കോതമംഗലം: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനംചെയ്തു. ജനകീയ ഹര്‍ത്താലും വൈകീട്ട് മൂന്ന് മണിക്ക് പ്രതിഷേധ റാലിയും നടക്കും. അതേസമയം, മരിച്ച ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എല്‍ദോസിന്റെ മൃതദേഹം മാറ്റാന്‍ തയ്യാറാവാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. ജോലി കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് എല്‍ദോസിനെ കാട്ടാന ആക്രമിച്ചത്.

To advertise here,

എല്‍ദോസിന്റെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്‌റ്റേഷന് അരകിലോമീറ്റര്‍ അകലെയാണ് കാട്ടാന ആക്രമണത്തില്‍ യുവാവിന് ജീവന്‍ നഷ്ടമായത്. മരിച്ച എല്‍ദോസിന് മുമ്പ് ഇതുവഴി പോയ ആള്‍, ഫോറസ്റ്റ് സ്‌റ്റേഷനിലെത്തി കാട്ടാന ഇറങ്ങിയ കാര്യം അറിയിച്ചിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നാലെ ഇതുവഴി പോയ എല്‍ദോസിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം മാറ്റാന്‍ വാഹനം ആവശ്യപ്പെട്ടപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡീസലില്ലെന്ന് പറഞ്ഞൊഴിഞ്ഞെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഉത്തരവാദിത്തപ്പെട്ടവര്‍ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ഡി.എഫ്.ഒ. സ്ഥലത്തേക്ക് തിരിച്ചു. ഡി.എഫ്.ഒയുമായി ചര്‍ച്ച നടത്തിയതിന് ശേഷം മൃതദേഹം മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരുമടക്കം സ്ഥലത്തുണ്ട്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും സ്ഥലത്തെത്തി.