
കൊച്ചിയിലെ ഇഡി ഓഫീസ്, മുഖ്യമന്ത്രി പിണറായി വിജയന് | ഫയല്ചിത്രം | ഫോട്ടോ: റിദിന് ദാമു, പി.പി. രതീഷ്/ മാതൃഭൂമി
തിരുവനന്തപുരം: തിരഞ്ഞെടുപ്പുഘട്ടത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകി കളംനിറയുമ്പോൾ അതിനുപിന്നിലെ രാഷ്ട്രീയ ഒത്തുകളികളെക്കുറിച്ചുള്ള ആരോപണങ്ങളിലാണ് മുന്നണികളുടെ ഊന്നൽ. ഇഡി അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തി നോട്ടീസ് നൽകുമ്പോഴുണ്ടാകുന്ന 'കുറ്റകൃത്യ'ത്തിന്റെ ഗൗരവം ഈ നോട്ടീസിന് ഉണ്ടാകുന്നില്ലെന്നതാണ് ശ്രദ്ധേയം. പകരം, തിരഞ്ഞെടുപ്പുഘട്ടത്തിൽ ആവർത്തിച്ച് ഇഡി എത്തുന്നതിന്റെ രാഷ്ട്രീയമാണ് എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഉന്നയിക്കുന്നത്.
'എന്തേ ഇഡി വരാത്തതെന്ന് ആലോചിക്കുകയായിരുന്നുവെന്ന്' സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിക്കുന്നതുവഴി അന്വേഷണത്തിനുപിന്നിലെ അജൻഡയാണ് പാർട്ടി ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിക്കെതിരേ കേന്ദ്ര ഏജൻസിയുടെ അന്വേഷണംവരുമ്പോൾ പ്രതിപക്ഷത്തിന് അത് രാഷ്ട്രീയ ആയുധമാകേണ്ടതാണ്. എന്നാൽ, ഇഡിയെയും മുഖ്യമന്ത്രിയെയും ഒത്തുകളിയിലെ രണ്ടുകക്ഷികളാക്കിയുള്ള പ്രതികരണമാണ് യുഡിഎഫും നടത്തിയിട്ടുള്ളത്.
എൽഡിഎഫ് പറയുന്നത്
* തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും ലക്ഷ്യമിട്ട് ഇത്തരം നോട്ടീസ് നൽകുന്നതും അന്വേഷണവുമായിവരുന്നതും രാഷ്ട്രീയലക്ഷ്യത്തോടെയാണ്
* ഇത്തരത്തിലുള്ള എല്ലാ അന്വേഷണവും പരാജയപ്പെട്ട് പിൻവാങ്ങിയതാണ്
* അന്വേഷണം വികസനം തടയാനുള്ള രാഷ്ട്രീയ ഇടപെടൽ
* നേരത്തേ തോമസ് ഐസക്കിന്റെപേരിൽ നോട്ടീസ് അയച്ചതാണ്. എന്തിനാണ് നോട്ടീസ് അയച്ചതെന്ന് അന്ന് കോടതിയിൽപ്പോലും ഇഡിക്ക് പറയാനായിട്ടില്ല
*ഭൂമി വാങ്ങിയതല്ല, സർക്കാർ ഏറ്റെടുത്തതാണ്. അത് വികസനാവശ്യത്തിനുവേണ്ടിയാണ്
യുഡിഎഫ് ഉന്നയിക്കുന്നത്
*തദ്ദേശതിരഞ്ഞെടുപ്പിനുമുൻപ് ഒരു നോട്ടീസയപ്പിച്ച് പിണറായി വിജയനെ ഇരയാക്കി രക്ഷിക്കാമെന്നത് ബിജെപി-സിപിഎം ധാരണയാണ്. പകരം നൽകുന്നത് നിയമസഭാ സീറ്റാണോ കോർപ്പറേഷൻ ഭരണമാണോ എന്ന് പിണറായി വിജയൻ പറയണം
* 2019-ൽ ചട്ടലംഘനം തെളിഞ്ഞിട്ടും നോട്ടീസ് അയക്കാൻ ആറുവർഷം കാത്തിരുന്നത് ഒത്തുകളിയുടെ ഭാഗമാണ്
* സ്വർണക്കടത്ത്, മാസപ്പടി, ലാവലിൻ കേസുകൾ വർഷങ്ങളായി നീട്ടുന്നു. ഇതിനുപിന്നീലെ ഡീൽ പരിശോധിക്കണം
* മസാലബോണ്ടിന്റെ ഉപാധി എന്താണെന്ന് സർക്കാർ മറച്ചുവെക്കുകയാണ്. വിവരാവകാശ നിയമപ്രകാരംപോലും കിഫ്ബി പദ്ധതി വിവരങ്ങൾ പുറത്തുവിടാത്തത് തട്ടിപ്പിന്റെ ഏറ്റവുംവലിയ തെളിവ്
ചട്ടലംഘനമില്ലെന്ന് സർക്കാർ
തിരുവനന്തപുരം: മസാലബോണ്ട് വഴി കിഫ്ബി ധനസമാഹരണം നടത്തിയത് വിദേശകാര്യമന്ത്രാലയവും റിസർവ് ബാങ്കും പുറപ്പെടുവിച്ച മാർഗരേഖയനുസരിച്ചാണെന്ന് സർക്കാർ വിശദീകരണം. ബോണ്ടു വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യവികസനത്തിനുള്ള ഭൂമി ഏറ്റെടുക്കാൻ ഉപയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മസാലബോണ്ട് വഴിയുള്ള പണം ഉപയോഗിച്ചതു ഭൂമി വാങ്ങാനല്ല, വികസനപദ്ധതികൾക്കുള്ള ഭൂമി ഏറ്റെടുക്കലിനാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
വിദേശവാണിജ്യവായ്പ ഇന്ത്യൻരൂപയിൽ വാങ്ങാനുള്ളതാണ് മസാല ബോണ്ട്. 2016 ഓഗസ്റ്റ് 31-ന് വിദേശകാര്യമന്ത്രാലയം മസാലബോണ്ട് സംബന്ധിച്ച കുറിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശവായ്പ സംബന്ധിച്ച് ആർബിഐയുടെ മാസ്റ്റർ സർക്കുലറുമുണ്ട്. കോർപ്പറേറ്റുകൾക്കോ ബോഡി കോർപ്പറേറ്റുകൾക്കോ മസാലബോണ്ടിനു യോഗ്യതയുണ്ടെന്നാണ് സർക്കുലറിലെ 3.3.2 ഖണ്ഡികയിലെ വ്യവസ്ഥ. ബോഡി കോർപ്പറേറ്റാണ് കിഫ്ബി.
