കൊല്ലം: സർക്കാർ ആശുപത്രികളിലെ അത്യാഹിതവിഭാഗത്തിൽ ഗുരുതരനിലയിൽ എത്തുന്നവർക്ക് അടിയന്തരചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികൾ വൈകുന്നു.
തിരക്കേറിയ സമയങ്ങളിൽ അത്യാഹിതവിഭാഗത്തിൽ രണ്ട് ഡോക്ടർമാരെ നിയമിക്കുമെന്നും ഗുരുതരനിലയിലുള്ളവർക്ക് മുൻഗണന നൽകി ഉടനടി ചികിത്സയുറപ്പാക്കാൻ ‘ട്രയാജ്’ സംവിധാനം നടപ്പാക്കുമെന്നുമുള്ള വാഗ്‌ദാനങ്ങൾ നടപ്പായിട്ടില്ല. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി മരിക്കാനിടയായ സംഭവം വിവാദമായതോടെ, പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും രംഗത്തെത്തി.
ആശുപത്രികളിൽ ഉച്ചയ്ക്കുശേഷം അത്യാഹിതവിഭാഗത്തിൽ ചികിത്സതേടുന്നവരിൽ ഭൂരിഭാഗവും നിസ്സാര ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്നവരാണെന്നും ഇവർക്ക് ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ ചികിത്സ മതിയാകുമെന്നുമാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കൂടുതൽ പേർ എത്തുന്നത് അത്യാഹിതവിഭാഗത്തിൽ അനിയന്ത്രിതമായ തിരക്കിന് ഇടയാക്കുന്നു.
സംസ്ഥാനത്തെ താലൂക്ക്-ജില്ലാ ആശുപത്രികളിൽ കൂടുതലിടത്തും അത്യാഹിതവിഭാഗത്തിൽ വൈകുന്നേരങ്ങളിൽ ഒരു ഡോക്ടർ മാത്രമാണ് ഉണ്ടാകുക. പോലീസ് അറസ്റ്റുചെയ്ത് വൈദ്യപരിശോധനയ്ക്കായി ഒട്ടേറെപ്പേരെ ഈ സമയത്ത് കൊണ്ടുവരാറുണ്ട്.
പ്രതികളെ പരിശോധിക്കാനും റിപ്പോർട്ട് തയ്യാറാക്കാനും പലപ്പോഴും അരമണിക്കൂറിലധികം വേണ്ടിവരും. അപകടം, ഹൃദ്രോഗബാധ തുടങ്ങി അടിയന്തരചികിത്സ ആവശ്യമുള്ളവർ അത്യാഹിതവിഭാഗത്തിൽ കാത്തിരിക്കേണ്ടിവരും.
ഒരു ഡോക്ടർതന്നെ ഇതെല്ലാം കൈകാര്യംചെയ്യേണ്ടിവരുന്ന അവസ്ഥയാണിപ്പോൾ. അത്യാഹിതവിഭാഗത്തിൽ, തിരക്കുള്ള സമയങ്ങളിൽ രണ്ട് ഡോക്ടർമാരെ നിയമിക്കാമെന്ന് സർക്കാർ കെ.ജി.എം.ഒ.എ. ഭാരവാഹികൾക്ക് ജനുവരിയിൽ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ മാസങ്ങളായിട്ടും ഇത് നടപ്പായിട്ടില്ല.
പരിശീലനം ലഭിച്ച നഴ്‌സുമാർ രോഗികളുടെ അവസ്ഥ വിലയിരുത്തി, ചികിത്സയ്ക്ക് എത്തിക്കുന്ന ട്രയാജ് സംവിധാനം ഒരുക്കാൻ ആറുവർഷംമുൻപ് നടപടി ആരംഭിച്ചതാണ്. എന്നാൽ പാലക്കാട്, കൊല്ലം ജില്ലാ ആശുപത്രികൾ, എറണാകുളം ജനറൽ ആശുപത്രി തുടങ്ങി ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. താലൂക്ക്-ജില്ലാ ആശുപത്രികളിൽ 90 ശതമാനം സ്ഥലങ്ങളിലും ട്രയാജ് ഏർപ്പെടുത്താനായിട്ടില്ല.
ഉടൻ നടപ്പാക്കണം
ഗുരുതരാവസ്ഥയിൽ എത്തിക്കുന്നവർക്ക് പെട്ടെന്ന് ചികിത്സയുറപ്പാക്കാൻ കഴിയുന്ന ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കാൻ സർക്കാർ ഇടപെടണം.
ഡോ. പി.കെ. സുനിൽ
കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ്
Content Highlights: Emergency departments in Kerala hospitals face severe overcrowding due to non-critical patients., The government failed to fulfill the promise of appointing two doctors during peak hours., The Triage system remains unimplemented in 90% of district and taluk hospitals.
Published: 13 Jul 2026, 08:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented