കല്‍പ്പറ്റ: വയനാട് തിരുനെല്ലി ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ മുത്തങ്ങ ആന ക്യാമ്പില്‍ എത്തിച്ചു. തിരുനെല്ലി മുള്ളന്‍കൊല്ലിയില്‍ ജനവാസമേഖലയില്‍ രണ്ടുദിവസം മുമ്പ് എത്തിയ കുട്ടിയാനയെ വനപാലകര്‍ പിടികൂടി ചികിത്സ നല്‍കി ഉള്‍ക്കാട്ടില്‍ വിട്ടിരുന്നു. എന്നാല്‍ കുട്ടിയാനയെ കൂടെ കൂട്ടാന്‍ ആനക്കൂട്ടം തയ്യാറാകാത്തത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വനപാലകര്‍ വീണ്ടും പിടികൂടി മുത്തങ്ങയിലെ ആന ക്യാമ്പില്‍ എത്തിച്ചത്. 

To advertise here,

കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് കുട്ടിയാന കൂട്ടം തെറ്റി ജനവാസമേഖലയില്‍ എത്തിയത്. രാവിലെ വീട്ടുമുറ്റത്തും റോഡിലുമെല്ലാം കുട്ടിയാനയെ കണ്ട നാട്ടുകാര്‍ അമ്പരന്നിരുന്നു. ആനക്കുട്ടി കരഞ്ഞുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഓടുകയായിരുന്നു എന്ന് നാട്ടുകാര്‍ വനംവകുപ്പിന് വിവരം നല്‍കി. പിന്നാലെ ആര്‍.ആര്‍.ടി. സംഘവും ഡോ. അജീഷ് മോഹന്‍ദാസിന്റെ നേത്വത്തില്‍ വനംവകുപ്പ് വെറ്ററിനറി ടീമും ആണ് സ്ഥലത്തെത്തി. 

കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയാനയെ പിടികൂടി ചികിത്സ നല്‍കാന്‍ തീരുമാനിച്ചു. പിന്നാലെ കയറും വലയുമായി എത്തിയ വനപാലകരെ വെട്ടിച്ച് കുട്ടിയാന ഓടി. ദീര്‍ഖനേരത്തെ ശ്രമത്തിനൊടുവില്‍ ഒരു വീട്ടുമുറ്റത്തുവെച്ച് കയറും വലയും ഉപയോഗിച്ച് കുടുക്കി. തുടര്‍ന്ന് തോല്‍പ്പെട്ടി റെയ്ഞ്ച് ഓഫീസില്‍ എത്തിച്ചു. അവിടെവെച്ച് മുറിവേറ്റ കാലിന് ചികിത്സ നല്‍കിയ ശേഷമാണ് വൈകുന്നേരത്തോടെ ഉള്‍വനത്തില്‍ എത്തിച്ച് തുറന്നുവിട്ടത്. 

കുട്ടിയാന ആനക്കൂട്ടത്തിനൊപ്പം ചേരുന്നുണ്ടോ എന്ന് വനപാലകര്‍ നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്നാണ് കുട്ടിയാനയെ ആനക്കൂട്ടും കൂടെചേര്‍ക്കുന്നില്ല എന്ന് കണ്ടെത്തിയത്. ആനക്കൂട്ടം കൂടെ കൂട്ടാഞ്ഞതോടെ കുട്ടിയാന വീണ്ടും ജനവാസമേഖലയില്‍ എത്തി. ഇതോടെ വനപാലകര്‍ വീണ്ടും സ്ഥലത്തെത്തി ആനക്കുട്ടിയെ പിടികൂടി മുത്തങ്ങ ആനക്യമ്പില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ ആനക്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.