തിരുവനന്തപുരം: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മകൾ വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘ബാങ്ക് ലോക്കർ തുറക്കുമ്പോൾ വിസ്മയമുണ്ടോ എന്ന് അറിയാമല്ലോ, ഒരു മഹാകാര്യം പോലെയാണല്ലോ പരിശോധന’ എന്ന് പിണറായി വാർത്താസമ്മേളനത്തിനിടെ പ്രതികരിച്ചു.

To advertise here,

അതേസമയം, വീണയുടെ പേരിൽ തിരുവനന്തപുരത്ത് എംജി റോഡിലുള്ള എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കർ പരിശോധന ഇ.ഡി പൂർത്തിയാക്കി. രണ്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങിയത്. സിആർപിഎഫിന്റെ സുരക്ഷയിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ ഇ.ഡി ഉദ്യോഗസ്ഥർ ബാങ്കിലെത്തിയത്. രണ്ട് മണിക്കൂറിലധികം നീണ്ട പരിശോധനയാണ് നടന്നത്.

സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി, ഇ.ഡി. നേരത്തേ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിണറായി വിജയൻ താമസിക്കുന്ന ബേക്കറി ജംങ്ഷനിലെ വീട്ടിൽ ഇ.ഡി നേരത്തെ പരിശോധന നടത്തിയിരുന്നു. ലോക്കർ ഉണ്ടെന്ന വിവരത്തെ തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. വീണയെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി അവരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട ആകെ 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപയാണ് ഇതുവരെ മരവിപ്പിച്ചിട്ടുള്ളത്. അതിൽ വീണയുടെ അക്കൗണ്ടും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറുമുണ്ടെന്ന് വ്യക്തമായത്.

സി.എം.ആർ.എലിൽനിന്ന് എക്സാ ലോജിലേക്ക് വന്ന 2.78 കോടി രൂപയുടെ വിനിയോഗമടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ചാണ് പരിശോധന. കഴിഞ്ഞദിവസം നടന്ന ചോദ്യംചെയ്യലിൽ ഈ പണമിടപാടുകൾ സംബന്ധിച്ച് കൃത്യമായ മറുപടി നൽകാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു. സേവനത്തിനുള്ള പ്രതിഫലമായാണ് പണം ലഭിച്ചതെന്ന കാര്യത്തിൽ തൃപ്തികരമായ വിശദീകരണം നൽകാൻ സാധിക്കാത്തതിനു പിന്നാലെയാണ് ബാങ്ക് ലോക്കറുകൾ പരിശോധിക്കാൻ തീരുമാനിച്ചത്.