കോട്ടയം: കൈവീശി നടന്നുപോകുന്ന പാപ്പാന്‍. പിന്നാലെ തോട്ടിയും വടിയും കടിച്ചുപിടിച്ച് നീങ്ങുന്ന കൊമ്പന്‍... വേറിട്ട ഈ കാഴ്ചയിനിയില്ല. ഓമന എന്ന പാപ്പാന് 'മോനേ' എന്ന വിളി മാത്രമായിരുന്നു ചട്ടത്തിനുള്ള ആയുധം. അങ്ങനൊരു ജീവിതമായിരുന്നു ഇരുവര്‍ക്കും.

To advertise here,

പാപ്പാന്‍ ളാക്കാട്ടൂര്‍ കുന്നക്കാട്ട് ദാമോദരന്‍ നായര്‍ എന്ന ഓമനച്ചേട്ടനും അമ്പാറ പല്ലാട്ട് ബ്രഹ്മദത്തന്‍ എന്ന ഗജവീരനും പരസ്പരം സ്നേഹം കൊടുത്ത് സ്നേഹം തിരികെ വാങ്ങിയവര്‍. ആ പാപ്പാന്‍ വീടിന്റെ ഉമ്മറത്ത് നിശ്ചലനായി കിടക്കുമ്പോള്‍ അവസാനമായി കാണാനെത്തിച്ച കൊമ്പന്റെ കണ്ണില്‍ മിഴിനീര്‍ പൊടിഞ്ഞുവോ... കാഴ്ചക്കാരറിഞ്ഞു. അവന്റെ ഉള്ളില്‍ നുരയുന്ന നൊമ്പരം.

placeholder

ഓമനച്ചേട്ടനും പല്ലാട്ട് ബ്രഹ്മദത്തനും 

25 വര്‍ഷമായി ഒരു വടിയുടെയോ ചെറുതോട്ടിയുടെയോ അകലമില്ലാതെ ഒരാനയെ കൊണ്ടുനടക്കാന്‍ കഴിയണമെങ്കില്‍ ആ പാപ്പാനും ആനയും തമ്മില്‍ ഒരു രസതന്ത്രമുണ്ട്. തോട്ടിയും വടിയും ആനയുടെ ദേഹത്ത് ചേര്‍ത്ത് തൂക്കിയിരിക്കും. പാപ്പാന് അത് എടുക്കേണ്ടിവരില്ല.

ഓമനച്ചേട്ടന്‍, പുതുപ്പള്ളിയിലേക്ക് ബ്രഹ്മദത്തനെത്തിയപ്പോള്‍മുതല്‍ ഒപ്പം ചേര്‍ന്ന ചട്ടക്കാരനാണ്. പിന്നെ 1999-ല്‍ അമ്പാറയിലെ പല്ലാട്ട് വീട്ടിലേക്ക് എത്തിയപ്പോള്‍ കൂടെത്തന്നെനിന്നു ഈ കരുതല്‍.

പല്ലാട്ട് തറവാടിന്റെ മുറ്റത്ത് പാപ്പാന്റെ കണ്‍വെട്ടത്താണ് അവനെങ്കില്‍ തീര്‍ച്ചയായും തളയ്ക്കപ്പെടില്ല. പല്ലാട്ടെ സഹോദരങ്ങളായ സുരേഷ്, സതീഷ്, മനോജ്, രാജേഷ് എന്നിവരുടെയും അമ്മ കമലമ്മയുടെയും മുമ്പിലും ഇതേ അനുസരണ കാട്ടും. ഉത്സവപ്പറമ്പില്‍ എഴുന്നള്ളിച്ചുനില്‍ക്കുമ്പോള്‍ മാത്രമാണ് ദാമോദരന്‍ നായര്‍ ബ്രഹ്മദത്തന്റെയടുത്ത് വടിയുമായി നില്‍ക്കുന്നത്. അത് പാപ്പാന്റെ ഉറപ്പിനോ ബ്രഹ്മദത്തന്റെ അനുസരണയ്‌ക്കോ വേണ്ടിയല്ല. കാഴ്ചക്കാരായെത്തുന്ന നാട്ടുകാരുടെ ഒരുറപ്പിനുവേണ്ടി മാത്രം. നീരിലുള്ളപ്പോള്‍ മാത്രമാണ് ഓമനച്ചേട്ടന്‍ വടിയെടുത്ത് കണ്ടിട്ടുള്ളൂവെന്ന് ആനയുടമ അഡ്വ. രാജേഷ് പല്ലാട്ട്. നീരിലാണെങ്കിലും ഈ പാപ്പാന് ബ്രഹ്മദത്തന്റെയടുത്ത് സര്‍വസ്വാതന്ത്ര്യമായിരുന്നു. അടുത്തുകൂടി തൊട്ടുതലോടിയാലും പ്രശ്നമില്ല.

