കൊച്ചി: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 'ഏഴരപ്പൊന്നാന' പരിശോധിച്ച് റിപ്പോർട്ട് നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് ഹൈക്കോടതിയുടെ നിർദേശം. ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും നടത്തിയതിനിടെ, യഥാർഥ സ്വർണപ്പാളികൾ മാറ്റി ചെമ്പോ, മറ്റ് കുറഞ്ഞ മൂല്യമുള്ള ലോഹങ്ങളോ സ്ഥാപിച്ചെന്ന പരാതിയെ തുടർന്നാണ് നിർദേശം.

To advertise here,

ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ട് പരിശോധിക്കാനാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.

എ.ജി. പ്രസാദ് കുമാർ എന്ന ഭക്തൻ നൽകിയ പരാതിയിൽ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലത്തോടൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും അസി. ദേവസ്വം കമ്മിഷണറുടെയും റിപ്പോർട്ടുകളും ഹാജരാക്കിയിരുന്നു.

അറ്റകുറ്റപ്പണി നടത്തിയതിന്റെയോ, സ്വർണം അപഹരിച്ചതിന്റെയോ രേഖകളൊന്നും ഇല്ലെന്നായിരുന്നു റിപ്പോർട്ട്. റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു. തുടർന്നാണ് ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്.

പരിശോധനയ്ക്കിടെ സ്വർണത്തിന്റെ ഭാരം, ശുദ്ധി, യഥാർഥ സ്വഭാവം എന്നിവ കൃത്യമായി ഉറപ്പുവരുത്താനായി സ്വർണപ്പണിക്കാരന്റെ സേവനവും ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.