കണ്ണൂർ: അറസ്റ്റിലായ ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും. അർജുൻ ആയങ്കി പാർട്ടിക്കാരനല്ലെന്നും സാമൂഹിക മാധ്യമങ്ങളിലെ അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരാകാൻ സാധ്യതയില്ലെന്നും ജയരാജൻ പറഞ്ഞു. എം.വി.ജയരാജനും നേരത്തെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞിരുന്നു. തന്റെ പാർട്ടിപ്രവർത്തന പാരമ്പര്യം പറഞ്ഞാണ് അർജുൻ ആയങ്കി ഇതിന് മറുപടി നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇ.പി. ജയരാജനും അർജുൻ ആയങ്കിയെ പരസ്യമായി തള്ളിപ്പറഞ്ഞത്.

To advertise here,

'അർജുൻ ആയങ്കിയോ… അവനാണോ പാർട്ടി. അവനാണ് പാർട്ടി എന്നു പറയുന്നുണ്ടെങ്കിൽ അത് അല്ല എന്നുള്ളത് എല്ലാവർക്കും മനസ്സിലാകും', ഇ.പി.ജയാരജൻ പറഞ്ഞു. അവനുവേണ്ടിയാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരെങ്കിലും തങ്ങളാണ് പാർട്ടി എന്നുപറഞ്ഞ് വന്നാൽ ഞങ്ങളെന്ത് ചെയ്യുമെന്നും ജയരാജൻ ചോദിച്ചു. അത്രയേ കാണക്കാക്കേണ്ടതുള്ളൂ. സോഷ്യൽ മീഡിയയിൽ ലൈക്കും പിന്തുണയും കിട്ടുന്നതിന് പ്ലാൻ വർക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഇയാളെ പിന്തുണയ്ക്കുന്നവരെല്ലാം പാർട്ടിക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജന്തർ മന്തറിൽ സമരംനടത്തിയ വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശം നടത്തിയ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിനെ പിന്തുണയ്ക്കുന്ന ബിജെപിയുടെ നയം ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമെന്നും ജയരാജൻ പറഞ്ഞു. സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനംനടത്തിയ ഒരാളെ ന്യായീകരിക്കാൻ എങ്ങനെയാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് സാധിക്കുകയെന്നും ജയരാജൻ ചോദിച്ചു.

മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ വൈകിയത് ചില അഡ്ജസ്റ്റ്‌മെന്റുകൾ നടന്നതുകാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.