
കൊച്ചി: ഇടപ്പള്ളി–അരൂർ 14.64 കിലോ മീറ്റർ ആറുവരി ഉയരപ്പാത പദ്ധതി മരവിപ്പിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ലോക്സഭയിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിലവിൽ പുരോഗമിക്കുന്ന നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ പുതിയ പദ്ധതികൾ പരിഗണിക്കൂ എന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമാണ് ഇടപ്പള്ളി- അരൂർ ഹൈവേ. ഇടപ്പള്ളി- അരൂർ ആറുവരി ഉയരപ്പാത പദ്ധതി വരുന്നതോടെ ഇതിന് അറുതിയാകുമെന്ന് കരുതിയിരുന്നെങ്കിലും നിലവിൽ പദ്ധതി മരവിപ്പിച്ചതായാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിന് പകരമായി, അങ്കമാലി–ഇടപ്പള്ളി–കുണ്ടന്നൂർ റൂട്ടിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം അങ്കമാലി–അരൂർ ബൈപാസ് പദ്ധതി വേഗത്തിൽ നടപ്പാക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി പാത ഇടപ്പള്ളിയിലെത്തുമ്പോൾ നാലുവരിയായി ചുരുങ്ങുന്നതാണ് ഇവിടുത്തെ പ്രധാന ഗതാഗത തടസ്സത്തിന് കാരണം. എൻ.എച്ച് 66, കോസ്റ്റൽ ഹൈവേ, എൻ.എച്ച് 544 എന്നിവ ഒന്നിക്കുന്ന ഈ ഭാഗത്ത് ഇരുവശത്തും വൻകിട മാളുകളും ഫ്ലാറ്റുകളും ഉള്ളതിനാൽ ഭൂമിയേറ്റെടുക്കൽ അസാധ്യമായിരുന്നു. ഇതിനാലായിരുന്നു ഉയരപ്പാത നിർദേശിച്ചിരുന്നത്. എന്നാൽ, ഡി.പി.ആർ (DPR) തയ്യാറാക്കാൻ ഏൽപ്പിച്ച ഏജൻസി പാതിവഴിയിൽ പിന്മാറിയതും പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിൽ കൊച്ചി മെട്രോ ലൈനുകൾ തടസ്സമാകുന്നതും പദ്ധതിക്ക് തിരിച്ചടിയായി.
അതേസമയം അങ്കമാലി–അരൂർ എട്ടുവരി ഗ്രീൻഫീൽഡ് ബൈപാസ് പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പോർട്ട് കണക്ടിവിറ്റിയോടെയുള്ള 49.5 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് അങ്കമാലി–അരൂർ എട്ടുവരി ഗ്രീൻഫീൽഡ് ബൈപാസ് പദ്ധതി. അങ്കമാലിയിൽനിന്ന് ആരംഭിച്ച് പ്രധാന നഗരകേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് അരൂർ-തുറവൂർ ഉയരപ്പാതയിലേക്കാണ് ഈ പുതിയ പാതയെ ബന്ധിപ്പിക്കുന്നത്. ഇതിന്റെ ഡി.പി.ആർ നിർമാണം പുരോഗമിക്കുകയാണെന്നും ഭൂമിയേറ്റെടുക്കലിനായുള്ള 3എ വിജ്ഞാപനം ഓഗസ്റ്റിൽ വീണ്ടും പുറപ്പെടുവിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Content Highlights: The 14.64 km Edappally-Aroor elevated highway project is officially frozen by the Ministry of Road Transport., The Centre prioritizes completing ongoing state projects before initiating new ones., DPR challenges and Kochi Metro alignment issues led to the project's cancellation., The government is fast-tracking the 49.5 km Angamaly-Aroor 8-lane greenfield bypass., Land acquisition notification (3A) for the new bypass is scheduled for August 2026.
Published: 07 Aug 2026, 06:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented