തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. കോടതി ഉത്തരവ് അനുകൂലമായിട്ടും തനിക്ക് ഈ പദവി ഏറ്റെടുക്കാൻ സാധിക്കുന്നില്ലെന്ന് ഡോ. റീന വ്യക്തമാക്കി. താൻ പദവിയിൽ ഇരുന്നാലും ഇല്ലെങ്കിലും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകണമെന്നും അതിനിടയിൽ ഒരു 'കല്ലുകടിയായി' നിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ ഡിഎച്ച്എസ് ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.

To advertise here,

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ സമയത്ത് താൻ വീഴ്ചവരുത്തിയെന്നും വിവരങ്ങൾ ഒളിച്ചുവെച്ചെന്നുമുള്ള ആരോപണങ്ങളെ ഡോ. റീന നിഷേധിച്ചു. നിപ പരിശോധനാഫലം താൻ അറിഞ്ഞ നിമിഷംതന്നെ ആരോഗ്യ മന്ത്രിയെ ഫോണിൽ വിളിച്ചു വിവരമറിയിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. സിസ്റ്റത്തിൽ ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെന്ന കാര്യം അവർ സമ്മതിച്ചു. മന്ത്രിയുടെ ഓഫീസ് അടക്കമുള്ള ഇരുപതോളം ഉദ്യോഗസ്ഥർക്ക് ഒരേ സമയത്താണ് നിപ റിപ്പോർട്ട് ഇമെയിൽ വഴി ലഭിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.

ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവാദിത്തങ്ങൾ വ്യത്യസ്തമാണെന്നും റീന ചൂണ്ടിക്കാട്ടി. രോഗി പരിചരണവും സാമ്പിൾ ശേഖരണവും മെഡിക്കൽ കോളേജിന്റെ ചുമതലയാണ്. എന്നാൽ, നിപ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ആരോഗ്യവകുപ്പ് നിർവ്വഹിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും ഇതേ ഇമെയിൽ ലഭിച്ചിരുന്നുവെന്നും ഓരോരുത്തർക്കും അവരവരുടേതായ ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.

നിപ പടരുന്ന സമയത്ത് താൻ സജീവമായിരുന്നില്ലെന്ന ആക്ഷേപത്തിനും അവർ മറുപടി നൽകി. പി.എസ്.സി വഴി അഡ്വൈസ് ലഭിച്ച 395 അസിസ്റ്റന്റ് സർജന്മാരെ അടിയന്തരമായി പോസ്റ്റ് ചെയ്യേണ്ട വലിയ ഉത്തരവാദിത്വം ആ സമയത്ത് തനിക്കുണ്ടായിരുന്നു. ആ ദിവസം വൈകിട്ട് 5.10 വരെ താൻ ഈ ജോലിയിൽ വ്യാപൃതയായിരുന്നു. താൻ ഒറ്റയ്ക്കായിരുന്നില്ലെന്നും സെക്ഷൻ ക്ലർക്കും രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരും തന്നോടൊപ്പമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

ജോലിയെ അതീവ ഗൗരവത്തോടെ കാണുന്ന ഉദ്യോഗസ്ഥയാണ് താനെന്നും ഡോ. റീന പറഞ്ഞു. പ്രളയകാലത്തും വയനാട് ദുരന്തസമയത്തും താൻ സജീവമായി ഫീൽഡിൽ ഉണ്ടായിരുന്നു. തന്റെ മകളുടെ വിവാഹത്തിന് വെറും അഞ്ച് ദിവസം മുൻപ് മാത്രമാണ് വയനാട് ദുരന്ത സ്ഥലത്തുനിന്ന് മടങ്ങിവരാൻ സാധിച്ചത്. ഇതുവരെ തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല.

മീഡിയ ബ്രീഫിങിന് നിർദ്ദേശം ലഭിച്ചപ്പോൾത്തന്നെ അതിനായി ആവശ്യമായ റിപ്പോർട്ടുകൾ താൻ തയ്യാറാക്കിയിരുന്നുവെന്ന് അവർ പറഞ്ഞു. ബ്രീഫിങ് നടക്കേണ്ട സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് ഷിഗല്ലയുടെയും മോണോക്ലോണൽ ആന്റിബോഡി ചികിത്സയുടെയും വിവരങ്ങൾ ഫോണിലൂടെ ശേഖരിച്ചത്. തനിക്ക് ലഭിച്ച സ്ലിപ്പിന്റെ വശങ്ങളിൽ ഈ വിവരങ്ങൾ എഴുതിയെടുക്കുകയായിരുന്നു. വേദിയിൽ എത്തിയപ്പോൾ മന്ത്രിയെ കണ്ട് വിവരങ്ങൾ കൈമാറാൻ ശ്രമിച്ചെന്നും അവർ വിശദീകരിച്ചു.

തന്റെ വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നുവെന്ന് പിന്നീട് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും അത്തരം സുപ്രധാനമായ വിവരങ്ങൾ വാട്സാപ്പ് വഴി അയക്കേണ്ടതല്ലെന്നും നേരിട്ട് വിളിച്ച് അറിയിക്കേണ്ടതാണെന്നും അവർ പറഞ്ഞു. പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് മീഡിയയ്ക്ക് നൽകാനുള്ള പ്രസ് റിലീസിൽ അത് ഉൾപ്പെടുത്താഞ്ഞതെന്ന് താൻ അഡീഷണൽ ഡയറക്ടറോട് ചോദിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. തനിക്ക് ഡിഎച്ച്എസ് ആയി ചാർജ് എടുക്കാൻ സാധിച്ചിരുന്നെങ്കിൽ ഈ കാര്യങ്ങളിൽ കൂടുതൽ വ്യക്തത തേടുമായിരുന്നുവെന്ന് അവർ വ്യക്തമാക്കി.

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച ചുമതല ഏൽക്കാനെത്തിയപ്പോൾ പകരം ചുമതല നൽകിയിരുന്ന ഡോ. മീനാക്ഷി കസേര വിട്ടുനൽകിയില്ല. ഇതേത്തുടർന്ന് നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. തുടർന്നാണ് ശനിയാഴ്ചയും റീന സ്ഥാനമേറ്റെടുക്കാൻ ഓഫീസിലെത്തിയത്.