തിരുവനന്തപുരം: ഫുട്‌ബോൾ താരം ലയണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംനൽകി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി(ആർബിസി)ക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഫെമ കേസ് രജിസ്റ്റർ ചെയ്തു.

To advertise here,

വിദേശത്തേക്ക് കോടികൾ അയച്ചതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ നടപടി. ഏകദേശം 126 കോടിയോളം രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

പ്രഥമദൃഷ്ട്യാ വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി. കേസെടുത്ത് വിശദാന്വേഷണത്തിലേക്ക് പോകുന്നത്. വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട നിർണായക കരാർ രേഖകളും മറ്റു സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇ.ഡി. ഇതിനകം ശേഖരിച്ചിട്ടുണ്ട്. എസ്.ബി.ഐ.വഴിയാണ് ഈ പണം വിദേശത്തേക്കയച്ചിരിക്കുന്നത് എന്നതിന്റെ രേഖകൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.

ഇതോടൊപ്പംതന്നെ, ഈ 126 കോടി രൂപയുടെ വിദേശ കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന ജി.എസ്.ടി. വകുപ്പും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. സേവന നികുതിയിനത്തിൽ 22 കോടിയോളം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി. വകുപ്പ് റിപ്പോർട്ടർ ചാനലിന് നേരത്തേ കത്ത് നൽകിയിരുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അക്കൗണ്ട് കേവലം ഒരു ഇടനില അക്കൗണ്ട് മാത്രമായിട്ടാണോ പ്രവർത്തിച്ചതെന്നും, പണം ഒടുവിൽ മറ്റു രണ്ട് വിദേശ ധനകാര്യ സ്ഥാപനങ്ങളിലേക്കാണോ എത്തിയതെന്നും ജി.എസ്.ടി. വകുപ്പ് സംശയിക്കുന്നുണ്ട്.

നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫെമ ലംഘന കേസിന് പുറമേ, കൂടുതൽ ഗുരുതര സ്വഭാവമുള്ള പി.എം.എൽ.എ. കേസാക്കി ഇതിനെ മാറ്റുന്നതിനുള്ള സാധ്യതകളും ഇ.ഡി. പരിശോധിക്കുന്നു. എന്നാൽ ഇതിനായി സംസ്ഥാനത്ത് വിജിലൻസോ മറ്റു അന്വേഷണ ഏജൻസികളോ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. മുൻ കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ നടത്തിയ വിദേശ യാത്രയ്ക്കായി പൊതുഖജനാവിൽനിന്നുള്ള പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട് വിജിലൻസിന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സാധിക്കുമോ എന്നതിൽ സർക്കാരിന് ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി വി.ഡി. സതീശന്റേതായിരിക്കും.