കൊല്ലം: വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറി എസ്.സുദേവൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ജില്ലയിലെ പുഴകളുടെയും കായലിന്റെയും കണക്കുകൾ മാത്രമെന്ന് വിമർശനം. സ്ഥിതിവിവരകണക്കുകൾ അല്ലാതെ, എന്തുകൊണ്ടാണ് തുടരെ തിരഞ്ഞെടുപ്പു തോൽവിയുണ്ടാകുന്നതെന്നതിനെപ്പറ്റി റിപ്പോർട്ടിൽ ഒന്നുമില്ല.

To advertise here,

‘ഇത്തിക്കരയാറിനെക്കുറിച്ചുകൂടി വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടിയിരുന്നു’-കൊട്ടിയത്തുനിന്നുള്ള പ്രതിനിധി പരിഹസിച്ചു. വോട്ടിന്റെ കണക്കും ശതമാനവുമൊന്നും പറഞ്ഞിട്ടുകാര്യമില്ല. തോൽവിയുടെ യഥാർഥ കാരണം കണ്ടെത്തി ചികിത്സിക്കണമെന്ന് ആവശ്യമുയർന്നു. ജില്ലാ കമ്മിറ്റി ഓഫീസിൽ ചെന്നാൽ ആരും തിരിഞ്ഞുനോക്കില്ലെന്ന് ഒരു പ്രതിനിധി പറഞ്ഞു. കത്തെഴുതി കൈയൊടിയുന്നതല്ലാതെ ഒരുകാര്യവുമില്ല. ഒരു കത്തുമില്ലാതെ ചിലർ കാര്യങ്ങൾ സാധിക്കുന്നുമുണ്ട്.-ഒരു പ്രതിനിധി പറഞ്ഞു.

കെ.എസ്.കെ.ടി.യു., പി.കെ.എസ്. തുടങ്ങിയ സംഘടനകൾ ലയിപ്പിച്ച് ഒന്നാക്കണമെന്ന് ഒരു പ്രതിനിധി ആവശ്യപ്പെട്ടു. കുന്നത്തൂരിലെ തോൽവിക്ക് ജില്ലാനേതൃത്വം മാത്രമാണ് കാരണക്കാർ. മന്ത്രി സജി ചെറിയാന്റെ അന്തവും കുന്തവുമില്ലാത്ത പ്രസ്താവനകൾ പാർട്ടിക്ക് വളരെയേറെ ദോഷംചെയ്തു. അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാതെ സജി ചെറിയാൻ വിവാദപ്രസ്താവനകൾ തുടർന്നുകൊണ്ടേയിരുന്നെന്നും വിമർശനമുണ്ടായി.

പ്രതിപക്ഷനേതാവ് പിണറായി വിജയൻ മകൾക്ക് കണ്ണൂരിലെ ഒരു സഹകരണസ്ഥാപനത്തിൽ ജോലി വാങ്ങിക്കൊടുത്തിരുന്നെങ്കിൽ പാർട്ടി വിവാദത്തിലാകില്ലായിരുന്നു. ഭാര്യയുടെ പേര് സ്ഥാനാർഥിയായി ഉയർന്നുവന്നപ്പോൾ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ‘നോ’ പറയണമായിരുന്നു. ആ ‘നോ’ കണ്ണൂരിലെ പാർട്ടിക്കുമാത്രമല്ല, കേരളത്തിലാകെ ഗുണമായേനെയെന്ന് പ്രതിനിധി പറഞ്ഞു.

സി.പി.ഐ. പരസ്പരം പോരടിച്ചു

ചാത്തന്നൂരിലും ചടയമംഗലത്തും എൽ.ഡി.എഫ്. തോറ്റതിന് സി.പി.ഐ.യിലെ പോര് കാരണമായതായി വിമർശനമുയർന്നു. രണ്ടിടങ്ങളിലും ഇതു മുന്നണിക്കു പാരയായി. ചടയമംഗലത്തും ചാത്തന്നൂരിലും സ്വന്തം സ്ഥാനാർഥികൾക്കെതിരേ സി.പി.ഐ.ക്കാർതന്നെ പ്രവർത്തിച്ചു. ഇരവിപുരത്ത് എം. നൗഷാദിന് മൂന്നാമൂഴം നൽകിയത് തിരിച്ചടിയായെന്നും വിമർശനമുണ്ടായി.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുയർത്തരുതെന്ന് ഗോവിന്ദൻ

അടിസ്ഥാനരഹിതമായ ആരോപണങ്ങളുയർത്തുന്നത് പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു. പിണറായിയുടെ ഇ.ഡി.കേസുമായി ബന്ധപ്പെട്ട്, പ്രതിനിധികളുടെ വിമർശനത്തിനു മറുപടിയെന്ന രീതിയിലാണ് സെക്രട്ടറി ഇങ്ങനെ പറഞ്ഞത്. പിണറായിക്കെതിരായ കേസ് അടിസ്ഥാനമില്ലാത്തതാണ്. ആദ്യം 1.78 കോടിയുടെ ഇടപാടെന്ന് പറഞ്ഞു. പിന്നീടത് 20 കോടിയാക്കി. ഇത്തരം രാഷ്ട്രീയനാടകങ്ങളെ പാർട്ടി നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു. കേസിന്റെ നാൾവഴി അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.