കണ്ണൂർ: രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള കണ്ണൂരിൽ രണ്ടുനാൾ ചേരുന്ന സി.പി.എമ്മിന്റെ വിശാല ജില്ലാ കമ്മിറ്റി ഗൗരവമേറിയ വിഷയങ്ങൾ ചർച്ചചെയ്യും. ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് വിശാല ജില്ലാ കമ്മിറ്റി ചേരുക. 25-ന് ലക്ഷംപേർ അണിനിരക്കുന്ന റാലിയും നടക്കും. സ്വന്തം ജില്ലയിലെ പ്രത്യേക സമ്മേളനത്തിന് പി.ബി. അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്രനേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും കെ.കെ. ശൈലജയും രണ്ടുദിവസവും പങ്കെടുക്കും.

To advertise here,

സി.എം.ആർ.എൽ.-എക്സാലോജിക് കേസിൽ ചോദ്യം ചെയ്യലിനായി 23-ന് കൊച്ചി ഇ.ഡി. ഓഫീസിൽ ഹാജരാകാൻ പിണറായി വിജയന്‌ നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുൻ മുഖ്യമന്ത്രിക്ക് ഇ.ഡി. നോട്ടീസ് അയക്കുന്നത്. പാർട്ടി അതിഗൗരവത്തോടെ കാണുന്ന ഈ വിഷയത്തിൽ നോട്ടീസ് ലഭിച്ചശേഷം ആദ്യമായി പാർട്ടിനേതാക്കൾക്കൊപ്പമിരുന്ന് നിലപാട് വിശദമാക്കാൻ കണ്ണൂരിലെ വിശാല ജില്ലാ കമ്മിറ്റി വേദിയാകും. നിലവിലെ സാഹചര്യത്തിൽ പിണറായിക്കെതിരേ രൂക്ഷവിമർശനങ്ങളൊഴിവാക്കാനുള്ള ചരടുവലികളും സജീവമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരമ്പരാഗത കോട്ടകളായ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ അപ്രതീക്ഷിത തോൽവികളും ആഭ്യന്തര തർക്കങ്ങളും യോഗത്തിൽ കടുത്ത ചർച്ചകളും വിമർശനങ്ങൾക്കും വഴിവെക്കുമെന്ന കാര്യം ഉറപ്പാണ്. ജില്ലയിലെ വോട്ട് ചോർച്ചയും പ്രധാന ചർച്ചയാകും. പാർട്ടിയിലെ വിഭാഗീയതയും ഫണ്ട് വിവാദങ്ങളെത്തുടർന്ന് പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടതുപോലുള്ള ആഭ്യന്തരപ്രശ്നങ്ങളും തിരുത്തൽനടപടികളുടെ ഭാഗമായി ആഴത്തിൽ ചർച്ചയുണ്ടാകും. സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് യോഗം നിർണായകമാകും. സ്ഥാനാർഥിനിർണയം, പാർട്ടിയുടെ തോൽവി, വോട്ടുചോർച്ച എന്നിവയുടെ ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശം ഉയരും. എന്നാൽ ജില്ലാ സെക്രട്ടറി സ്ഥാനത്തിന്‌ മാറ്റമുണ്ടാകില്ല. പാർട്ടിനേതൃത്വത്തിലുള്ള സ്ഥാപനങ്ങളിൽ മുൻപ് ഇല്ലാത്ത വിധം അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അഴിമതിയും വഴിവിട്ട നിയമനങ്ങളും ചർച്ചയാകും. താഴെത്തട്ടിലുള്ള ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളിൽനിന്ന് ഉയർന്നുവന്ന വിമർശങ്ങളും വികാരങ്ങളും വിശാല കമ്മിറ്റിയിൽ പ്രതിഫലിക്കും. കമ്മിറ്റി യോഗങ്ങളിൽ കാര്യമായ വിമർശനം ഉന്നയിക്കാറുള്ള പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതോടെ വിമർശത്തിന്റെ മുനയൊടിക്കാൻ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.

ടി.കെ. ഗോവിന്ദന്റെയും കുഞ്ഞികൃഷ്ണന്റെയും ഒഴിവിലേക്ക് ആരൊക്കെ

ജില്ലാ കമ്മിറ്റിയിൽ കൂടുതൽപേർ എത്തുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിൽനിന്ന്‌ പുറത്താക്കിയതിനെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ ടി.കെ. ഗോവിന്ദന്റെയും ജില്ലാ കമ്മിറ്റിയിൽ വി. കുഞ്ഞികൃഷ്ണന്റെയും ഒഴിവുണ്ട്. ജില്ലാ സെക്രട്ടേറിയറ്റിൽ തളിപ്പറന്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് എത്താൻ സാധ്യതയുണ്ട്. നിലവിലെ ഒരു ഒഴിവ് നികത്തുന്നതോടൊപ്പം നാല് പുതിയ അംഗങ്ങൾ കൂടി ജില്ലാ കമ്മിറ്റിയിൽ എത്തിയേക്കും. മഹിളാ അസോസിയേഷൻ‌ ജില്ലാ നേതാവിനെ ഉൾപ്പെടുത്തിയേക്കും.

കണ്ണൂരിലെ യോഗം സി.പി.എമ്മിന്റെ ഭാവിരാഷ്ട്രീയത്തിൽ നിർണായകം

സി.പി.എമ്മിന് രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ഘടകത്തിന്റെ കെട്ടുറുപ്പും ശക്തിയുമാണ് പാർട്ടിയുടെ കരുത്ത്. സി.പി.എമ്മിന് കരുത്തുപകരുന്ന വിമർശങ്ങളായിരിക്കും ഒരോ പ്രതിനിധിയുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്ന് നേതൃത്വം മുൻകൂട്ടിക്കണ്ട്‌ ചരടുവലിച്ചിട്ടുണ്ട്. 4421 ബ്രാഞ്ചുകളാണ് പാർട്ടിക്ക് ജില്ലയിലുള്ളത്. 249 ലോക്കലുകളും 18 ഏരിയകളുമുണ്ട്. 65,550-ലധികം പാർട്ടി അംഗങ്ങളുള്ള കണ്ണൂർ ഘടകത്തിലെ യോഗതീരുമാനങ്ങൾ കേരളത്തിലെ സി.പി.എമ്മിന്റെ ഭാവിരാഷ്ട്രീയനീക്കങ്ങളിലും ഏറെ നിർണായകമാണ്.