമസിക്കുന്നത് ശൗചാലയമില്ലാത്ത, മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിക്കൂരയിലാണ്. സ്വന്തമായി റേഷന്‍കാര്‍ഡുപോലും ഇവര്‍ക്കില്ല. നാലുമാസംമുന്‍പ് ഇവരുടെ അമ്മ ചെല്ല മരിച്ചു. അമ്മയുടെ പേരിലാണ് റേഷന്‍കാര്‍ഡുമുള്ളത്. അതും പൊതുവിഭാഗത്തിലുള്ള കാര്‍ഡ്.

To advertise here,

ഭിന്നശേഷിക്കാരിയായ ദേവുവിന് ലഭിക്കുന്ന പെന്‍ഷന്‍മാത്രമാണ് ഇവരുടെ വരുമാനമാര്‍ഗം. മാസങ്ങള്‍ക്കുമുന്‍പ് പെയ്ത ശക്തമായ മഴയില്‍ ചുമരിടിഞ്ഞു വീണിരുന്നു. പാരമ്പര്യമായി ലഭിച്ച നാലുസെന്റ് ഭൂമിക്ക് ആധാരമോ രേഖകളോ ഇല്ല. പ്രാഥമികാവശ്യങ്ങള്‍ക്കായി വീടിനുസമീപത്തെ പറമ്പാണ് ആശ്രയം. ചുറ്റും കാടുപിടിച്ച് കിടക്കുന്നതിനാല്‍ രാത്രി പുറത്തിറങ്ങാന്‍ ഭയമാണെന്നാണ് ദേവു പറയുന്നത്.

വിവിധ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നതിനാല്‍ ദേവുവിന് ആശുപത്രിയില്‍ത്തന്നെ നല്ല ചെലവുവരുന്നുണ്ട്. വീടിരിക്കുന്ന ഭൂമി ഇവരുടെ പേരില്‍ത്തന്നെ രജിസ്റ്റര്‍ചെയ്തു കിട്ടാത്തതാണ് ലൈഫ് മുഖേനയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുന്നതെന്ന് പഞ്ചായത്തംഗം പറഞ്ഞു. റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായി ദേവു പറഞ്ഞു.