placeholder

ഓമനച്ചേട്ടനും പല്ലാട്ട് ബ്രഹ്മദത്തനും 
placeholder

ഓമനച്ചേട്ടനും പല്ലാട്ട് ബ്രഹ്മദത്തനും 

അരുണാചലുകാരനെ മലയാളം പഠിപ്പിച്ചു

ബ്രഹ്മദത്തന്‍ അരുണാചല്‍പ്രദേശില്‍നിന്നാണെത്തിയത്. മലയാളം മനസ്സിലാകാത്ത അത്തരം ആനയെ ചട്ടത്തിലാക്കാന്‍ പാപ്പാന്മാര്‍ നന്നായി വടിപ്രയോഗം നടത്തേണ്ടിവരും. ഓരോ അടിയിലൂടെയുമാവും വാക്കുകളുടെ അര്‍ഥം തിരിച്ചറിയുക. പക്ഷേ, വടിയുടെയും തോട്ടിയുടെയും പേടിപ്പിക്കല്‍ കൂടാതെ ദാമോദരന്‍ നായര്‍ സ്നേഹംകൊണ്ടുമാത്രമാണ് ബ്രഹ്മദത്തനെ തന്റെ ചട്ടത്തിലാക്കിയെടുത്തതും മലയാളം 'പഠിപ്പിച്ചതും'.

പാപ്പാനെ രക്ഷിക്കാന്‍ താപ്പാനയുടെ ശൗര്യവും

എഴുന്നള്ളത്തുകളില്‍ നില്‍ക്കുമ്പോള്‍ കൂട്ടാനകള്‍ ചിലപ്പോള്‍ പ്രശ്നങ്ങളുണ്ടാക്കാം. അവിടെയെല്ലാം 'താപ്പാന' പരിശീലനം നേടിയിട്ടുള്ള ബ്രഹ്മദത്തന്‍ സ്വഭാവം കാട്ടും. ഇടങ്ങേറുകാട്ടുന്നവനെ നിയന്ത്രിക്കാന്‍ ബ്രഹ്മദത്തന്‍ മടിക്കില്ല. വാടാനപ്പള്ളിയില്‍ എഴുന്നള്ളത്ത് കഴിഞ്ഞപ്പോള്‍ ആന, ദാമോദരന്‍ നായരെ തട്ടിയിട്ട് കുത്താനൊരുങ്ങിയപ്പോള്‍ ഇടയില്‍ കയറിനിന്ന് ബ്രഹ്മദത്തന്‍ തടഞ്ഞ് താപ്പാനയുടെ ശൗര്യം കാട്ടി. നിലത്തുവീണ പാപ്പാനെ തന്റെ തുമ്പിക്കൈ നീട്ടിനല്‍കി എഴുന്നേല്‍പ്പിച്ചു.

തൊഴുതുമടങ്ങി

പതിവ് തെറ്റിക്കാതെ ഇത്തവണയും ഇരുവരും തൃശ്ശൂര്‍ പൂരത്തിന് പോയിരുന്നു. പതിവുള്ള ക്ഷേത്രദര്‍ശനങ്ങളും നടത്തി. തൃപ്രയാര്‍ ശീവേലിയിലും പങ്കെടുത്തു. ഗുരുവായൂരപ്പനെ തൊഴുത് പ്രസാദം സ്വീകരിച്ചാണ് ബ്രഹ്മദത്തനും ദാമോദരന്‍ നായരും നാട്ടിലെത്തിയത്. ഇനിയില്ല, ഇരുവരും ചേര്‍ന്നൊരു തീര്‍ഥയാത്ര. വേദന പല്ലാട്ട് തറവാടിനും കുന്നക്കാട്ട് കുടുംബത്തിനും ബാക്കി.

Content Highlight: Elephant Pallattu Brahmadathan and mahout  Omanachettan