നടപടിക്രമമനുസരിച്ച്, അധികാരപ്പെടുത്തിയ ഡീലർ ബാങ്ക് വഴിയാണ് ആർബിഐക്ക് മസാലബോണ്ടിന് അപേക്ഷ സമർപ്പിച്ചത്. 2019-ൽ ബോണ്ടു വഴി 2150 കോടി രൂപ സമാഹരിച്ചു. അഞ്ചുവർഷമായിരുന്നു കാലാവധി. മുതലും പലിശയും ഉൾപ്പെടെ 3195 കോടി രൂപ കിഫ്ബി തിരിച്ചടച്ചെന്നും അധികൃതർ വിശദീകരിച്ചു.
ധനസമാഹരണം പ്രത്യേക കമ്പനിയിലൂടെയല്ല
ഡോളറിന്റെ ഉയർച്ചതാഴ്ചകൾ വിനിമയത്തെ ബാധിക്കാതിരിക്കാനാണ് ഇന്ത്യൻരൂപയിൽ മസാലബോണ്ട് വഴി ധനം സമാഹരിച്ചത്. ഇത് ഏതെങ്കിലുമൊരു പ്രത്യേക കമ്പനിയിലൂടെയല്ല. അന്താരാഷ്ട്ര ബോണ്ട് മാർക്കറ്റിലെ നടപടിക്രമങ്ങളും ആർബിഐ മാനദണ്ഡങ്ങളും പാലിച്ച് മസാലബോണ്ട് വിപണിയിൽ നിക്ഷേപകർക്കായി ലഭ്യമാക്കി.
ഇതിന് വിവിധ ബാങ്കുകൾ, നിയമോപദേശക സ്ഥാപനങ്ങൾ, റേറ്റിങ് ഏജൻസികൾ, ട്രസ്റ്റി സർവീസ് സ്ഥാപനങ്ങൾ എന്നിവയുടെ സേവനം ലഭ്യമാക്കി. അസറ്റ് മാനേജേഴ്സ്, ഇൻഷുറൻസ്, പെൻഷൻഫണ്ട്, ബാങ്കിങ്, പ്രൈവറ്റ് വെൽത്ത് മാനേജേഴ്സ് എന്നിങ്ങനെ വിവിധതലങ്ങളിലെ 16 സ്ഥാപനങ്ങൾ മസാലബോണ്ടിൽ നിക്ഷേപം നടത്തി.
ആർബിഐ നിയമമനുസരിച്ചുള്ള ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് അംഗീകരിച്ച നിക്ഷേപകർ മാത്രമേ ബോണ്ടിൽ പങ്കാളികളായിട്ടുള്ളൂവെന്നും സർക്കാർ വിശദീകരിച്ചു.
പലിശനഷ്ടവുമില്ല
കിഫ്ബി ധനസമാഹരണം 9.72 ശതമാനം നിരക്കിലാണ്. ഇതിലും കുറഞ്ഞ നിരക്കിൽ ആഭ്യന്തരവിപണിയിൽനിന്ന് പണം സമാഹരിക്കുന്നുവെന്നും വിമർശനമുണ്ട്. കുറഞ്ഞ പലിശയെന്നത് ഡോളറിൽ ഇറക്കുന്ന ബോണ്ടിനാണെന്നാണ് സർക്കാരിന്റെ മറുപടി.
കിഫ്ബിയും ആഭ്യന്തരവിപണിയിലെ സാധ്യതകൾ അന്വേഷിച്ചു. ടെൻഡർ ചെയ്തപ്പോൾ 10.15 ശതമാനമായിരുന്നു നിരക്ക്. ആന്ധ്രപ്രദേശ് കാപ്പിറ്റൽ റീജണൽ ഡിവലപ്മെന്റ് അതോറിറ്റി ശ്രമിച്ചപ്പോൾ 10.72 ശതമാനവും. മസാലബോണ്ടിന് 9.72 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Content Highlights: ED issues notice to CM during elections, igniting political accusations. LDF & UDF allege political motives behind the investigation. Explore the controversy.
Published: 02 Dec 2025, 06:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented