കൊച്ചി: നവകേരള സദസ്സിൽ ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതി​രേ കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് കോടതി ഉത്തരവെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സംഭവത്തിൽ നിയമനടപടിയുമായി ഏതറ്റം വരെ പോകുമെന്നും ഷിയാസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഷിയാസിന്റെ ഹർജിയിലാണ് എറണാകുളം സി.ജെ.എം. കോടതി മുഖ്യമന്ത്രിക്കെതിരേ അ‌ന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

To advertise here,

നവകേരള സദസ്സിലെ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും ഡി​വൈഎഫ്ഐ പ്രവർത്തകരും മർദിച്ചിരുന്നു. ആലപ്പുഴയിലും കോതമംഗലത്തും ഉൾപ്പെടെ നടന്ന മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നെങ്കിലും സംഭവത്തെ 'രക്ഷാപ്രവർത്തന'മെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. 

പ്രതിഷേധക്കാർ വാഹനത്തിനടിയിൽ ​വീഴാതിരിക്കാനുള്ള അ‌ത്തരം പ്രവർത്തനം തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് കോടതിയെ സമീപിച്ചത്.

'പരസ്യമായ കലാപാഹ്വാനമാണ് മുഖ്യമന്ത്രി നടത്തിയത്. ആക്രമത്തെ ന്യായീകരിക്കുക മാത്രമല്ല അ‌ത് തുടരണമെന്ന് കൂടിയാണ് പറഞ്ഞത്. അ‌തിനെതിരേ ജനങ്ങൾ ആഗ്രഹിച്ച നടപടിയാണ് ഇപ്പോൾ കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. ഈ സംഭവത്തിൽ നിയമനടപടിയുമായി ഏതറ്റംവരെയും പോകും' -ഷിയാസ് പറഞ്ഞു.

ഷിയാസിന്റെ ഹർജിയെ കുറിച്ച് അ‌ന്വേഷിക്കാൻ എറണാകുളം സെൻട്രൽ പോലീസിനെയാണ് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. കേസ് ഡിസംബർ ഏഴിന് വീണ്ടും പരിഗണിക്കും.