കോതമംഗലം: മാമലക്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ ആനയെയും കുട്ടിയാനയെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. കുട്ടമ്പുഴയില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആനയെയും കുഞ്ഞിനെയും കരയിലേക്ക് കയറ്റിയത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

To advertise here,

കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരി അഞ്ചുകുടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആനയും കുട്ടിയാനയും ഉപയോഗശൂന്യമായ കിണറ്റില്‍ വീണത്. രാവിലെ തോട്ടത്തിലെത്തിയ ആളുകളാണ് സംഭവം കണ്ടത്. ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. 

ജെ.സി.ബി ഉപയോഗിച്ചാണ് കാട്ടാനയേയും കുഞ്ഞിനേയും പുറത്തെടുത്തത്. പുറത്തേക്ക് കടക്കുമ്പോഴുണ്ടായ പരിഭ്രാന്തിയില്‍ രക്ഷാപ്രവര്‍ത്തനത്തിനുപയോഗിച്ച ജെ.സി.ബി.യില്‍ ഇടിച്ചിരുന്നു. പിന്നാലെ സമീപത്തുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ ആന പാഞ്ഞടുക്കുകയും തുമ്പി കൈ വീശുകയും ചെയ്തു. ആക്രമണത്തില്‍ ഉദ്യോഗസ്ഥന് പരിക്കേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. പ്രദേശത്ത് അല്പസമയം പരിഭ്രാന്തി പരത്തിയെങ്കിലും ആനയും കുട്ടിയും തിരികെ സുരക്ഷിതമായി കാട്ടിലേക്ക് മടങ്ങി.

ഇന്നലെ രാത്രിയോടെ തോട്ടത്തിലേക്ക് എത്തിയ ആന കൂട്ടത്തിലുണ്ടായിരുന്ന ആനയും കുഞ്ഞുമാണ് കിണറ്റില്‍ വീണുപോയത്. ആദ്യം ഒരു ആന വീണു. അതിനെ രക്ഷിക്കാനെത്തിയ ആനയും കിണറിലേക്ക് വീഴുകയായിരുന്നു. അഞ്ചുകുടി സ്വദേശിയായ പൊന്നമ്മയുടെ തോട്ടത്തിലെ കിണറിലാണ് ആനയും കുഞ്ഞും വീണത്. കാട്ടാനശല്യം കാരണം പൊന്നമ്മയുടെ കുടുംബം ഇവിടെ നിന്ന് മാറി താമസിക്കുകയായിരുന്നു. ആഴം കുറഞ്ഞ കിണറായതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം സുഗമമായിരുന്നു.

അതേസമയം നിരന്തരം കാട്ടാനശല്യമുള്ള പ്രദേശമാണ് ഇവിടം. നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്നും താമസം മാറിപോയിട്ടുണ്ടെന്നാണ് വിവരം. ഇതിന് മുമ്പും ആന ജനവാസ മേഖലയിലേക്ക് എത്തുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.