എടപ്പാള്‍: മേല്‍പ്പാലം വന്നിട്ടും എടപ്പാള്‍ ടൗണിന് ഗതാഗതക്കുരുക്കില്‍ നിന്ന് മോചനമില്ലെന്ന് ഏതാണ്ടുറപ്പാകുന്നു. അവധിദിവസങ്ങളിലും വിശേഷാവസരങ്ങളിലും ഗതാഗതക്കുരുക്ക് മണിക്കൂറുകളാണ് നീളുന്നത്. തൃശ്ശൂര്‍ റോഡില്‍ നടുവട്ടം വരെയും കോഴിക്കോട് റോഡില്‍ അണ്ണക്കമ്പാട് വരെയുമെല്ലാമാണ് പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നത്.

To advertise here,

അത്യാവശ്യകാര്യങ്ങള്‍ക്ക് പോകുന്നവരും ബസുകളുമെല്ലാം കുരുക്കില്‍ക്കിടന്ന് ബുദ്ധിമുട്ടുകയാണ്. മേല്‍പ്പാലത്തിലേക്കു കയറുന്ന ഭാഗത്ത് വാഹനങ്ങള്‍ യു ടേണ്‍ എടുക്കുന്നത് പ്രശ്‌നം ഗുരുതരമാക്കുകയാണ്.

വലിയ ഗതാഗതക്കുരുക്കുണ്ടാകുമ്പോഴും ഡ്യൂട്ടിക്കുള്ള ഹോംഗാര്‍ഡ് മാത്രമേ ഗതാഗതം നിയന്ത്രിക്കാന്‍ ഉണ്ടാവാറുള്ളു. സ്വകാര്യ ബസ് ജീവനക്കാര്‍ സമയം തെറ്റാതിരിക്കാന്‍ റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുന്ന കാഴ്ചയും ഇതിനിടയില്‍ കാണാം. മേല്‍പ്പാലത്തിനു താഴെയുള്ള വിശാലമായ സ്ഥലത്ത് പലപ്പോഴും ഹ്രസ്വദൂര ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത് കുരുക്ക് രൂക്ഷമാക്കുകയാണ്.

പട്ടാമ്പി റോഡിലെ വ്യാപാര സമുച്ചയത്തിലേക്ക് ഇടതുവശത്തുകൂടി വരുന്ന വാഹനങ്ങള്‍ വലത്തോട്ട് കയറ്റുമ്പോഴാണ് ഈ ഭാഗത്ത് പ്രധാനമായും ഗതാഗതക്കുരുക്കുണ്ടാകുന്നത്. അവിടുത്തെ പാര്‍ക്കിങ് സ്ഥലം കഴിഞ്ഞാല്‍ പിന്നീടെത്തുന്ന വാഹനങ്ങള്‍ റോഡരികിലാണ് നിര്‍ത്തുക.

ഇതോടെ കുരുക്ക് രൂക്ഷമാകും. മാളിലേക്കു കയറാനുള്ള വാഹനങ്ങള്‍ തൃശ്ശൂര്‍ റോഡിലൂടെ കയറ്റി, ഇറങ്ങാനുള്ളവ പട്ടാമ്പി റോഡിലേക്കിറക്കിയാല്‍ റോഡ് മുറിച്ചു കടന്നുണ്ടാകുന്ന കുരുക്കിന് ഒരുപരിധി വരെ പരിഹാരമുണ്ടാക്കാം.

അതുപോലെ ഈ റോഡിലെ ബസ് സ്റ്റോപ്പ് കുറച്ചുകൂടി മുകളിലേക്കു മാറ്റാന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടുമില്ല.

ഈ ഭാഗത്തു റോഡിലുള്ള കുഴികള്‍കാരണം വാഹനങ്ങള്‍ക്ക് വേഗം കുറക്കേണ്ട സാഹചര്യവുമുണ്ട്. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ ഏറെ സമയമെടുത്താണ് ഇതിനിടയിലൂടെ കടന്നുപോകുന്നത്.

റിങ് റോഡുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഗതാഗതം തിരിച്ചുവിട്ടും അനധികൃത പാര്‍ക്കിങ് നിരോധിച്ചുമെല്ലാം പോലീസ് അടിയന്തര നടപടിയെടുത്ത് ഓണക്കാലത്തെങ്കിലും ജനങ്ങളുടെ പ്രയാസം കുറയ്ക്കണമെന്ന ആവശ്യമാണ് ഇപ്പോഴുയരുന്നത്.