പത്തനംതിട്ട: തിരുവോണദിനത്തിൽ മദ്യപിച്ച് അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനടയാത്രക്കാരനായ അഗ്നിരക്ഷാസേന മുൻ ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട വലഞ്ചുഴി കോയിക്കൽ കിഴക്കേതിൽ വീട്ടിൽ അബൂബക്കർ (72) ആണ് മരിച്ചത്. അപകടത്തിൽ ഒൻപത് അതിഥിത്തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് കാറോടിച്ച ഓമല്ലൂർ കുഴിമുറിയിൽ പുത്തൻവീട്ടിൽ ജിനുമോനെ (46) പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനഃപൂർവമായ നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും പോലീസ് കേസെടുത്തു.
പത്തനംതിട്ട ടൗൺ സ്ക്വയർ ജങ്ഷനിൽ ബുധനാഴ്ച വൈകീട്ട് 6.35-നായിരുന്നു അപകടം. ടൗണിൽനിന്ന് ഭക്ഷണം വാങ്ങിയശേഷം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അബൂബക്കറിനെ, കുമ്പഴയിൽനിന്നും പത്തനംതിട്ട ടൗണിലേക്ക് അമിതവേഗത്തിൽ വരികയായിരുന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചുവീണ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അതിഥിത്തൊഴിലാളികളായ വിജയ് മണ്ഡൽ (18), അഷ്കുൽ (19), അങ്കിത് (22), സഞ്ജിത്ത് (18), അന്റണീസ് മിഞ്ച് (33) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജൻ (30) എന്നിവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞെത്തിയ പത്തനംതിട്ട അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന മറ്റ് രണ്ട് കാറുകളും ഇടിച്ചുതകർത്തിരുന്നു.
ജിനുമോനോടൊപ്പം കാറിലുണ്ടായിരുന്ന ഓമല്ലൂർ വിശ്വഭവനിൽ വിശ്വജിത്തിനും (24) പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച അബൂബക്കർ പത്തനംതിട്ട അഗ്നിരക്ഷാസേനയിൽ 20 വർഷത്തോളം ഡ്രൈവറായിരുന്നു. റഷീദാ ബീവിയാണ് ഭാര്യ. രഹാന ബക്കർ, സഫാന ബക്കർ എന്നിവർ മക്കളും ഷമീർ മരുമകനുമാണ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ നടക്കും.
Content Highlights: Former fire force personnel died in a drunk driving accident on Thiruvonam day in Pathanamthitta., Nine migrant workers sustained injuries, with several hospitalized in Kottayam Medical College., The accused driver has been arrested by Pathanamthitta police and charged with culpable homicide.
Published: 27 Aug 2026, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented