ബെംഗളൂരു: രാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളൂരു ഗതാഗതക്കുരുക്കിൽ ലോകത്തെ നഗരങ്ങൾക്കിടയിൽ രണ്ടാംസ്ഥാനത്ത്. മെക്‌സിക്കോ നഗരമാണ് ബെംഗളൂരുവിന്റെ മുൻപിലുള്ളത്. അയർലൻഡിലെ ഡബ്ലിൻ നഗരമാണ് പട്ടികയിൽ മൂന്നാമത്.

To advertise here,

നെതർലെൻഡ്സ് ആസ്ഥാനമായ ലൊക്കേഷൻ ടെക്നോളജി സ്ഥാപനമായ ടോംടോം പുറത്തിറക്കിയ 2025-ലെ ട്രാഫിക് ഇൻഡെക്‌സിലാണ് ഈ വിവരമുള്ളത്. ബെംഗളൂരു നഗരത്തിൽ വാഹനങ്ങളുടെ ശരാശരിവേഗം മണിക്കൂറിൽ 16.6 കിലോമീറ്ററാണ്. നാല് കിലോമീറ്റർ സഞ്ചരിക്കാൻ 15 മിനിറ്റ് ചെലവഴിക്കേണ്ട അവസ്ഥയാണ്.

അതേസമയം, ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്ന് ടോം ടോമിന്റെ 2025 ജനുവരിയിലെ റിപ്പോർട്ടിൽ പറയുന്നു. 10 കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണമെന്ന് 'ടോം ടോം' ട്രാഫിക് ഇൻഡെക്‌സ് റിപ്പോർട്ടിൽ വ്യക്തമാക്കി.

ഈ കണക്കു പ്രകാരം നഗരവാസികൾ ഒരുവർഷം 132 മണിക്കൂർ അധികമായി ഗതാഗതക്കുരുക്കിൽപ്പെടുന്നുണ്ട്. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും ഓരോ ദിവസവും കൂടിവരുന്ന ബെംഗളൂരുവിലെ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്‌.

ഈ റിപ്പോർട്ട് അനുസരിച്ച് പുണെയായിരുന്നു രണ്ടാം സ്ഥാനത്ത്. 10 കിലോമീറ്റർ പിന്നിടാൻ 27 മിനിറ്റും 50 സെക്കൻഡും. ഫിലിപ്പീൻസിലെ മനില (27 മിനിറ്റ് 20 സെക്കൻഡ്), തയ്വാനിലെ തായിചുങ് (26 മിനിറ്റ് 50 സെക്കൻഡ്) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു ഏഷ്യൻ നഗരങ്ങൾ.