കോട്ടയം: മിന്നലേറ്റ് ആന ചെരിഞ്ഞു. ആനപ്രേമികൾക്കിടയിൽ ഗജകൗസ്തുഭം എന്ന് വിശേഷണമുള്ള പല്ലാട്ട് ബ്രഹ്‌മദത്തനാണ് ചെരിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ മേലമ്പാറയിലായിരുന്നു സംഭവം. ഉടമയുടെ വീടിന് സമീപം തളച്ചിരുന്ന ആന, കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ചെരിഞ്ഞത്.

To advertise here,

കേരളാ ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്‌മദത്തൻ. തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഈ ആന. നീരിളക്കത്തെ തുടർന്നാണ് ബ്രഹ്‌മദത്തനെ മേലമ്പാറയിലെ വീട്ടുവളപ്പിൽ തളച്ചിരുന്നത്.

ഇടിമിന്നലേറ്റ് ആന ചെരിയുന്ന സംഭവം അപൂർവമാണ്. കേരളത്തിൽ ഇതിനുമുമ്പ് ഒരുതവണ മാത്രമാണ് ഇത്തരമൊരു സംഭവമുണ്ടായത് എന്നാണ് ആനപ്രേമികൾ പറയുന്നത്. ചിറക്കടവ് ചാമപ്പറ്റം കൃഷ്ണൻകുട്ടി എന്നറിയപ്പെട്ടിരുന്ന തിരുവപ്പള്ളിൽ കൃഷ്ണൻകുട്ടിയാണ് ഇതിന് മുമ്പ് മിന്നലേറ്റ് ചെരിഞ്ഞത്. 2014-ൽ പാലാ കടപ്പാട്ടൂരിലായിരുന്നു ഈ സംഭവം.

അരുണാചൽ പ്രദേശിൽ നിന്ന് എത്തിച്ച ആനയാണ് ബ്രഹ്‌മദത്തൻ. ഒന്നാം പാപ്പാനായിരുന്ന ദാമോദരൻ നായരോടുള്ള സ്‌നേഹത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് ഈ ആന. 

2003-ൽ ഒരു ഉത്സവത്തിനിടെ ദാമോദരൻ നായരെ ആക്രമിക്കാനെത്തിയ മറ്റൊരു ആനയെ കുത്തിമാറ്റി ബ്രഹ്‌മദത്തൻ തന്റെ ഒന്നാം പാപ്പാനെ രക്ഷിച്ചിട്ടുണ്ട്. ദാമോദരൻ നായർ മരിച്ചപ്പോൾ അദ്ദേഹത്തിന് ബ്രഹ്‌മദത്തൻ നൽകിയ യാത്രാമൊഴി ഏറെ വൈകാരികമായ വാർത്തയായിരുന്നു.